തോല്‍വി അറിയാതെ കേരളം, 89–ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ സമനില ഗോൾ, തമിഴ്നാടിനെ സമനിലയിൽ തളച്ചു
Mail This Article
ഹൈദരാബാദ്∙ സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കേരളം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളം തമിഴ്നാടിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയുടെ 25–ാം മിനിറ്റിൽ റൊമാരിയോ യേശുരാജിലൂടെ മുന്നിലെത്തിയ തമിഴ്നാടിന്, 89–ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ ഗോളിലൂടെയാണു കേരളം മറുപടി നൽകിയത്.
ഇതോടെ തമിഴ്നാട് ക്വാർട്ടർ കാണാതെ പുറത്തായി. കേരളം നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ ആദ്യ നാലു മത്സരങ്ങളും കേരളം വിജയിച്ചിരുന്നു. ഗോവ (4–3), മേഘാലയ (1–0), ഒഡിഷ (2–0), ഡൽഹി (3–0) എന്നീ ടീമുകളെയാണ് കേരളം കീഴടക്കിയത്. പ്രധാന താരങ്ങളായ മുഹമ്മദ് അജ്സാൽ, നസീബ് റഹ്മാൻ, നിജോ ഗിൽബര്‍ട്ട്, മനോജ്, ഹജ്മൽ എന്നിവരെ ബെഞ്ചിൽ ഇരുത്തിയാണ് കേരളം അവസാന മത്സരത്തിൽ പ്ലേയിങ് ഇലവനെ ഇറക്കിയത്. എങ്കിലും ഗ്രൗണ്ടിൽ കേരളത്തിന്റെ ആധിപത്യം പ്രകടമായിരുന്നു.
തമിഴ്നാട് ക്യാപ്റ്റൻ യേശുരാജിന്റെ സാങ്കേതിക മികവിനു മുന്നിൽ കേരള പ്രതിരോധ നിര പതറിയതാണ് മത്സരത്തിലെ ആദ്യ ഗോളിലേക്കു നയിച്ചത്. തമിഴ്നാട് ക്യാപ്റ്റന്റെ സോളോ നീക്കം തടയാൻ കേരളത്തിന്റെ ഗോളി മുഹമ്മദ് അസറിനും സാധിച്ചില്ല. രണ്ടാം പകുതിയിൽ ഗോൾ നേടുക ലക്ഷ്യമിട്ട് നിജോ ഗിൽബര്‍ട്ടിനെയും നസീബിനെയും കളത്തിലിറക്കാനുള്ള കേരളത്തിന്റെ തീരുമാനം ഫലം കണ്ടു. നസീബിന്റെ ക്രോസിലാണ് ഗിൽബർട്ട് സമനില ഗോളടിച്ചത്.
ജമ്മു കശ്മീരാണ് ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളികൾ. ഇന്നലെ ഗ്രൂപ്പ് എ മത്സരത്തിൽ രാജസ്ഥാനെ 1–0ന് തോൽപിച്ചാണ് കശ്മീർ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. 27ന് ഉച്ചയ്ക്ക് 2.30നാകും കേരളം–ജമ്മു കശ്മീർ ക്വാർട്ടർ ഫൈനൽ.