ADVERTISEMENT

പാരിസ് ∙ ഒളിംപിക്സ് പുരുഷ ബാഡ്മിന്റനിൽ ഒരു മെഡൽ എന്ന ഇന്ത്യൻ സ്വപ്നം ‘ലക്ഷ്യത്തിലെത്തിക്കാൻ’ ലക്ഷ്യ സെൻ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന പുരുഷ സിംഗിൾസ് സെമിഫൈനലിൽ ഡെൻമാർക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടർ അക്സെൽസനാണ് ഇരുപത്തിരണ്ടുകാരൻ ലക്ഷ്യയുടെ എതിരാളി. 

കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ പോരാട്ടത്തിൽ‍ ചൈനീസ് തായ്േപയുടെ ചൗ ടിയെൻ ചെനിനെ (19-21 21-15 21-12 ) തോൽപിച്ചാണ് ഒളിംപിക്സിന്റെ സെമിഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരം എന്ന നേട്ടം ലക്ഷ്യ സ്വന്തമാക്കിയത്. ക്വാർട്ടറിൽ ഒഴികെ ബാക്കിയെല്ലാ മത്സരങ്ങളിലും ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ലക്ഷ്യ സെമിയിൽ എത്തിയത്. എന്നാൽ, സെമിയിൽ ലോക രണ്ടാം നമ്പർ റാങ്കുകാരനായ വിക്ടർ അക്സെൽസൻ ലക്ഷ്യയ്ക്ക് വലിയ വെല്ലുവിളിയുയർത്തും. റിയോ ഒളിംപിക്സിൽ വെങ്കലവും ടോക്കിയോയിൽ സ്വർണവും നേടിയ അക്സെൽസന്റെ പേരിൽ 2 ലോക ചാംപ്യൻഷിപ് നേ‌ട്ടങ്ങളുമുണ്ട്. ഇരുവരും 8 തവണ നേർക്കുനേർ വന്നപ്പോൾ 7 തവണയും ജയം അക്സെൽസനായിരുന്നു. എന്നാൽ, 2022ലെ ജർമൻ ഓപ്പണിൽ മുപ്പതുകാരനായ അക്സെൽസനെ അട്ടമറിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസം ലക്ഷ്യയ്ക്കുണ്ട്. 

അറ്റാക്ക് vs ഡിഫൻസ്

അറ്റാക്കിങ് സ്മാഷുകളിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കുന്നതാണ് അക്സെൽസന്റെ രീതിയെങ്കിൽ കൃത്യമായ പ്രതിരോധ ടെക്നിക്കുകളാണ് ലക്ഷ്യയുടെ കരുത്ത്. 1.94 മീറ്റർ ഉയരമുള്ള അക്സെൽസന്റെ ബാക്ക് ഹാൻ‍ഡ് സ്മാഷുകൾ 1.8 മീറ്റർ മാത്രം ഉയരമുള്ള ലക്ഷ്യയെ പരീക്ഷിക്കുമെന്നുറപ്പാണ്. എന്നാൽ, ഓൾ കോർട്ട് ഗെയിമിലൂടെ ഇതിനു പ്രതിരോധം തീർക്കാൻ ലക്ഷ്യയ്ക്കു സാധിക്കുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.

ലക്ഷ്യ സെൻ
ലക്ഷ്യ സെൻ

പുരുഷ ഹോക്കി ക്വാർട്ടറിൽ 
ഇന്ന് ഇന്ത്യ– ബ്രിട്ടൻ 

പാരിസ്∙ ഓസ്ട്രേലിയയ്ക്കെതിരായ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസവുമായി പുരുഷ ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ഇന്ന് ബ്രിട്ടനെ നേരിടുന്നു. ഉച്ചയ്ക്ക് 1.30നാണ് മത്സരം. അവസാന 2 ഗ്രൂപ്പ് മത്സരങ്ങളിൽ ബൽജിയത്തിനും ഓസ്ട്രേലിയയ്ക്കുമെതിരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഉജ്വല ഫോമിലേക്കുയർന്നു കഴിഞ്ഞു. പൂൾ ബിയിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ 3–2നാണ് ഇന്ത്യ കീഴടക്കിയത്. ഒളിംപിക്സ് ഹോക്കിയിൽ 52 വർഷത്തിനു ശേഷമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ വിജയം.  പൂൾ ബിയിൽ ബൽജിയത്തിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. 

