നിഷാന്തിനെ നേരിടാനാകാതെ കുഴങ്ങി മെക്സിക്കോ ബോക്സർ, ഫലം വന്നപ്പോൾ ഇന്ത്യ തോറ്റു; വിവാദം
Mail This Article
പാരിസ്∙ ഒളിംപിക്സ് 2024 ക്വാര്‍ട്ടർ ഫൈനലിൽ ഇന്ത്യന്‍ മെഡൽ പ്രതീക്ഷയായിരുന്ന ബോക്സർ നിഷാന്ത് ദേവ് ക്വാർട്ടറിൽ തോറ്റതിനെച്ചൊല്ലി വൻ വിവാദം. 71 കിലോ പുരുഷ ബോക്സിങ്ങിൽ മികച്ച പോരാട്ടം കാഴ്ച വച്ചിട്ടും മെക്സിക്കോ താരം മാർകോ വെർദെ അൽവാരസിനെ വിജയിയായി പ്രഖ്യാപിച്ചതിലാണ് പ്രതിഷേധം ശക്തമാകുന്നത്. 4–1നാണ് ഇന്ത്യൻ താരത്തെ മാർകോ വെർദെ തോൽപിച്ചത്. പക്ഷേ മത്സരത്തിന്റെ ആദ്യ രണ്ടു റൗണ്ടുകളിൽ ഇന്ത്യൻ താരത്തിന്റെ ആധിപത്യം പ്രകടമായിരുന്നു. നിഷാന്ത് ദേവിനു പിന്തുണയുമായി ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങ് രംഗത്തെത്തി.
ആദ്യ റൗണ്ടിൽ നിഷാന്ത് മുന്നേറിയെങ്കിലും പിന്നീടുള്ള രണ്ടു റൗണ്ടുകളിൽ മെക്സിക്കോ താരമാണു വിജയിച്ചതെന്നാണു വിധികർത്താക്കളുടെ കണ്ടെത്തൽ. ബോക്സിങ്ങിലെ സ്കോറിങ് സംവിധാനത്തെ മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് വിജേന്ദർ സിങ് പ്രതികരിച്ചു. ‘‘കടുത്ത പോരാട്ടമാണു ക്വാർട്ടറിൽ നടന്നത്. നിഷാന്തിന്റേതു മികച്ച പ്രകടനമായിരുന്നു. എന്തു സ്കോറിങ് സിസ്റ്റമാണ് ഇതെന്നു മനസ്സിലാകുന്നില്ല.’’– വിജേന്ദർ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.
ഇന്ത്യന്‍ താരത്തിന് അവകാശപ്പെട്ട ഒരു മെഡൽ തട്ടിയെടുക്കുകയായിരുന്നെന്ന് ബോളിവുഡ് താരം രൺദീപ് ഹൂഡയും ആരോപിച്ചു. ‘‘നിഷാന്ത് വിജയിച്ചതാണ്. എന്തു തരം സ്കോറിങ്ങാണിത്. മെഡൽ തട്ടിയെടുത്തെങ്കിലും അദ്ദേഹം ഹൃദയങ്ങൾ കീഴടക്കി. ഇതു വളരെ സങ്കടകരമാണ്.’’– രൺദീപ് ഹൂഡ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അവസാന രണ്ടു റൗണ്ടുകളിലും മത്സരത്തിലെ അഞ്ച് ജഡ്ജുകളും മെക്സിക്കൻ താരത്തെയാണ് വിജയിയായി തീരുമാനിച്ചത്.
രണ്ടാം റൗണ്ടിൽ നിഷാന്തിന്റെ ജാബുകൾ നേരിടുന്നതിൽ മെക്സിക്കോ താരം ബുദ്ധിമുട്ടുന്നത് ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. പക്ഷേ ആവശ്യത്തിനു പോയിന്റുകൾ സ്വന്തമാക്കാൻ ഇന്ത്യൻ താരത്തിനു സാധിച്ചില്ല. പോരാട്ടം അവസാനിച്ച ശേഷവും വിജയ പ്രതീക്ഷയോടെയാണ് നിഷാന്ത് റിങ്ങിൽനിന്നത്. എന്നാൽ മെക്സിക്കോ ബോക്സറെ വിജയിയായി പ്രഖ്യാപിച്ചത് താരത്തിനു വിശ്വസിക്കാനായില്ല. കുറച്ചു നേരം റിങ്ങിൽ തുടർന്ന ശേഷം ഇന്ത്യൻ താരം നിരാശയോടെ മടങ്ങി. ലോക ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ 23 വയസ്സുകാരൻ താരം 2021 ലെ ചാംപ്യൻഷിപ്പിൽ വെർദെ അൽവാരസിനെ തോൽപിച്ചിട്ടുണ്ട്.