ADVERTISEMENT

കേപ്ടൗൺ∙ ഒന്നാം ഇന്നിങ്സിൽ 615 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ ഫോളോഓൺ വഴങ്ങി 194 റൺസിന് ഓൾഔട്ടാവുക. 421 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങി ഓപ്പണിങ് വിക്കറ്റിൽത്തന്നെ ഇരട്ടസെഞ്ചറി കൂട്ടുകെട്ടു തീർക്കുക – രാജ്യാന്തര ക്രിക്കറ്റിൽ ഇത്തരമൊരു അപ്രവചനീയത ഒരുപക്ഷേ, പാക്കിസ്ഥാനു മാത്രം അവകാശപ്പെട്ടതായിരിക്കും. കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ.

ഇരട്ടസെഞ്ചറി കൂട്ടുകെട്ടിനു പിന്നാലെ ബാബർ അസമാണ് (81) പുറത്തായത്. 124 പന്തിൽ 10 ഫോറുകൾ സഹിതം 81 റൺസെടുത്ത് മാർക്കോ യാൻസന്റെ പന്തിൽ ബെഡിങ്ങാമിനു ക്യാച്ച് സമ്മാനിച്ചാണ് ബാബർ അസം പുറത്തായത്. സെഞ്ചറിയുമായി ഷാൻ മസൂദ് (102), ഖുറാം ഷഹ്സാദ് (എട്ട്) എന്നിവർ ക്രീസിൽ. ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ ഇപ്പോഴും 208 റൺസ് പിന്നിൽ. 

ഓപ്പണിങ് വിക്കറ്റിൽ 46.2 ഓവർ ക്രീസിൽ നിന്നാണ് ഷാൻ മസൂദ് – ബാബർ അസം സഖ്യം ഇരട്ടസെഞ്ചറി കൂട്ടുകെട്ട് (205) തീർത്തത്. ഫോളോഓൺ ചെയ്യുമ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഓപ്പണിങ് വിക്കറ്റിൽ ഇരട്ടസെഞ്ചറി കൂട്ടുകെട്ട് തീർക്കുന്നത് ഇത് ആദ്യം. മാത്രമല്ല, ഫോളോ ഓൺ ചെയ്യുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽത്തന്നെ ഒരു ടീം ഓപ്പണിങ് വിക്കറ്റിൽ നേടുന്ന ഉയർന്ന സ്കോർ കൂടിയാണ് പാക്കിസ്ഥാന്റെ 205 റൺസ്.

പാക്കിസ്ഥാനെ സംബന്ധിച്ച് ഫോളോഓണിൽ െസഞ്ചറി കൂട്ടുകെട്ടു പോലും പിറക്കുന്നത് ഇതു രണ്ടാം തവണ മാത്രം. 1958ൽ വെസ്റ്റിൻഡീസിനെതിരെ ബ്രിജ്ടൗണിൽ ഹനീഫ് മുഹമ്മദ് – ഇംത്യാസ് അഹമ്മദ് എന്നിവർ 152 റൺസെടുത്തതാണ് ഇതിനു മുൻപത്തെ സെഞ്ചറി കൂട്ടുകെട്ട്.

അന്ന് ഹനീഫ് മുഹമ്മദ് 337 റൺസെടുത്ത്, ഫോളോഓൺ ചെയ്യുമ്പോൾ നേടുന്ന ചരിത്രത്തിലെ ഏക ട്രിപ്പിൾ സെഞ്ചറി സ്വന്തമാക്കിയിരുന്നു. 970 മിനിറ്റ് ക്രീസിൽനിന്ന് നേടിയ 337 റൺസ്, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്നിങ്സാണ്. 319 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 657 റൺസെടുത്ത് പാക്കിസ്ഥാൻ മത്സരം സമനിലയിലാക്കി. ഓവറിന്റെ കണക്കിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും സുദീർഘമായ രണ്ടാമത്തെ ഇന്നിങ്സായിരുന്നു ഇത്.

നേരത്തേ, ഒന്നാം ഇന്നിങ്സിലും അർധസെഞ്ചറി നേടി ബാബർ അസം തിളങ്ങിയെങ്കിലും മറ്റു താരങ്ങൾ നിരാശപ്പെടുത്തിയതോടെയാണ് പാക്കിസ്ഥാൻ 194 റൺസിനു പുറത്തായി ഫോളോഓൺ വഴങ്ങിയത്. 127 പന്തിൽ ഏഴു ഫോറുകൾ സഹിതം 58 റൺസെടുത്താണ് അസം പുറത്തായത്. മുഹമ്മദ് റിസ്‌വാൻ 82 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 46 റൺസുമെടുത്തു.  മൂന്നു വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദ, രണ്ടു വിക്കറ്റ് വീതം നേടിയ ക്വേന എംഫാക, കേശവ് മഹാരാജ്, ഓരോ വിക്കറ്റെടുത്ത മാർക്കോ യാൻസൻ, വിയാൻ മുൾഡർ എന്നിവർ ചേർന്നാണ് പാക്കിസ്ഥാനെ 194ൽ തളച്ചത്.

ഒന്നാം ഇന്നിങ്സിൽ ഓപ്പണർ റയാൻ റിക്കിൾട്ടന്റെ ഇരട്ടസെഞ്ചറിയും ക്യാപ്റ്റൻ തെംബ ബാവുമ, വിക്കറ്റ് കീപ്പർ വെരെയ്ൻ എന്നിവരുടെ സെഞ്ചറികളും ചേർന്നതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ കുറിച്ചത്. റിക്കിൾട്ടൻ 343 പന്തിൽ 29 ഫോറും മൂന്നു സിക്സും സഹിതം 259 റൺസെടുത്തു. ബാവുമ 179 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 106 റൺസെടുത്തും വെരെയ്ൻ 147 പന്തിൽ ഒ‍ൻപതു ഫോറും അഞ്ച് സിക്സും സഹിതം 100 റൺസെടുത്തും പുറത്തായി. യാൻസൻ 54 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 62 റൺസെടുത്തു.

English Summary:

Shan Masood, Babar Azam register new record for Pakistan against South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT