ഇതിനു മുൻപ് ഏറ്റുമുട്ടിയ 5 മത്സരങ്ങളിൽ നാലിലും തോൽവി; ഒളിംപിക്സ് വേദിയിൽ ‘തനിനിറം’ കാട്ടി ലക്ഷ്യ!– വിഡിയോ
Mail This Article
പാരിസ്∙ ലോക ബാഡ്മിന്റൻ റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരനായ എതിരാളി. സ്വന്തം റാങ്കിങ് 22. ഈ എതിരാളിക്കെതിരെ ഇതുവരെ ഏറ്റുമുട്ടിയ അഞ്ചിൽ നാലു തവണയും തോൽവിയുടെ നിരാശ. ജയിക്കാനായത് ഒറ്റത്തവണ മാത്രം. ഈ കണക്കുകളെയെല്ലാം അപ്രസക്തമാക്കുന്ന അസാമാന്യ പ്രകടനത്തോടെയാണ്, ഇന്തൊനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിക്കെതിരെ പാരിസ് ഒളിംപിക്സ് ബാഡ്മിന്റൻ സിംഗിൾസിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്നിന്റെ തകർപ്പൻ വിജയം. 21–18, 21–12 എന്ന സ്കോറിലാണ് ലക്ഷ്യ ജൊനാതനെ വീഴ്ത്തിയത്.
സ്കോർ ബോർഡ്‍ സൂചിപ്പിക്കുന്നത്ര കടുപ്പം കുറഞ്ഞ മത്സരമായിരുന്നില്ല ജൊനാതനും ലക്ഷ്യയും തമ്മിലുള്ളത്. പ്രത്യേകിച്ചും മത്സരത്തിന്റെ തുടക്കം. ആദ്യ ഗെയിമിൽ ലക്ഷ്യയെ തീർത്തും നിസാരനാക്കുന്ന പ്രകടനമായിരുന്നു ജൊനാതന്റേത്. ഒരു ഘട്ടത്തിൽ ഇന്തൊനീഷ്യൻ താരം 8–2നു ലീഡ് നേടിയതോടെ ആരാധകർ അപകടം മണത്തതുമാണ്. അവിടെനിന്ന് തിരിച്ചടിച്ച് ഗെയിം 10–10ന് സമനിലയിലെത്തിച്ച ഇന്ത്യൻ താരം, പിന്നീട് വിട്ടുകൊടുക്കാതെ മുന്നേറിയാണ് ആദ്യ ഗെയിം സ്വന്തമാക്കിയത്.
രണ്ടാം ഗെയിമിൽ ജൊനാതന്റെ ചെറുത്തുനിൽപ്പിന്റെ കാഠിന്യം കുറഞ്ഞു. ഇത്തവണ തുടക്കത്തിൽത്തന്നെ ലീഡ് പിടിച്ച ലക്ഷ്യ, കാര്യമായ പോരാട്ടത്തിനു പോലും അവസരം നൽകാതെ ഗെയിം പിടിച്ചെടുത്തു. ഒപ്പം മത്സരവും. ആദ്യ അഞ്ച് നേർക്കുനേർ പോരാട്ടങ്ങളിൽ 4–1ന്റെ വൻ മേധാവിത്തമുണ്ടായിരുന്ന എതിരാളിയെ, ഒളിംപിക്സ് പോലൊരു നിർണായക വേദിയിൽ മലർത്തിയടിച്ച് ലക്ഷ്യ തന്റെ ലക്ഷ്യം പ്രഖ്യാപിച്ചു കഴിഞ്ഞു; പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്‌ക്കായി ഒരു മെഡൽ!
അതേസമയം, മെഡലിലേക്കുള്ള പ്രയാണത്തിൽ അടുത്തതായി ലക്ഷ്യ സെന്നിനു മുന്നിലെത്തുക മലയാളി താരം എച്ച്.എസ്. പ്രണോയിയാകാൻ സാധ്യതയുണ്ട്. ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ പ്രണോയ് വിജയിച്ചാൽ ഇരുവരും നേർക്കുനേരെത്തും.