ഒരു ഗോളിനു പിന്നിൽ നിൽക്കെ 88, 90 മിനിറ്റുകളിൽ ഗോളടിച്ച് മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി യുണൈറ്റഡ് (2–1); ബാർസ തോറ്റു- വിഡിയോ
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിയെ വീഴ്ത്തി യുണൈറ്റഡ് (2–1). അവസാന നിമിഷം നേടിയ 2 ഗോളുകളിലാണ് യുണൈറ്റഡിന്റെ ആവേശജയം. 88–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ്, 90–ാം മിനിറ്റിൽ അമാദ് ദയാലോ എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. 36–ാം മിനിറ്റിൽ ഹോസ്കോ ഗവാർഡിയോളിന്റെ ഗോളിൽ സിറ്റി ലീഡ് നേടിയിരുന്നു. പോയിന്റ് പട്ടികയിൽ സിറ്റി അഞ്ചാമതും യുണൈറ്റഡ് 12–ാം സ്ഥാനത്തുമാണ്.
മറ്റൊരു മത്സരത്തിൽ ചെൽസി ബ്രെന്റ്ഭോർഡിനെ 2–1ന് തോൽപ്പിച്ചു. മാർക് കുകുറെല്ല (43–ാം മിനിറ്റ്), നിക്കോളാസ് ജാക്സൻ (80) എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. ബ്രെന്റ്ഫോർഡിന്റെ ആശ്വാസ ഗോൾ 90–ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോ നേടി. അതേസമയം, ആദ്യ ഗോൾ നേടിയ കുകുറെല്ല രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഇൻജറി സമയത്ത് പുറത്തുപോയത് ചെൽസിക്ക് തിരിച്ചടിയായി. 16 കളികളിൽനിന്ന് 34 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ചെൽസി.
സതാംപ്ടണെതിരായ മത്സരത്തിൽ ഗോൾവർഷം നടത്തിയ ടോട്ടനം ഹോട്‍സ്പർ 5–0ന് ജയിച്ചുകയറി. ആദ്യപകുതിയിലായിരുന്നു അഞ്ചു ഗോളുകളും. ജയിംസ് മാഡിസന്റെ ഇരട്ടഗോളും (ഒന്ന്, 45+4 മിനിറ്റുകളിൽ), സൺ ഹ്യൂങ് മിൻ (12), ദെയാൻ കുലുസേവ്സ്കി (14), പേപ് സാർ (25) എന്നിവരുടെ ഗോളുകളുമാണ് ടോട്ടനത്തിന് വൻ വിജയം സമ്മാനിച്ചത്.
കനത്ത തോൽവിക്കു പിന്നാലെ സതാംപ്ടൻ പരിശീലകൻ റസ്സൽ മാർട്ടിനെ ക്ലബ് പുറത്താക്കി. 16 കളികളിൽനിന്ന് ഏഴാം ജയം കുറിച്ച ടോട്ടനം 23 പോയിന്റുമായി 10–ാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽനിന്ന് ഒരേയൊരു ജയം മാത്രമുള്ള സതാംപ്ടൻ അവസാന സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ 17–ാം സ്ഥാനത്തായിരുന്ന ക്രിസ്റ്റൽ പാലസ് ഒൻപതാമതുള്ള ബ്രൈട്ടനെ 3–1ന് തോൽപ്പിച്ചു.
∙ ബാർസിലോനയ്ക്ക് തോൽവി
സ്പാനിഷ് ലാലിഗയിൽ ഒന്നാം സ്ഥാനക്കാരായ ബാർസിലോനയെ ലെഗാനസ് അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെഗാനസിന്റെ വിജയം. നാലാം മിനിറ്റിൽ സെർജിയോ ഗോൺസാലസാണ് ലെഗാനസിന്റെ വിജയഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ അത്‌ലറ്റിക്കോ മഡ്രിഡ് ഗെറ്റാഫയെയും (1–0), റയൽ ബെറ്റിസ് വിയ്യാ റയലിനെയും (2–1) തോൽപ്പിച്ചു. റയൽ സോസിദാദ് – ലാസ് പാൽമാസ് മത്സരവും (0–0), അത്‍ലറ്റിക് ക്ലബ് – ഡിപോർട്ടിവോ അലാവസ് മത്സരവും (1–1) സമനിലയിൽ അവസാനിച്ചു.
തോറ്റെങ്കിലും 18 കളികളിൽനിന്ന് 38 പോയിന്റുമായി ബാർസ തന്നെയാണ് ഒന്നാമത്. സീസണിലെ 11–ാം ജയം കുറിച്ച അത്‍ലറ്റിക്കോ മഡ്രിഡ് റയൽ മഡ്രിഡിനെ മറികടന്ന് 38 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കു കയറി. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ റയൽ 37 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ബാർസയെ വീഴ്ത്തിയ ലെഗാനസ് 18 പോയിന്റുമായി 15–ാം സ്ഥാനത്തേക്ക് കയറി.