നൂറാം മത്സരത്തിൽ സ്വാൻസന്റെ വിജയ ഗോൾ; ബ്രസീലിനെ തകർത്ത് യുഎസിന് ഒളിംപിക്സ് സ്വർണം
Mail This Article
പാരിസ്∙ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ച് യുഎസിന് ഒളിംപിക്സ് വനിതാ ഫുട്ബോളിൽ സ്വർണം. 62–ാം മിനിറ്റിൽ മലോരി സ്വാൻസനാണ് യുഎസിന്റെ വിജയഗോൾ നേടിയത്. യുഎസ് താരത്തിന്റെ നൂറാം രാജ്യാന്തര മത്സരം കൂടിയായിരുന്നു ഇത്. കരിയറിലെ അവസാന മത്സരം കളിക്കുന്ന മാർത്തയുടെ നേതൃത്വത്തിൽ അവസാന നിമിഷം വരെ ബ്രസീൽ പൊരുതിയെങ്കിലും ഗോൾ മടക്കാൻ സാധിച്ചില്ല. ബ്രസീലിന്റെ മുന്നേറ്റങ്ങളെ യുഎസ് ഗോൾ കീപ്പർ പ്രതിരോധിച്ചുനിന്നതോടെ ബ്രസീലിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വനിതാ ഫുട്ബോളിൽ ജർമനി വെങ്കലം സ്വന്തമാക്കി. ഫൈനൽ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ബ്രസീൽ പാഴാക്കിയിരുന്നു. ബോക്സിനകത്തേക്ക് ലുഡ്മിലയ്ക്കു ലഭിച്ച ത്രൂബോള്‍ ലക്ഷ്യം കണ്ടില്ല. ഷോട്ട് തടുത്തിട്ട് അലിസ നെഹാർ യുഎസിനെ രക്ഷപെടുത്തുന്നു. 16–ാം മിനിറ്റിൽ ബ്രസീൽ താരം ലുഡ്മില വല കുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. താരത്തിന്റെ ആഘോഷത്തിനിടെയാണ് ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നത്. വാർ പരിശോധന നടത്തി ഓഫ് തന്നെയെന്ന് ഉറപ്പു വരുത്തി. 22–ാം മിനിറ്റിൽ ബ്രസീൽ താരം ലോറൻ ലീലിനെ യുഎസ് താരം വീഴ്ത്തിയതിന് പെനാൽറ്റി വേണമെന്ന് ബ്രസീൽ താരങ്ങൾ വാദിച്ചെങ്കിലും, പരിശോധനകൾക്കു ശേഷം റഫറി ഈ ആവശ്യം തള്ളിക്കളഞ്ഞു. 28–ാം മിനിറ്റിൽ ബ്രസീലിന്റെ യാസ്മിൻ റിബെറിയോ നടത്തിയ ഹെഡര്‍ നീക്കം, യുഎസ് താരം ക്രിസ്റ്റൽ ഡുൺ ക്ലിയർ ചെയ്തു.
രണ്ടാം പകുതിയിലെ 62–ാം മിനിറ്റിൽ സ്വാൻസന്‍ യുഎസിന്റെ രക്ഷകയായി. പന്തുമായി ബ്രസീൽ ബോക്സിലേക്കു കുതിച്ച സ്വാൻസൻ പിഴവുകളില്ലാതെ ഫിനിഷ് ചെയ്തു. ഗോൾ വീണതിനു പിന്നാലെ ബ്രസീൽ ടീം മൂന്നു മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ സൂപ്പർ താരം മാർത്ത ഗ്രൗണ്ടിലെത്തി. 81–ാം മിനിറ്റില്‍ യുഎസിന്റെ സോഫിയ സ്മിത്തിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ബ്രസീൽ താരം റ്റാർഷ്യാന് മഞ്ഞ കാർഡ് ലഭിച്ചു. എന്നാൽ ഫ്രീകിക്കെടുത്ത ലിൻഡ്സെ ഹൊറാന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. അവസാന മിനിറ്റുകളിൽ മാർത്തയുടെ നേതൃത്വത്തിൽ ബ്രസീൽ വനിതാ താരങ്ങള്‍ നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും യുഎസ് ഗോൾ കീപ്പർക്കു മുന്നിൽ എല്ലാം പരാജയപ്പെട്ടു.