ഒടുവിൽ കോച്ച് ടെൻ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്; റൂഡ് വാൻ നിസ്റ്റൽ റൂയി ഇടക്കാല പരിശീലകൻ
Mail This Article
മാഞ്ചസ്റ്റർ ∙ ക്ഷമയുടെ നെല്ലിപ്പലകയും തകർന്നു; ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗ് പുറത്ത്. രണ്ടരവർഷക്കാലത്തിനിടെ ‘ചുവന്ന ചെകുത്താന്മാർക്ക്’ രണ്ട് ആഭ്യന്തര കിരീടങ്ങൾ നേടിക്കൊടുത്ത ഡച്ച് കോച്ചിനെ ക്ലബ്ബിന്റെ ഈ സീസണിലെ മോശം പ്രകടനത്തിന്റെ പേരിലാണു പുറത്താക്കിയത്. അൻപത്തിനാലുകാരൻ ടെൻ ഹാഗിന്റെ സഹപരിശീലകനും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ റൂഡ് വാൻ നിസ്റ്റൽ റൂയിയെ താൽക്കാലിക പരിശീലകനായി നിയമിച്ചു. ഓൾഡ് ട്രാഫഡിലേക്കു പുതിയ പരിശീലകനെത്തും വരെയാണ് ഈ നിയമനമെന്നു ക്ലബ് അറിയിച്ചു.
ഈ സീസണിൽ, ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ഒൻപതു മത്സരങ്ങളിൽ നാലിൽ മാത്രമേ മാൻ. യുണൈറ്റഡിനു ജയിക്കാനായുള്ളൂ. ഞായറാഴ്ച വെസ്റ്റ്ഹാമിനോടു 2–1നു തോറ്റ മത്സരമായിരുന്നു ടെൻ ഹാഗിന്റെ യുണൈറ്റഡ് കരിയറിൽ അവസാനത്തേത്. ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാം പരിശീലകനായിരിക്കെ 2022ലാണ് ടെൻ ഹാഗ് യുണൈറ്റഡിലേക്ക് എത്തുന്നത്. 2023ൽ ലീഗ് കപ്പും ഈ വർഷം എഫ്എ കപ്പും നേടിയെങ്കിലും യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്കുയർത്താൻ ടെൻ ഹാഗിനു സാധിച്ചില്ലെന്നാണു വിമർശനം. 20 വട്ടം ഇംഗ്ലിഷ് ചാംപ്യന്മാരായ യുണൈറ്റഡ് കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്തായിരുന്നു.
2013ൽ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൻ കളമൊഴിഞ്ഞതിനു ശേഷം സമാനമായൊരു വിജയാന്തരീക്ഷത്തിലേക്കു ടീമിനെ നയിക്കാൻ ഒരു പരിശീലകനുമായിട്ടില്ല. ഫെർഗൂസനു ശേഷം യുണൈറ്റഡിന്റെ മുഴുവൻ സമയ പരിശീലകനാകുന്ന അഞ്ചാമത്തെയാളായിരുന്നു ടെൻഹാഗ്. ഇക്കാലത്തിനിടെ 3 കെയർ ടേക്കർ മാനേജർമാരെയും യുണൈറ്റഡ് പരീക്ഷിച്ചു.
മേയിൽ, എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ വിജയത്തോടെയാണ് ടെൻ ഹാഗിന്റെ കരാർ 2026വരെ നീട്ടാൻ യുണൈറ്റഡ് മാനേജ്മെന്റ് തീരുമാനിച്ചത്. ടെൻഹാഗിനു കീഴിൽ, മിടുക്കരായ ഒട്ടേറെ കളിക്കാരുണ്ടായിരുന്നിട്ടും മതിപ്പുള്ള കളി ശൈലി രൂപപ്പെടുത്തിയെടുക്കാൻ യുണൈറ്റഡിനു കഴിഞ്ഞില്ലെന്നതാണ് പ്രധാന വിമർശനം.
∙ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകർ (ഫെർഗൂസനു ശേഷം ഇതുവരെ)
2013–14: ഡേവിഡ് മോയസ്
2014: റയാൻ ഗിഗ്സ്
(െകയർ ടേക്കർ– പ്ലെയർ മാനേജർ)
2014–16: ലൂയി വാൻ ഗാൾ
2016–18: ഹോസെ മൗറിഞ്ഞോ
2018–21: ഒലെ ഗുണ്ണർ സോൽഷ്യർ
2021: മൈക്കൽ കാരിക് (കെയർ ടേക്കർ)
2021–22: റാൾഫ് റാംഗ്‌നിക് (കെയർ ടേക്കർ)
2022–24: എറിക് ടെൻ ഹാഗ്