ലൗറ്റാരോ മാർട്ടിനസിന്റെ ഗോളിൽ അർജന്റീന കോപ്പ അമേരിക്ക ജേതാക്കൾ; ‘ലൗ’താരോത്സവം!
Mail This Article
മയാമി ∙ അർജന്റീനയുടെ എല്ലാ കിരീടനേട്ടങ്ങളിലും ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കഥ കൂടിയുണ്ട്. ഇത്തവണ അതിനുള്ള ഊഴം ലൗറ്റാരോ മാർട്ടിനസിനായിരുന്നു. യൂലിയൻ അൽവാരസ് വന്നതോടെ അർജന്റീനയുടെ ഒന്നാം നമ്പർ സ്ട്രൈക്കർ സ്ഥാനം കൈവിട്ടു പോയ ലൗറ്റാരോയുടെ തിരിച്ചുവരവാണ് ഇന്നലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ കണ്ടത്. എക്സ്ട്രാ ടൈമിൽ അൽവാരസിനു പകരക്കാരനായി ഇറങ്ങിയ ഇന്റർ മിലാൻ താരത്തിന്റെ അധ്വാനം ഫലം കണ്ടത് 112–ാം മിനിറ്റിൽ. അത് അർജന്റീന ആരാധകർക്ക് അത്യാഹ്ലാദത്തിനുള്ള ഗോളായി.
ആരാധകരുടെ തള്ളിക്കയറ്റം മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ, ഇരുടീമിന്റെയും പ്രതിരോധനിര പരുക്കനായി മുന്നേറ്റങ്ങളെ പ്രതിരോധിച്ചതോടെ നിശ്ചിത സമയത്ത് ഗോൾ അകന്നു നിന്നു. 7–ാം മിനിറ്റിൽ ജോൺ കോർഡോബയുടെ ഷോട്ട് പോസ്റ്റിലിടിച്ചതാണ് കൊളംബിയയ്ക്കു കിട്ടിയ ആദ്യ അവസരം. ജെഫേഴ്സൻ ലെർമ, റിച്ചഡ് റിയോ എന്നിവരുടെ ലോങ്റേഞ്ച് ശ്രമങ്ങൾ അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസ് രക്ഷപ്പെടുത്തുകയും ചെയ്തു.
36–ാം മിനിറ്റിൽ ഷോട്ടിനു ശ്രമിക്കുന്നതിനിടെ കൊളംബിയൻ താരത്തിന്റെ ടാക്ലിങ്ങിൽ വീണ മെസ്സി വൈദ്യസഹായം തേടിയശേഷം മത്സരം തുടർന്നു. എന്നാൽ രണ്ടാം പകുതിയിൽ വീണ്ടും പരുക്കേറ്റു വീണതോടെ മൈതാനം വിട്ടു. 75–ാം മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോ കൊളംബിയൻ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് ആയി. 88–ാം മിനിറ്റിൽ ഹെഡറിലൂടെ നിക്കോളാസ് ഗോൺസാലസ് ഒരുക്കി നൽകിയ അവസരം മുതലെടുക്കാൻ അൽവാരസിനുമായില്ല.
എക്സ്ട്രാ ടൈമിൽ വിജയഗോൾ നേടണമെന്ന ആവേശത്തോടെ ഇരുടീമും കളിച്ചതോടെ കളി ആവേശകരമായി. 95–ാം മിനിറ്റിൽ ഗോൺസാലസിന്റെ ഒരു ഷോട്ട് കഷ്ടിച്ചു സേവ് ചെയ്ത് വർഗാസ് കൊളംബിയയെ കാത്തെങ്കിലും ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. 112–ാം മിനിറ്റിൽ ലൗറ്റാരോയുടെ ഷോട്ടിനു മുന്നിൽ വർഗാസ് നിസ്സഹായനായതോടെ കൊളംബിയയുടെ 28 മത്സരങ്ങൾ നീണ്ട അപരാജിത പരമ്പരയ്ക്കും അവസാനം.
സമ്മാനത്തുക
അർജന്റീന
16 മില്യൻ ഡോളർ (ഏകദേശം 133 കോടി രൂപ)
കൊളംബിയ
7 മില്യൻ ഡോളർ (ഏകദേശം 58 കോടി രൂപ)