3 ടീമിനെ കളത്തിലിറക്കാൻ ആളുണ്ട്, പക്ഷേ കളിക്കാൻ ‘മെയിൻ’ താരങ്ങൾ മാത്രം; ടീം ഇന്ത്യയുടെ അവസ്ഥ!
Mail This Article
2022 ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ തിരഞ്ഞെടുക്കാൻ ക്യാപ്റ്റൻ ജോസ് ബട്‌ലറും സിലക്‌ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ ചൂടേറിയ ചർച്ച നടക്കുന്നു. ഫോമിലുള്ള താരങ്ങളെ എടുത്താൽ 11 പേർ പോലും തികച്ചില്ലെന്നതാണ് പ്രശ്നം. ഇതിനിടെ, മുൻതാരം കൂടിയായ സിലക്‌ഷൻ കമ്മിറ്റി അംഗം ഡാരൻ ഗോഫിന്റെ കമന്റ്– ‘ഇത് ഇന്ത്യൻ ടീമായിരുന്നെങ്കിൽ 3 ലോകോത്തര ടീം ഇറക്കാനുള്ളത്ര താരങ്ങളെ നമുക്കു കിട്ടിയേനെ...
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് നേരിടുന്ന ഏറ്റവും വലിയ അനുഗ്രഹവും ശാപവും ഈ പ്രതിഭാ ധാരാളിത്തമാണ്! 3 ഫോർമാറ്റിനും വ്യത്യസ്ത ടീം ഇറക്കിയാലും തീരാത്തത്ര താരങ്ങൾ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലുണ്ട്. ഇവരിൽ ചിലർക്കെങ്കിലും അവസരം ലഭിച്ചിരുന്നെങ്കിൽ ബോർഡർ– ഗാവസ്കർ ട്രോഫി ഇന്ത്യയ്ക്കു നഷ്ടപ്പെടില്ലായിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്.
യുവതാരങ്ങൾ വരട്ടെ
രോഹിത് ശർമയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കുമോ എന്ന ചോദ്യത്തിന് ‘അവരുടെ ഭാവി അവർ തീരുമാനിക്കട്ടെ’ എന്നായിരുന്നു കോച്ച് ഗൗതം ഗംഭീറിന്റെ മറുപടി. ഫോം ഔട്ടിൽ നിൽക്കുമ്പോഴും ‘ഭാവി’ തീരുമാനിക്കാനുള്ള അവകാശം താരങ്ങൾക്കു വിട്ടുനൽകുന്ന പരിശീലകന്റെ തീരുമാനത്തെ പലരും വിമർശിച്ചു കഴിഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ മികവു കാട്ടിയ ഒട്ടേറെ താരങ്ങൾ ഇവർക്കു പകരം അവസരം കാത്ത് പുറത്തുനിൽക്കുന്നു. അഭിമന്യു ഈശ്വരൻ, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, സഞ്ജു സാംസൺ, സച്ചിൻ ബേബി, റിക്കി ഭുയി തുടങ്ങിയവരുടെ ലിസ്റ്റ് നീളുന്നു. ഇതിൽ സർഫറാസ് ഖാനും അഭിമന്യു ഈശ്വരനും ഓസ്ട്രേലിയയ്ക്കെതിരായ ടീമിലുണ്ടായിരുന്നിട്ടും അവസരം ലഭിച്ചില്ല. ധ്രുവ് ജുറേലിനെ ആദ്യ മത്സരത്തിനു ശേഷം തഴഞ്ഞു, സഞ്ജു മുതൽ റിക്കി ഭുയി വരെയുള്ള താരങ്ങളെ ടെസ്റ്റ് ടീമിലേക്കു പരിഗണിച്ചുമില്ല.
ബോളിങ്ങിലും ഈ വൈരുധ്യം കാണാം. ആർ.അശ്വിനു പകരം ടീമിലെത്തിയ തനുഷ് കോട്ടിയാന് ഒരു അവസരം പോലും നൽകിയില്ല. പേസർമാരിൽ ആഭ്യന്തര ക്രിക്കറ്റിൽ കാര്യമായ പരിചയസമ്പത്തില്ലാത്ത ഹർഷിത് റാണയ്ക്ക് അവസരം നൽകിയപ്പോൾ നവ്ദീപ് സെയ്നി, ഷാർദൂൽ ഠാക്കൂർ, ജയ്ദേവ് ഉനദ്കട്ട്, ഖലീൽ അഹമ്മദ് തുടങ്ങിയ പേസർമാരെ റിസർവ് ടീമിൽ പോലും ഉൾപ്പെടുത്തിയില്ല. ഓൾറൗണ്ടർമാരായ വാഷിങ്ടൻ സുന്ദറും രവീന്ദ്ര ജഡേജയും ബാറ്ററുടെ റോളിൽ ഒതുങ്ങിയപ്പോൾ മറ്റൊരു സ്പിന്നർക്ക് അവസരം നൽകാൻ സിലക്ടർമാർ തയാറായില്ല.
സച്ചിൻ മുതൽ സച്ചിൻ വരെ
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇന്നും സച്ചിൻ തെൻഡുൽക്കറുടെ പേരിലാണ്. 1989ൽ ആദ്യ ടെസ്റ്റ് കളിക്കുമ്പോൾ 16 വയസ്സും 205 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികവു തെളിയിച്ച്, ദേശീയ ടീമിൽ അവസരത്തിനായി കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബിക്ക് ഇപ്പോൾ 36 വയസ്സാണ് പ്രായം. സിലക്ടർമാർ ‘കനിഞ്ഞാൽ’ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായമേറിയ താരങ്ങളിൽ ഒരാളായി സച്ചിൻ ബേബി മാറും.
ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികവു തെളിയിച്ചിട്ടും ദേശീയ ടീമിൽ അവസരം ലഭിക്കാത്ത താരങ്ങളിൽ പ്രധാനിയാണ് സച്ചിൻ ബേബി. മുപ്പതുകഴിഞ്ഞു എന്ന ഒറ്റ മാനദണ്ഡം വച്ചാണ് സച്ചിൻ ബേബി ഉൾപ്പെടെ പല താരങ്ങളെയും ദേശീയ ടീമിന് പുറത്തുനിർത്തുന്നത്.
ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയെ എറിഞ്ഞിട്ട സ്കോട് ബോളണ്ട് ഓസ്ട്രേലിയൻ ടീമിൽ അരങ്ങേറിയത് മുപ്പത്തിരണ്ടാം വയസ്സിലാണ്. ഇതേ പരമ്പരയിലൂടെ അരങ്ങേറ്റം കുറിക്കുമ്പോൾ ഓൾറൗണ്ടർ ബോ വെബ്സ്റ്ററിന് പ്രായം 31. ഇത്തരത്തിൽ പ്രായത്തിനു പകരം കഴിവ് മാനദണ്ഡമാക്കിയ ഉദാഹരണങ്ങൾ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ടീമുകളിൽ ഇനിയുമുണ്ട്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ മാത്രം ഇപ്പോഴും പ്രായം ഒരു മാനദണ്ഡമായി നിലനിൽക്കുന്നു.