ഗോൾമഴയ്ക്കൊടുവിൽ ‘ടോട്ടനം കടന്ന്’ ചെൽസി; ആർസനലിനെ കുരുക്കി ഫുൾഹാം, ‘സമനില തെറ്റാതെ’ ലെസ്റ്റർ- വിഡിയോ
Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) ഗോൾമഴ പെയ്ത മത്സരത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ച് ടോട്ടനം ഹോട്‍സ്പറിനെ വീഴ്ത്തി ചെൽസി. ആവേശകരമായ മത്സരത്തിൽ 4–3നാണ് ചെൽസിയുടെ വിജയം. ഒരു ഘട്ടത്തിൽ 2–0ന് പിന്നിലായിപ്പോയ ചെൽസി, ശക്തമായി തിരിച്ചടിച്ചാണ് മത്സരം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ ആർസനലിനെ ഫുൾഹാം സമനിലയിൽ തളച്ചു. റൂഡ് വാൻ നിസ്റ്റൽറൂയി പരിശീലകനായി എത്തിയശേഷം ആദ്യത്തെ തോൽവി മുന്നിൽക്കണ്ട ലെസ്റ്ററിനെ, ഗോളടിച്ചും മറ്റൊരു ഗോളിനു വഴിയൊരുക്കിയും ജെയ്മി വാർഡി രക്ഷിച്ചു. ബേൺമൗത്ത് ഇപ്സ്‌വിച്ച് ടൗണിനെ 2–1ന് തോൽപ്പിച്ചു.
ആർസനൽ സമനില വഴങ്ങിയതോടെ, ടോട്ടനത്തെ തോൽപ്പിച്ച ചെൽസി 31 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കു കയറി. ഒന്നാം സ്ഥാനക്കാരായ ലിവർപൂളുമായുള്ള അകലെ 4 പോയിന്റ്. ലിവർപൂൾ ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളൂവെന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്റർ സിറ്റി 27 പോയിന്റുമായി നാലാമതുണ്ട്.
ടോട്ടനത്തിനെതിരെ അവരുടെ തട്ടകത്തിൽ 11 മിനിറ്റിനുള്ളിൽ രണ്ടു ഗോളിനു പിന്നിലായിപ്പോയ ചെൽസി പിന്നീട് ശക്തമായി തിരിച്ചടിച്ചാണ് മത്സരം കൈപ്പിടിയിലൊതുക്കിയത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 61, 84 മിനിറ്റുകളിൽ ലഭിച്ച പെനൽറ്റികളിൽ നിന്നായിരുന്നു പാൽമറിന്റെ ഗോളുകൾ. ചെൽസിയുടെ മറ്റു ഗോളുകൾ ജേഡൻ സാഞ്ചോ (17–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (73) എന്നിവർ നേടി. ഡൊമിനിക് സോളങ്കെ (5–ാം മിനിറ്റ്), ദെയാൻ കുലുസേവ്സ്കി (11), സൺ ഹ്യൂങ് മിൻ (90+6)) എന്നിനരാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്.
മറ്റൊരു മത്സരത്തിൽ ആർസനലിനെ ഫുൾഹാം സമനിലയിൽ കുരുക്കി. ഫുൾഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 11–ാം മിനിറ്റിൽത്തന്നെ റൗൾ ജിമനസിന്റെ ഗോളിൽ അവർ തന്നെയാണ് ആദ്യം മുന്നിൽക്കയറിയത്. ആദ്യപകുതിയിൽ ആർസനലിന് ഗോൾ തിരിച്ചടിക്കാനുമായില്ല. 52–ാം മിനിറ്റിൽ വില്യം സാബിലയാണ് ആർസനലിന് സമനില ഗോൾ സമ്മാനിച്ചത്. അവസാന മിനിറ്റുകളിൽ ഗബ്രിയേൽ മാർട്ടിനല്ലിയുടെ പാസിൽനിന്ന് ബുകായോ സാക ലക്ഷ്യം കണ്ടെങ്കിലും, ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് ആർസനലിനു വിനയായി.
ബ്രൈട്ടനെതിരായ മത്സരത്തിൽ 86–ാം മിനിറ്റുവരെ രണ്ടു ഗോളിനു പിന്നിലായിരുന്ന ലെസ്റ്റർ സിറ്റി, അവസാന നിമിഷത്തെ അപ്രതീക്ഷിത കുതിപ്പിലാണ് സമനിലയുമായി രക്ഷപ്പെട്ടത്. 86–ാം മിനിറ്റിൽ ഗോള്‍ നേടി ബ്രൈട്ടന്റെ ലീഡ് കുറച്ച സൂപ്പർതാരം ഡെയ്മി വാർഡി, ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിൽ ബോബി ഡി കോർഡോവ–റെയ്ഡിന്റെ ഗോളിനു വഴിയൊരുക്കുകയും ചെയ്തു. ലാംപ്റ്റി (37–ാം മിനിറ്റ്), യാൻകൂബ മിന്റെ (79) എന്നിവർ ബ്രൈട്ടനായി ലക്ഷ്യം കണ്ടു.