ഐസ് ബാത്ത്, വിശ്രമം, കടുപ്പത്തിലൊരു ചായ...; കേരള ടീം റെഡിയാണ്, അടുത്ത മത്സരം നാളെ രാത്രി 7.30ന് ഡൽഹിക്കെതിരെ
Mail This Article
സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിരക്കിനിടയിൽ കേരള ടീമിനു വീണു കിട്ടിയ ഒഴിവുദിവസമായിരുന്നു ഇന്നലെ. ടീമംഗങ്ങൾക്കു വിശ്രമം വേണമെന്നായിരുന്നു കോച്ച് ബിബി തോമസ് മുട്ടത്തിന്റെ തീരുമാനം. അതിനിടയിലും, കഴിഞ്ഞ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങാതിരുന്ന കളിക്കാർക്ക് ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം പരിശീലനം ഒരുക്കിയിരുന്നു.
വ്യാഴം ഉച്ചയോടെ ഒഡീഷയുമായുള്ള മത്സരം കഴിഞ്ഞ് ടീമംഗങ്ങൾ കൊക്കാപ്പേട്ടിലെ റൂമിൽ തിരിച്ചെത്തിയിരുന്നു. കളി കഴിഞ്ഞു റിക്കവറിക്കായി ‘ഐസ് ബാത്ത്’ നടത്തുന്നതാണ് പതിവ്. ഹൈദരാബാദിൽ എവിടെ ഐസ് കട്ടകൾ കിട്ടുമെന്നു തപ്പി നടക്കുകയായിരുന്നു ടീം അധികൃതർ. താമസസ്ഥലത്തിനു തൊട്ടടുത്ത കടകളിൽ അന്വേഷിച്ച് ഒരു ഐസ് ഫാക്ടറിയുടെ വിലാസം സംഘടിപ്പിച്ചു. അവിടെനിന്നു വാഹനത്തിൽ വലിയ ഐസ് കട്ടകൾ കയറ്റി താമസസ്ഥലത്തെത്തിച്ചു. ഇതു ക്യാനുകളിൽ നിറച്ചാണ് ഐസ് ബാത്ത് സൗകര്യം ഒരുക്കിയത്.
ഇന്നലെ വൈകിട്ട് ടീമംഗങ്ങൾ നഗരത്തിലൊന്നു റോന്തു ചുറ്റി. വഴിയോരക്കടയിൽനിന്ന് എല്ലാവരും കടുപ്പത്തിലൊരു ചായ കുടിച്ചു. ഡൽഹിയുമായുള്ള മത്സരം നാളെ രാത്രി ഏഴരയ്ക്കാണ്. ഡൽഹിയെ രണ്ടാം സ്ഥാനത്തുതന്നെ പിടിച്ചിരുത്തുകയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കേരളത്തിന്റെ ലക്ഷ്യം.
‘‘ഗ്രൂപ്പ് ബിയിൽ ആദ്യസ്ഥാനക്കാരായി ക്വാർട്ടറിൽ എത്തണമെന്നാണ് ആഗ്രഹം. ഡൽഹി മികച്ച ടീമാണ്. ശക്തമായ പ്രതിരോധനിര അവർക്കുണ്ട്’’– കോച്ച് ബിബി പറഞ്ഞു.
സന്തോഷ് ട്രോഫി ഇന്നത്തെ മത്സരങ്ങൾ:
തെലങ്കാന–കശ്മീർ (രാവിലെ 9)
രാജസ്ഥാൻ–സർവീസസ് (ഉച്ചയ്ക്ക് 2.30)
ബംഗാൾ–മണിപ്പൂർ (രാത്രി 7.30)