ADVERTISEMENT

ബർലിൻ ∙ ലമീൻ യമാലും നിക്കോ വില്യംസും ഡാനി ഒൽമോയും മാത്രമല്ല, സ്പെയിൻ ടീം ഒന്നാകെയാണു താരം! യൂറോ കപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെ 2–1നു തോൽപിച്ച് ചാംപ്യന്മാരായ സ്പാനിഷ് ടീം ലോകത്തെ അമ്പരപ്പിച്ചത് അവരുടെ സംഘശക്തികൊണ്ടും ടീം മികവുകൊണ്ടുമാണ്. ഫസ്റ്റ് ഇലവൻ മുതൽ അവസാനം സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത താരങ്ങൾ വരെ സ്പെയിൻ കോച്ച് ലൂയിസ് ഡെ ലാ ഫുവന്തെയുടെ ഗെയിം പ്ലാൻ വിജയകരമായി നടപ്പാക്കി.

ബർലിനിലെ ഒളിംപിയ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, 47–ാം മിനിറ്റിൽ നിക്കോ വില്യംസിന്റെ ഗോളിൽ ലീഡ് നേടിയ സ്പെയിനെതിരെ 73–ാം മിനിറ്റിൽ പകരക്കാരൻ കോൾ പാമർ ഇംഗ്ലണ്ടിനായി ഗോൾ മടക്കി. കളി തീരാൻ 4 മിനിറ്റുള്ളപ്പോൾ പകരക്കാരൻ മിക്കൽ ഒയർസബാൽ വിജയഗോൾ കുറിച്ച് സ്പെയിനെ നാലാം യൂറോ കപ്പ് വിജയത്തിന്റെ ആഹ്ലാദാരവങ്ങളിലേക്ക് എടുത്തുയർത്തി. ഈ യൂറോയിൽ ഗോൾ നേടുന്ന പത്താമത്തെ സ്പെയിൻ താരമാണ് ഒയർസബാൽ. ടീം ആകെ നേടിയ 15 ഗോളുകൾ വന്നതു പത്തു പേരിൽനിന്ന്. ഈ വൈവിധ്യമാണ് ‌സ്പെയിനിനു  കരുത്തായത്.

ക്വാർട്ടർ ഫൈനലിൽ ജർമനിയെ  2–1നു തോൽപിച്ച കളിയിൽ പകരക്കാരനായി ഇറങ്ങിയ മിക്കൽ മെറിനോയാണ് വിജയഗോൾ നേടിയത്. ഈ മത്സരത്തിൽ സ്പെയിനുണ്ടായ തിരിച്ചടികൾ ചില്ലറയല്ല. യുവതാരം പെദ്രി പരുക്കേറ്റ് ടൂർണമെന്റിൽനിന്നു തന്നെ പുറത്തായി. ഡിഫൻഡർമാരായ ഡാനി കാർവഹാലും റോബിൻ ലെ നോർമൻഡും സസ്പെൻഷനിലായി. പ്രധാന താരങ്ങളില്ലാതെ സെമിയിൽ ഫ്രാൻസിനെ നേരിടാനിറങ്ങിയ സ്പെയിൻ വിയർക്കുമെന്നു കരുതിയവരാണ് അധികവും. ആ കളിയിലും സ്പെയിനെ വിജയത്തിലേക്കു വഴി നടത്തിയതു സബ്സ്റ്റിറ്റ്യൂഷൻ ബെഞ്ചിൽനിന്നു വന്നൊരു താരമാണ്; ഡാനി ഒൽമോ. 



യൂറോയിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ലമീൻ യമാൽ സഹോദരൻ കെയ്നിനൊപ്പം ട്രോഫിയുമായി.
യൂറോയിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ലമീൻ യമാൽ സഹോദരൻ കെയ്നിനൊപ്പം ട്രോഫിയുമായി.

