പെനൽറ്റി പാഴാക്കി എംബപെ, സലാ; ചാംപ്യൻസ് ലീഗിൽ റയലിനെ വീഴ്ത്തി ലിവർപൂൾ ഒന്നാമത്, റയൽ 24–ാം സ്ഥാനത്ത്– വിഡിയോ
Mail This Article
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് തങ്ങൾക്ക് ‘ബാലികേറാ മല’യല്ലെന്ന് ഒടുവിൽ ലിവർപൂൾ തെളിയിച്ചു. ഇതിനു മുൻപ് കണ്ടുമുട്ടിയ എട്ടു മത്സരങ്ങളിൽ അവരെ തോൽപ്പിക്കാനാകാത്തതിന്റെ ക്ഷീണമെല്ലാം തൽക്കാലം മറക്കാൻ, സ്വന്തം തട്ടകമായ ആൻഫീൽഡിൽ അറുപതിനായിരത്തോളം കാണികൾക്കു മുന്നിൽ റയലിനെതിരെ ലിവർപൂളിന് വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ റയലിനെ വീഴ്ത്തിയത്.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി നിർണയിച്ച രണ്ടു ഗോളും പിറന്നത്. മക് അലിസ്റ്റർ 52–ാം മിനിറ്റിലും പകരക്കാരനായി എത്തിയ കോഡി ഗാക്പോ 76–ാം മിനിറ്റിലും ലിവർപൂളിനായി ലക്ഷ്യം കണ്ടു.
റയലിന്റെ സൂപ്പർതാരം കിലിയൻ എംബപ്പെയും ലിവർപൂളിന്റെ സൂപ്പർതാരം മുഹമ്മദ് സലായും പെനൽറ്റി പാഴാക്കുന്ന അപൂർവ ദൃശ്യവും മത്സരത്തിൽ കണ്ടു. മക് അലിസ്റ്ററിന്റെ ആദ്യ ഗോളിനു പിന്നാലെയാണ് ഇരു താരങ്ങളും പെനൽറ്റി പാഴാക്കിയത്.
ഇതോടെ, പുതിയ ഫോർമാറ്റിൽ നടത്തുന്ന യുവേഫ ചാംപ്യൻസ് ലീഗിലെ അഞ്ച് മത്സരങ്ങളിൽ മൂന്നും തോറ്റെന്ന നാണക്കേടു കൂടിയായി റയലിന്. അഞ്ച് കളികളിൽനിന്ന് ആറു പോയിന്റുമായി 24–ാം സ്ഥാനത്താണ് റയൽ. മാത്രമല്ല, ടൂർണമെന്റിൽ സാധ്യതകൾ നിലനിർത്താൻ പ്ലേഓഫ് സ്ഥാനത്തിനായി പോരാടേണ്ട അവസ്ഥയുമായി. മറുവശത്ത്, കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ലിവർപൂളിന്റെ കുതിപ്പ്. 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അവർ.
മറ്റു മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബ് ലീൽ ബൊലോഗ്‌നയെയും (2–1), ബൊറൂസിയ ഡോർട്മുണ്ട് ഡൈനാമോ സാഗ്രബിനെയും ബെൻഫിക്ക മൊണാക്കോയെയും (3–2), പിഎസ്‌വി ഐന്തോവൻ ഷാക്തർ ഡോണെട്സികിനെയും (3–2), സ്റ്റേം ഗ്രാസ് ജിറോണയെയും (1–0), ആർഎസ് ബെൽഗ്രേഡ് സ്റ്റുട്ഗാർട്ടിനെയും (5–1) തോൽപ്പിച്ചു.