സ്വന്തം തട്ടകത്തിൽ യുണൈറ്റഡിന് 3–ാം തുടർ തോൽവി, 45 വർഷത്തിനിടെ ആദ്യം; ചെൽസിയെ ഇപ്സ്വിച്ച് ടൗൺ അട്ടിമറിച്ചു- വിഡിയോ
Mail This Article
ലണ്ടൻ∙ 45 വർഷത്തിനിടെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ തുടർച്ചയായി മൂന്നു തോൽവികൾ, 1972നു ശേഷം സ്വന്തം തട്ടകത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് രണ്ടാമത്തെ മാത്രം തോൽവി... തുടർ തോൽവികൾക്കൊപ്പം ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരുപിടി നാണക്കേടിന്റെ റെക്കോർഡുകളുമായി ഒട്ടും ‘ഹാപ്പിയല്ലാതെ’ പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. മുന്നോട്ടുള്ള വഴി ഒട്ടും അനായാസമല്ലെന്ന് ഒരിക്കൽക്കൂടി സ്വയം ബോധ്യപ്പെടുത്തി യുണൈറ്റഡ് ന്യൂകാസിലിനോട് തോറ്റത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിനു പിന്നാലെ, കരുത്തരായ ചെൽസി ഇപ്സ്‌വിച്ച് ടൗണിനോടും തോറ്റതോടെ, ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഇത് അട്ടിമറികളുടെ ദിനമായി. ചെൽസിയുടെ തോൽവിയും ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക്.
സീസണിലെ നാലാം തോൽവിയോടെ, 19 കളികളിൽനിന്ന് 35 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്ത് തുടരുന്നു. ജയിച്ചിരുന്നെങ്കിൽ ലിവർപൂളിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി പുതുവർഷത്തിലേക്കു കടക്കാൻ ചെൽസിക്ക് അവസരമുണ്ടായിരുന്നു. ചെൽസിയെ തോൽപ്പിച്ച് ഇപ്‌സ്‌വിച്ച് ടൗൺ 15 പോയിന്റുമായി ഇപ്പോഴും 18–ാം സ്ഥാനത്താണ്. സീസണിലെ ഒൻപതാം തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 22 പോയിന്റുമായി 14–ാം സ്ഥാനത്താണ്. യുണൈറ്റഡിനെ അട്ടിമറിച്ച ന്യൂകാസിൽ, 19 കളികളിൽനിന്ന് 32 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ, ആദ്യപകുതിയിൽ നേടിയ ഇരട്ടഗോളുകളുടെ മികവിലാണ് ന്യൂകാസിൽ വിജയം പിടിച്ചെടുത്തത്. നാലാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്, 19–ാം മിനിറ്റിൽ ജോയെലിന്റൻ എന്നിവരാണ് ന്യൂകാസിലിനായി ലക്ഷ്യം കണ്ടത്. ഓൾഡ് ട്രാഫഡിൽ ടീമിന്റെ വിജയം ആഘോഷിക്കാൻ തടിച്ചുകൂടിയ 74,000ത്തോളം കാണികൾക്കു മുന്നിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽക്കൂടി തോറ്റു മടങ്ങിയത്.
എതിരാളികളുടെ തട്ടകത്തിൽ മത്സരത്തിന്റെ ഇരുപകുതികളിലുമായി വഴങ്ങിയ രണ്ടു ഗോളുകളിലാണ് ചെൽസി ഇപ്സ്‌വിച്ച് ടൗണിനോടു തോറ്റത്. 12–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ലിയാം ഡെലാപാണ് അവരുടെ ആദ്യ ഗോൾ നേടിയത്. 53–ാം മിനിറ്റിൽ ഡെലാപിന്റെ തന്നെ പാസിൽനിന്ന് ഒമാറി ഹച്ചിൻസൻ രണ്ടാം ഗോളും നേടി. ഈ സീസണിൽ സ്വന്തം തട്ടകത്തിൽ ഇപ്സ്‌വിച്ചിന്റെ ആദ്യ ജയം കൂടിയാണിത്. ഈ തോൽവിയോടെ ചെൽസിയുടെ കിരീടപ്രതീക്ഷകൾക്കും കനത്ത തിരിച്ചടിയേറ്റു.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ലയും ബ്രൈട്ടനും സമനിലയിൽ പിരിഞ്ഞു. പിന്നിൽനിന്നും തിരിച്ചടിച്ച് ലീഡെടുത്ത ആസ്റ്റൺ വില്ലയെ, 81–ാം മിനിറ്റിൽ ലാപ്ടെ നേടിയ ഗോളിലാണ് ബ്രൈട്ടൻ സമനിലയിൽ തളച്ചത്.