മെസ്സിയുടെ ഇതിഹാസചിത്രം പൂർത്തിയാക്കിയ കൂട്ടുകാരൻ, എയ്ഞ്ചൽ ഡി മരിയ; റൊസാരിയോയിലെ രണ്ടു കുട്ടികൾ!
Mail This Article
ഒരു ജിഗ്സോ പസിലിലെ അവസാന കഷ്ണം മാത്രം കളഞ്ഞു പോയ കുട്ടിയെപ്പോലെ ലയണൽ മെസ്സി കിരീടങ്ങൾക്കു വേണ്ടി കാത്തിരുന്നപ്പോൾ അതു തിരഞ്ഞുപിടിച്ചു നൽകിയ കൂട്ടുകാരനാണ് എയ്ഞ്ചൽ ഡി മരിയ. താൻ നേടിയ ഗോളുകളിൽ മെസ്സി ഇതിഹാസചിത്രം പൂർത്തിയാക്കുന്നത് കണ്ട് അഭിമാനത്തോടെ ഡി മരിയ പറഞ്ഞു– ‘‘മെസ്സിക്കൊപ്പം കളിക്കാനായത് എന്റെ ഭാഗ്യമാണ്..’’.
ഒടുവിൽ ഒന്നിച്ചു കളിച്ച 17 വർഷങ്ങൾക്കു ശേഷം ഡി മരിയ അർജന്റീന ജഴ്സി അഴിച്ചു വയ്ക്കാൻ തീരുമാനിച്ചപ്പോൾ മെസ്സി സഹതാരങ്ങളോടു പറഞ്ഞു: ‘‘ഈ കോപ്പ നമുക്കു നേടണം; ഡി മരിയയ്ക്കു വേണ്ടി..’. ലൗറ്റാരോ മാർട്ടിനസും സംഘവും അത് അക്ഷരാർഥത്തിൽ അനുസരിച്ചു. വിജയശേഷം ‘റൊസാരിയോയിലെ ആ രണ്ടു കുട്ടികൾ’ അർജന്റീന ജഴ്സിയിൽ അവസാനമായി കെട്ടിപ്പുണർന്നു.
മെസ്സി എന്ന ചോദ്യത്തിന് ഉത്തരമെഴുതാൻ തയാറെടുത്തു വന്ന എതിർ ടീമുകൾക്കു മുന്നിൽ ഉത്തരമില്ലാത്ത ഒരു സമസ്യയായി ഡി മരിയ അവതരിച്ചിട്ടുണ്ട്– പലവട്ടം! 2008 ബെയ്ജിങ് ഒളിംപിക്സ് ഫുട്ബോളിൽ അർജന്റീന സ്വർണം നേടിയപ്പോൾ നൈജീരിയയ്ക്കെതിരെ ഫൈനലിൽ വിജയഗോൾ നേടിയത് ഡി മരിയയാണ്. 2021ൽ, ഒരു ലോകകപ്പ് ഫൈനൽ തോൽവിയുടെയും രണ്ട് കോപ്പ അമേരിക്ക ഫൈനൽ തോൽവികളുടെയും വേദനയുമായി അർജന്റീന
വീണ്ടും കോപ്പ ഫൈനലിലെത്തിയപ്പോൾ അർജന്റീന ആരാധകർ കണ്ണുനട്ട് നോക്കിയിരുന്നതും ബ്രസീൽ ടീം കണ്ണുപൂട്ടാതെ നോക്കിയിരുന്നതും മെസ്സിയെയാണ്. എന്നാൽ അത്തവണയും വിജയഗോൾ ഡി മരിയയുടെ കാലുകളിലൂടെ തന്നെ.
യൂറോ–കോപ്പ വിജയികൾ തമ്മിലുള്ള ഫൈനലിസിമയിൽ ഇറ്റലിക്കെതിരെയും ഗോളടിച്ച് അർജന്റീനയുടെ വിജയശിൽപിയായ ഡി മരിയയ്ക്കു മുന്നിൽ പിന്നെ ബാക്കിയുണ്ടായിരുന്നത് ലോകകപ്പ്. ഫ്രാൻസിനെതിരെ ഫൈനലിൽ, ഇടതുവിങ്ങിൽ പന്തിനെയും ഡിഫൻഡർമാരെയും ഒരു പോലെ വലിച്ചു പാഞ്ഞ ഡി മരിയയുടെ മിന്നലാട്ടത്തിനു മുന്നിൽ എതിരാളികൾ പതറി. ആദ്യ ഗോളിനു വഴിയൊരുക്കിയ പെനൽറ്റി നേടിയെടുത്ത ഡി മരിയ രണ്ടാം ഗോൾ നേടുകയും ചെയ്തു.
അർജന്റീനയിലെ റൊസാരിയോ നഗരം ലോകത്തിനു നൽകിയ ഏറ്റവും പ്രശസ്തരിൽ ഡി മരിയ രണ്ടാമനായതിനു കാരണം മെസ്സിയും അവിടെയാണ് ജനിച്ചത് എന്നതു കൊണ്ടു മാത്രമാണ്.
മെസ്സി റൊസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സിലൂടെ കളി തുടങ്ങിയപ്പോൾ അപ്പുറം റൊസാരിയോ സെൻട്രൽ ആയിരുന്നു ഡി മരിയയുടെ കളരി. തങ്ങൾക്കു മുൻപേ റോറിറ്റോ ക്ലബ്ബുമായി കരാറിലായ കൊച്ചുപയ്യനെ സ്വന്തമാക്കാൻ സെൻട്രൽ ക്ലബ് റോറിറ്റോയ്ക്കു നഷ്ടപരിഹാരം നൽകിയത് 35 പന്തുകളാണ്!
ആ മൂല്യത്തിൽ നിന്നാണ് പിന്നീട് ബെൻഫിക്കയിലൂടെയും റയൽ മഡ്രിഡിലൂടെയും മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെയും പിഎസ്ജിയിലൂടെയും യുവന്റസിലൂടെയും സഞ്ചരിച്ച് ഡി മരിയ ക്ലബ് ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോളർമാരിലൊരാളായത്. കരിയറിൽ ഒരു മൈതാനവട്ടം പൂർത്തിയാക്കിയ ഡി മരിയ ഇപ്പോൾ കളിക്കുന്നത് പോർച്ചുഗലിലെ ബെൻഫിക്കയ്ക്കു വേണ്ടി തന്നെ.
അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബിൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി ഡി മരിയയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് വാർത്തകൾ. അതു യാഥാർഥ്യമായാൽ ‘റൊസാരിയോയിലെ ഈ കുട്ടികൾ’ ഇനിയും ഒന്നിച്ചു യാത്ര തുടരും.