ഉജ്വലമായ മുന്നേറ്റങ്ങളിലൂടെ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ 2 ക്വാർട്ടറുകളിലും ഇന്ത്യ ആധിപത്യം പുലർത്തിയിരുന്നു. വൈസ് ക്യാപ്റ്റൻ ഹാർദിക് സിങ്ങും മൻദീപ് സിങ്ങുമടങ്ങുന്ന മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള മികച്ച ഏകോപനമാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. ഫോർവേഡുകളായ ഗുർജന്ത് സിങ്ങും സുഖ്ജീത് സിങ്ങും അഭിഷേകും തിളങ്ങി. ഈ ഒളിംപിക്സിൽ തന്റെ രണ്ടാം ഗോൾ നേടിയ അഭിഷേകാണ് ഇന്ത്യയ്ക്കു ലീഡ് സമ്മാനിച്ചത്. പിന്നീട് ഇരട്ട ഗോളുകളിലൂടെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് വിജയം സുനിശ്ചിതമാക്കി. ഇതോടെ ഹർമന്റെ ഗോൾനേട്ടം ആറായി. പ്രതിരോധത്തിൽ അമിത് റോഹിദാസും ജർമൻപ്രീത് സിങ്ങും ഗോൾവലയ്ക്കു മുന്നിൽ പി.ആർ. ശ്രീജേഷും വൻമതിലുകളായി. ലോക രണ്ടാം നമ്പർ ടീമായ ബ്രിട്ടനെതിരെ ഇന്ന് ഇതേ മികവ് ആവർത്തിക്കാനായാൽ ഇന്ത്യ വീണ്ടും ഒളിംപിക്സ് മെഡലിന് അരികിലെത്തും.

പി.ആർ.ശ്രീജേഷ്
പി.ആർ.ശ്രീജേഷ്

വനിതാ ബോക്സിങ്ങിൽ ലവ്‌ലിന ബോർ‍ഗോഹെയ്ന് ഇന്ന് ക്വാർട്ടർ പോരാട്ടം, ജയിച്ചാൽ മെഡലുറപ്പ്

വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ മെഡൽ ഉറപ്പിക്കാൻ ഇന്ത്യൻ താരം ലവ്‌ലിന ബോർഗോഹെയ്ൻ ഇന്നിറങ്ങും. ഉച്ചകഴിഞ്ഞ് 3.02നാണ് മത്സരം. ടോക്കിയോ ഒളിംപിക്സിൽ 69 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ലവ്‌ലിനയ്ക്ക് മെഡൽ നേട്ടം ആവർത്തിക്കാൻ സാധിച്ചാൽ, അത് ചരിത്രമാകും. ബോക്സിങ്ങിൽ ഇതുവരെ ഒരു ഇന്ത്യൻ താരത്തിനും ഒന്നിലധികം മെഡലുകൾ നേടാൻ സാധിച്ചിട്ടില്ല. 

ചൈനീസ് താരം ലി ക്വിയാനാണ് ഇന്ത്യൻ താരത്തിന്റെ എതിരാളി. കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ഫൈനലിൽ ലവ്‌ലിനയെ തോൽപിച്ച് സ്വർണം നേടിയ താരമാണ് ടോപ് സീഡ് ആയ ക്വിയാൻ. റിയോ ഒളിംപിക്സിൽ വെങ്കലവും ടോക്കിയോ ഒളിംപിക്സിൽ വെള്ളിയും നേടിയ ചൈനീസ് താരം മൂന്നാം മെഡൽ ലക്ഷ്യം വച്ചാണ് ക്വാർട്ടർ പോരാട്ടത്തിന് എത്തുന്നത്. അതേസമയം, 75 കിലോഗ്രാം വിഭാഗത്തിൽ നിലവിലെ ലോക ചാംപ്യനാണെന്നത് ഇരുപത്താറുകാരി ലവ്‌വിനയ്ക്ക് ആത്മവിശ്വാസം പകരും.

English Summary:

Huge hope for India in Paris Olympics today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com