ഫുട്ബോൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു; 27കാരനായ യുറഗ്വായ് താരത്തിന് ദാരുണാന്ത്യം– വിഡിയോ
Mail This Article
മോണ്ടെവിഡിയോ (യുറഗ്വായ്) ∙ ഫുട്ബോൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ യുറഗ്വായ് താരത്തിന് ദാരുണാന്ത്യം. ഇരുപത്തേഴുകാരനായ യുറഗ്വായ് താരം യുവാൻ ഇസ്ക്വിയെർദോയാണ് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. താരത്തിന്റ മരണവാർത്ത അദ്ദേഹം കളിച്ചിരുന്ന ക്ലബ് നാഷനലാണ് പുറത്തുവിട്ടത്.
കോപ്പ ലിബെർട്ടാദോറസ് ടൂർണമെന്റ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയ്ക്കെതിരെ കളിക്കുമ്പോഴാണ് താരം കുഴഞ്ഞുവീണത്. ബ്രസീലിലെ മൊറുംബി സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 22നായിരുന്നു സംഭവം. താരത്തെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
യുവാന്റെ മരണവാർത്ത എക്സിലൂടെയാണ് ക്ലബ് നാഷനൽ പുറത്തുവിട്ടത്. സാവോ പോളോയ്‌ക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ സെബാസ്റ്റ്യൻ കോയെറ്റ്‍സിനു പകരമാണ് യുവാൻ കളത്തിലിറങ്ങിയത്. എന്നാൽ, മത്സരത്തിന്റെ 84–ാം മിനിറ്റിൽ തനിയെ നിൽക്കുകയായിരുന്ന യുവാൻ കുഴഞ്ഞുവീഴുകയായിരുന്നു.
യുവാനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ യുറഗ്വായിലെ ഒന്ന്, രണ്ട് ഡിവിഷൻ ലീഗ് മത്സരങ്ങൾ മാറ്റിവച്ചിരുന്നു. താരം കുഴഞ്ഞുവീഴുമ്പോൾ എതിരെ കളിച്ചിരുന്ന ബ്രസീലിയൻ ക്ലബായ സാവോ പോളോ, യുവാനു പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് ബ്രസീലിയൻ ലീഗിൽ വിക്ടോറിയയ്‌ക്കെതിരെ കളത്തിലിറങ്ങിയത്.