ADVERTISEMENT

ഭുവനേശ്വർ ∙ ബെംഗളൂരു വഴി കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം. സീറ്റ് ബെൽറ്റ് മുറുക്കവേ, നോറ ഫെർണാണ്ടസ് പറഞ്ഞു: ‘‘ആദ്യ 25 മിനിറ്റിൽ ഗംഭീര കളിയായിരുന്നു നമ്മുടേത്. 4 ഗോളെങ്കിലും അടിക്കുമെന്നു കരുതി. സെൽഫ് ഗോൾ പക്ഷേ, നിർഭാഗ്യമായി.എങ്കിലും ജയിക്കാമായിരുന്നു’’- കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം നമ്പർ ഗോൾ കീപ്പറായ നോറയുടെ വാക്കുകളിൽ നിരാശ പ്രകടം.

വ്യാഴാഴ്ച രാത്രി ഭുവനേശ്വറിൽ നടന്ന ഒഡീഷ എഫ്സി-ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ മത്സരത്തിന്റെ ചുരുക്കം ഇതു തന്നെ! ടീമിനാകെയുള്ള നിരാശ മത്സരശേഷം കോച്ച് മികായേൽ സ്റ്റാറെയും പങ്കുവച്ചു: ‘‘2 ഗോൾ ലീഡ് നേടിയിട്ടും ജയിക്കാൻ കഴിയാത്തതു വേദനാജനകം.

എന്നാൽ, രണ്ടാം പകുതിയിൽ ഒഡീഷയുടെ കനത്ത ആക്രമണം ചെറുക്കാൻ കഴിഞ്ഞതു ചെറിയ കാര്യമല്ല. കളിക്കാരിൽ അഭിമാനമുണ്ട്. അതൊരു ബോക്സിങ് മത്സരമായിരുന്നെങ്കിൽ ഞങ്ങൾ ഏറക്കുറെ ജയത്തിന് അടുത്തെത്തിയെന്നു പറയാം!’’

ഇനി ഒരാഴ്ച അവധിക്കാലമാണു ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക്. വിശ്രമം മാത്രമല്ല, പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്ന ആലോചനക്കാലം കൂടിയാകുമിത്. 10നു ടീം വീണ്ടും ഒത്തുചേരും. 20നു മുഹമ്മദൻസ് സ്പോർട്ടിങ്ങിനെതിരെ കൊൽക്കത്തയിലാണ് അടുത്ത മത്സരം. ഇന്ത്യൻ കളിക്കാരും കോച്ച് മികായേൽ സ്റ്റാറെയും അഡ്രിയൻ ലൂണയും ഒഴികെയുള്ള വിദേശ താരങ്ങൾ സ്വന്തം നാടുകളിലേക്കു മടങ്ങിക്കഴിഞ്ഞു.

∙ മൂർച്ചയേറി നോവ–ഹെസൂസ്

ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ചതു 4 മത്സരം. അവശേഷിക്കുന്നത് 20 മത്സരങ്ങൾ. അതുകൊണ്ടു തന്നെ വിധിയെഴുത്തിനു നേരമായിട്ടില്ല. ഓരോ മത്സരത്തിലും ടീം മെച്ചപ്പെടുന്നതു വാസ്തവം. ആദ്യ ഇലവനിൽ ആരൊക്കെ കളിക്കണം എന്നതു സംബന്ധിച്ചു സ്റ്റാറെയ്ക്ക് ഏറക്കുറെ വ്യക്തത ലഭിച്ചുവെന്നാണു കഴിഞ്ഞ രണ്ടു മത്സരങ്ങൾ നൽകുന്ന സൂചന.

മുന്നേറ്റ നിരയുടെ കരുത്താണ് ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ കൊടിയടയാളം. മൊറോക്കൻ സൂപ്പർ വിങ്ങർ നോവ സദൂയിയും സ്പാനിഷ് സ്ട്രൈക്കർ ഹെസൂസ് ഹിമെനെയും നയിക്കുന്ന ആക്രമണനിര കൊള്ളാം എന്ന് ആരാധകരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.

കളം നിറഞ്ഞൊഴുകി കളിക്കുന്ന സദൂയിയുടെ മികവ് എല്ലാ മത്സരത്തിലും പ്രകടമായിരുന്നു. ഇടതു വിങ്ങിലും വലതു വിങ്ങിലുമൊക്കെ ‘സൗകര്യം പോലെ’ കളിക്കാൻ സ്വാതന്ത്ര്യം ലഭിച്ച നോവ ഒഡീഷയ്ക്കെതിരെ മാത്രം സൃഷ്ടിച്ചത് 7 ഗോളവസരങ്ങൾ! ഒരു ഗോളും അസിസ്റ്റുമായി കളിയിലെ താരവുമായി. നോവയും ഹെസൂസും ചേരുമ്പോഴുണ്ടാകുന്ന കളിപ്പൊരുത്തം ആകർഷകം. ബോക്സിൽ എവിടെ പന്തെത്തുമെന്ന് അതിവേഗം പിടികിട്ടുന്ന, കൃത്യതയോടെ ഷോട്ട് ഉതിർക്കുന്ന താരമാണു ഹെസൂസ്.

∙ കോട്ട കെട്ടാൻ പ്രീതം–നവോച്ച

ബ്ലാസ്റ്റേഴ്സ് പ്രതിരോധം വ്യക്തിഗത മികവുള്ള എതിരാളികൾക്കു മുന്നിൽ പതറുന്നത് ഒഡീഷയ്ക്കെതിരെയും കണ്ടു. പ്രത്യേകിച്ചും, ഡിയേഗോ മൗറീഷ്യോയ്ക്കും യൂഗോ ബോമയ്ക്കും മുന്നിൽ. സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചിന് അൽപം വേഗം കുറഞ്ഞോയെന്നു ന്യായമായ സംശയം.

ലെഫ്റ്റ് ബാക്ക് നവോച്ച സിങ്ങും സെന്റർ ബാക്ക് പ്രീതം കോട്ടാലും പക്ഷേ പുറത്തെടുക്കുന്നതു മികച്ച പ്രകടനം. പ്രീതം ബോക്സ് ടു ബോക്സ് കളിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ഗോൾവലയ്ക്കു മുന്നിൽ അതിഗംഭീര പ്രകടനം കാഴ്ചവച്ച സച്ചിൻ സുരേഷ് പരുക്കിനും ശസ്ത്രക്രിയയ്ക്കും ശേഷം പഴയ മികവിലേക്കു മടങ്ങിയെത്തിയിട്ടില്ലെന്നതാണ് ആശങ്ക.

പല കളികളിലും സച്ചിന്റെ കൈകൾ ചോർന്നു. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുമ്പോൾ സച്ചിൻ പഴയ സച്ചിനായി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകപ്പട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com