ഫൈനലിലുമുണ്ടായി തിരിച്ചടികൾ. ടീമിന്റെ അതുവരെയുള്ള പ്രകടനങ്ങളിലെല്ലാം നിർണായക സാന്നിധ്യമായിരുന്ന റോഡ്രി കാൽമുട്ടിനു പരുക്കേറ്റ് രണ്ടാം പകുതിയിൽ കളിക്കാതിരുന്നത് ഇംഗ്ലണ്ടിന് അനുകൂലമാകുമെന്നു കരുതിയവരുമേറെ. ലെഫ്റ്റ് ബാക്ക് മാർക്ക് കുക്കുറേയയുടെ അബദ്ധത്തിൽനിന്ന് കൗണ്ടർ അറ്റാക്കിനു വഴി തുറന്നുകിട്ടിയ ഇംഗ്ലണ്ട് സ്കോർ 1–1 എന്ന നിലയിലുമാക്കി. അതേ കുക്കുറേയ തന്നെ സ്പെയിനിന്റെ വിജയഗോളിനും വഴിയൊരുക്കിയതെന്നതു ചരിത്രം. 

∙ വരുന്നു, ഫൈനലിസിമ‌ 

യൂറോ കപ്പിൽ സ്പെയിനും കോപ്പ അമേരിക്കയിൽ അർജന്റീനയും ജേതാക്കളായതോടെ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് ഇരുടീമുകളും തമ്മിലുള്ള ഫൈനലിസിമ പോരാട്ടത്തിന്. മത്സരത്തിന്റെ വേദിയും തീയതിയും പിന്നീട് തീരുമാനിക്കും. 2022 ൽ ഫൈനലിസിമ ആദ്യമായി ന‌ടന്നപ്പോൾ ഇറ്റലിയെ 3–0 നു തോൽപിച്ച് അർജന്റീന ജേതാക്കളായിരുന്നു. 


ലൂയിസ് ഡെ ലാ ഫുവന്തെ
ലൂയിസ് ഡെ ലാ ഫുവന്തെ

∙ ആരാണ് ഇയാൾ? 

കഴിഞ്ഞ വർഷം സ്പെയിൻ ദേശീയ ടീം പരിശീലകനായി ലൂയിസ് ഡെ ലാ ഫുവന്തെയെ നിയമിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസച്ചോദ്യമായിരുന്നു ഇത്. അത്രപ്രശസ്തനല്ലാത്ത ഒരാൾ സ്പെയിൻ കോച്ചായി നിയമിക്കപ്പെട്ടതിലായിരുന്നു വിമർശനങ്ങളേറെ. എന്നാൽ, ഒരു പതിറ്റാണ്ടോളം രാജ്യത്തെ അക്കാദമി ലെവൽ ഫുട്ബോളിൽ കുട്ടികളെ കണ്ടെത്തി വളർത്തിയെടുത്ത അറുപത്തിമൂന്നുകാരൻ ഫുവന്തെയുടെ മികവ് അധികമാരും തിരിച്ചറിഞ്ഞില്ല.

ഫുവന്തെ വളർത്തിയ കുട്ടികളായിരുന്നു ഈ യൂറോയിലെ സൂപ്പർ താരങ്ങൾ. റോഡ്രി, ഒൽമോ, മെറിനോ, ഒയർസബാൽ, ഫാബിയൻ റൂയിസ് തുടങ്ങിയവരെല്ലാം ഫുവന്തെയുടെ കണ്ടെത്തലുകളാണ്. 2015 അണ്ടർ 19 യൂറോപ്യൻ ചാംപ്യൻഷിപ്പിലും 2019 ലെ അണ്ടർ 21 യൂറോപ്യൻ ചാംപ്യൻഷിപ്പിലും സ്പാനിഷ് നിരയിൽ കളിച്ച ഇവരെയാണ് ഫുവന്തെ ഇത്തവണ ജർമനിയിലേക്കും കൊണ്ടുവന്നത്.

∙ സമ്മാനത്തുക

സ്പെയിൻ 

28.25ദശലക്ഷം യൂറോ (ഏകദേശം 256 കോടി രൂപ)

ഇംഗ്ലണ്ട്

24.25ദശലക്ഷം യൂറോ (ഏകദേശം 220 കോടി രൂപ)

English Summary:

Spain beat England to win Euro Cup title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com