തുടർച്ചയായ രണ്ടാം യൂറോ ഫൈനലിലും ട്രോഫി കൈവിട്ട് ഇംഗ്ലണ്ട് ടീം; ട്രോഫിയില്ലാത്ത വീട് !
Mail This Article
ഗാരി ലിനേക്കർ പേടിച്ചതുതന്നെ സംഭവിച്ചു, ഇറ്റ്്സ് നോട്ട് കമിങ് ഹോം! ഇംഗ്ലിഷ് ആരാധകർ മുറജപം പോലെ ഉരുവിടുന്ന ‘ഇറ്റ്സ് കമിങ് ഹോം’ ആരവം ദൗർഭാഗ്യത്തിന്റെ തീപ്പന്താണെന്നാണു ബർലിനിലെ കലാശപ്പോരാട്ടത്തിനു മുൻപായി ലിനേക്കർ പറയാതെ പറഞ്ഞത്. ആ വാക്കുകൾ സത്യമായി ഭവിച്ചു. യൂറോപ്പിന്റെ കിരീടത്തിലെ ആദ്യ മുത്തമെന്ന മോഹം കപ്പിനും ചുണ്ടിനുമിടയിൽ ഒരു വട്ടംകൂടി ഇംഗ്ലണ്ടിൽ നിന്ന് അകന്നുമാറി. മൂന്നു വർഷങ്ങൾക്കു മുൻപ് വെംബ്ലിയിൽ സ്വന്തം മണ്ണിന്റെ ചൂടിൽ, സ്വന്തം കാണികളുടെ മുന്നിൽ വീണതിന്റെ തനിയാവർത്തനം പോലൊരു തിരിച്ചടി. അന്ന് ഇറ്റാലിയൻ നവോത്ഥാനമായിരുന്നുവെങ്കിൽ ഇന്നു സ്പെയിനിന്റെ യുവതാര വിപ്ലവം.
വീണത് ഇംഗ്ലണ്ടാകുമ്പോൾ ആ വീഴ്ചയ്ക്കു കനമേറും. കാത്തിരിപ്പിന്റെ ദൈർഘ്യം തന്നെ കാരണം. ക്ലബ് ഫുട്ബോളിന്റെ ഈറ്റില്ലമായിട്ടും ഇംഗ്ലണ്ട് വെള്ളക്കുപ്പായത്തിൽ ഒരു ട്രോഫി ചേർത്തുവച്ചിട്ട് 6 പതിറ്റാണ്ടാവുകയാണ്. അന്നും ഇന്നും ഇംഗ്ലണ്ടിനു പറയാൻ 1966ലെ ലോകകപ്പ് ജയം മാത്രം. ലോകത്തേറ്റവും പ്രബലരായ പ്രഫഷനൽ ക്ലബ്ബുകൾ, ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങൾ, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന കോടിക്കണക്കിന് ആരാധകർ, ഫുട്‌ബോൾ വിപണനത്തിന്റെ രസതന്ത്രമറിഞ്ഞ കളിക്കളങ്ങൾ-ഇതെല്ലാം ചേരുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗെന്ന വൻമരം ഉയർന്നുനിൽക്കുന്ന മണ്ണിലാണ് ഈ കിരീടവരൾച്ച എന്നുകൂടി പറയുമ്പോഴേ വീഴ്ചയുടെ ആഴവും അഴലും വ്യക്തമാകൂ.
നല്ല ക്ലബ്ബുകൾ നല്ല കളിക്കാരെ സൃഷ്‌ടിക്കും. പക്ഷേ, നല്ലൊരു ദേശീയ ടീമിനെ സൃഷ്‌ടിക്കില്ലെന്ന പാഠം വൈകിയാണെങ്കിലും ഇംഗ്ലണ്ട് പഠിച്ചെന്നു തെളിയിക്കുന്നുമുണ്ട് ഈ യൂറോ. ചാംപ്യൻസ് ലീഗിന്റെ ഫൈനലിൽ ഇംഗ്ലിഷ് ക്ലബ്ബുകൾ ഏറ്റുമുട്ടിയ വർഷം പോലും ഇംഗ്ലണ്ടിനു യൂറോ കപ്പ് യോഗ്യത അകന്നു പോയിട്ടുണ്ട്. ഇന്നാ കഥ മാറി. ഡേവിഡ് ബെക്കാമും വെയ്ൻ റൂണിയും സ്റ്റീവൻ ജെറാർദും ഫ്രാങ്ക് ലാംപാഡുമെല്ലാം ശ്രമിച്ചിട്ടു നടക്കാതെപോയതാണ് ഇംഗ്ലണ്ടിനു സാധ്യമായത്. തുടർച്ചയായി രണ്ടു യൂറോ ഫൈനലുകൾ. ജൂഡ് ബെലിങ്ങാമും ബുകായോ സാക്കയും ഫിൽ ഫോഡനും കോൾ പാമറും പോലുള്ള യുവരത്നങ്ങളാൽ െവട്ടിത്തിളങ്ങുകയാണു ഹാരി കെയ്ൻ എന്ന ഷാർപ്പ് ഷൂട്ടറുടെ ഇംഗ്ലിഷ് പട. പക്ഷേ, കിരീടം തൊട്ടൊരു കളമിറക്കം ഇന്നും പിടിതരാത്ത സ്വപ്നം.
ഇതിഹാസ താരം ലിനേക്കർ വിശേഷിപ്പിച്ചതുപോലെ ദൗർഭാഗ്യത്തിന്റെ വെണ്ണീരിൽ വീണ ഇംഗ്ലിഷ് നിരയിൽ ഏറ്റവുമധികം പൊള്ളലേറ്റൊരാൾ ഗാരെത് സൗത്ത്ഗേറ്റ് ആകും. യൂറോയിൽ ഇരട്ട ഫൈനലും ലോകകപ്പിന്റെ സെമിഫൈനലും നേട്ടങ്ങളായി നിരന്നിട്ടും ഇംഗ്ലണ്ടുകാർ ഇനിയും കയ്യടിക്കാൻ മടിക്കുന്ന അവരുടെ പരിശീലകൻ. കാൽനൂറ്റാണ്ടു മുൻപൊരു യൂറോയിൽ ജർമനിക്കെതിരെ പെനൽറ്റി പാഴാക്കി ദൗർഭാഗ്യത്തിന്റെ ആൾരൂപമായ കളിക്കാരനുമാണു സൗത്ത്ഗേറ്റ്. വീണ്ടുമൊരു ജർമൻ ദുരന്തത്തിൽ പതറി നിൽക്കുമ്പോൾ സൗത്ത്ഗേറ്റിന്റെ മനസ്സിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നിരിക്കും: ഇറ്റ്സ് നെവർ കമിങ് ഹോം?