രണ്ടാം പകുതിയില് രണ്ടു ചുവപ്പു കാർഡ്, പഞ്ചാബിന്റെ പരീക്ഷണം കടന്ന് ബ്ലാസ്റ്റേഴ്സ്; അഞ്ചാം വിജയം (1–0)
Mail This Article
ന്യൂഡൽഹി∙ രണ്ടാം പകുതിയിലെ നാടകീയമായ ചുവപ്പുകാർഡുകളും ഡൽഹിയിലെ കൊടും തണുപ്പും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തെ തടഞ്ഞില്ല. പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. 44–ാം മിനിറ്റിൽ മൊറോക്കൻ താരം നോവ സദൂയിയാണു ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും തോറ്റ ബ്ലാസ്റ്റേഴ്സിന് ഞായറാഴ്ചത്തെ പോരാട്ടത്തിൽ ജയം അനിവാര്യമായിരുന്നു.
42–ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നോവ സദൂയിയെ പഞ്ചാബിന്റെ സുരേഷ് മെയ്തെയ് ഫൗൾ ചെയ്തതിനാണു റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുക്കാനെത്തിയ സദൂയി പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു മുന്നിലെത്തി.
രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന് വലിയ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നത്. 57–ാം മിനിറ്റിൽ പഞ്ചാബിന്റെ മലയാളി താരം ലിയോൺ അഗസ്റ്റിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിൻകിച്ച് രണ്ടാം യെല്ലോ കാർഡ് കണ്ടു പുറത്തായി. 74–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ അയ്ബൻബ ഡോലിങ്ങും ചുവപ്പു കാർഡ് കണ്ടു. ലിയോൺ അഗസ്റ്റിനെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിനായിരുന്നു റഫറിയുടെ നടപടി.
- Noah Sadoui 44 (P)
ഇതോടെ അവസാന 15 മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് ഒന്‍പതു പേരുമായി കളിക്കേണ്ടിവന്നു. ഏഴു മിനിറ്റാണ് മത്സരത്തിന് അധിക സമയമായി റഫറി നൽകിയത്. അവസരം മുതലാക്കി സമനില പിടിക്കാൻ പഞ്ചാബ് പരമാവധി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോളി സച്ചിൻ സുരേഷും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന് സീസണിലെ അഞ്ചാം വിജയം.
15 മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റുകളുമായി ഒൻപതാം സ്ഥാനത്താണ്. 13 കളികളിൽനിന്ന് 18 പോയിന്റുമായി പഞ്ചാബ് എട്ടാം സ്ഥാനത്താണ്. 13ന് ഒഡിഷയ്ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.