ടോട്ടനത്തോട് 4–0ന് തോറ്റ സിറ്റിയെ ബഹുദൂരം പിന്നിലാക്കി ലിവർപൂൾ മുന്നോട്ട്; ബാർസയ്ക്ക് സമനിലക്കുരുക്ക്, റയലിന് വിജയം
Mail This Article
ലണ്ടൻ∙ റൂബൻ അമോറിമിനു കീഴിലുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശപ്പെടുത്തുന്ന സമനില. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ള ഇപ്സ്‌വിച്ച് ടൗണാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ കുരുക്കിയത്. മാർക്കസ് റാഷ്ഫോർഡിന്റെ ഗോളിൽ 2–ാം മിനിറ്റിൽത്തന്നെ മുന്നിൽക്കയറിയ യുണൈറ്റഡിനെതിരെ, 43–ാം മിനിറ്റിൽ ഒമാറി ഹച്ചിൻസനാണ് ഇപ്സ്‌വിച്ചിന് സമനില സമ്മാനിച്ചത്.
പോയിന്റ് പട്ടികയിൽ ഒന്നാമൻമാരായ ലിവർപൂൾ, സതാംപ്ടനെ വീഴ്ത്തി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ദൂരം വർധിപ്പിച്ചു. 3–2നാണ് ലിവർപൂളിന്റെ വിജയം. ഒരു ഘട്ടത്തിൽ 2–1ന് പിന്നിലായിരുന്നു ലിവർപൂളിന്, സൂപ്പർതാരം മുഹമ്മദ് സലായുടെ ഇരട്ടഗോളാണ് ആവേശ ജയം സമ്മാനിച്ചത്.
65, 83 മിനിറ്റികളിലാണ് സലാ ലക്ഷ്യം കണ്ടത്. ഇതിൽ രണ്ടാം ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു. ലിവർപൂളിന്റെ ആദ്യ ഗോൾ 30–ാം മിനിറ്റിൽ ഡൊമിനിക് സൊബോസ്‌ലായ് നേടി. സതാംപ്ടന്റെ ഗോളുകൾ ആദം ആംസ്ട്രോങ് (42–ാം മിനിറ്റ്), മത്തേയൂസ് ഫെർണാണ്ടസ് (56) എന്നിവർ നേടി.
വിജയത്തോടെ 12 കളികളിൽനിന്ന് 10 ജയവും ഒരു സമനിലയും സഹിതം 31 പോയിന്റുമായാണ് ലിവർപൂൾ ഒന്നാം സ്ഥാനത്തു തുടരുന്ന്. കഴിഞ്ഞ ദിവസം ടോട്ടനം ഹോട്സ്‌പറിനോട് 4–0ന്റെ കൂറ്റൻ തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി, 12 കളികളിൽനിന്ന് ഏഴു ജയവും രണ്ടു സമനിലയും സഹിതം 23 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ലെസ്റ്റർ സിറ്റിയെ 2–1ന് തോൽപ്പിച്ച് ചെൽസി 22 പോയിന്റുമായി മൂന്നാമതും നോട്ടിങ്ങം ഫോറസ്റ്റിനെ 3–0ന് തോൽപ്പിച്ച് ആർസനൽ 22 പോയിന്റുമായി നാലാമതുമുണ്ട്.
∙ ബാർസയ്ക്ക് സമനിലക്കുരുക്ക്, റയലിന് വിജയം
സ്പാനിഷ് ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാർസിലോനയെ സെൽറ്റ വിഗോ സമനിലയിൽ തളച്ചപ്പോൾ, രണ്ടാം സ്ഥാനക്കാരായ റയൽ മഡ്രിഡ് തകർപ്പൻ വിജയം കുറിച്ചു. ലെഗാനസിനെതിരെ 3–0നാണ് റയലിന്റെ വ ിജയം. കിലിയൻ എംബപ്പെ (43–ാം മിനിറ്റ്), ഫെഡറിക്കോ വാൽവെർദെ (66), ജൂഡ് ബെല്ലിങ്ങാം (85) എന്നിവരാണ് റയലിനായി ഗോൾ നേടിയത്.
സെൽറ്റ വിഗോയ്‌ക്കെതിരെ 2–0ന് ലീഡു നേടിയ ശേഷമാണ് ബാർസിലോന സമനില വഴങ്ങിയത്. 15–ാം മിനിറ്റിൽ റാഫീഞ്ഞ, 61–ാം മിനിറ്റിൽ റോബർട്ടോ ലെവൻഡോവ്സ്കി എന്നിവർ നേടിയ ഗോളുകളാണ് ബാർസയ്ക്ക് ലീഡ് സമ്മാനിച്ചത്. വിജയമുറപ്പിച്ചു കളിച്ച ബാർസയെ, അവസാന 10 മിനിറ്റിൽ നേടിയ ഇരട്ടഗോളിലാണ് സെൽറ്റ വിഗോ തളച്ചത്. ഗോൺസാലസ് (84), ഹ്യൂഗോ അൽവാരസ് (86), എന്നിവരാണ് സെൽറ്റ വിഗോയുടെ ഗോളുകൾ നേടിയത്.
തോറ്റെങ്കിലും 14 കളികളിൽനിന്ന് 11 ജയവും ഒരു സമനിലയും സഹിതം 34 പോയിന്റുമായി ബാർസയാണ് ഇപ്പോഴും മുന്നിൽ. ഒരു മത്സരം കുറച്ചുകളിച്ച റയൽ മഡ്രിഡ് ഒൻപതു ജയവും ഒരു സമനിലയും സഹിതം 30 പോയിന്രുമായി രണ്ടാം സ്ഥാനത്തുണ്ട്.