വേഗറാണിയായി ജൂലിയൻ ആൽഫ്രഡ്; സെമിയിലും ഫൈനലിലും ലോക ചാംപ്യനെ പിന്തള്ളി അപ്രതീക്ഷിത കുതിപ്പ്
Mail This Article
പാരിസ് ∙ ഒളിംപിക്സിൽ വനിതകളുടെ അതിവേഗപ്പോരാട്ടത്തിൽ സെന്റ് ലൂസിയയിൽ നിന്ന് ഒരു അപ്രതീക്ഷിത സൂപ്പർ സ്റ്റാർ. പാരിസ് ഒളിംപിക്സ് വനിതാ 100 മീറ്റർ ഫൈനലിൽ യുഎസിന്റെയും ജമൈക്കയുടെയും കുത്തക തകർത്ത് സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ് ചാംപ്യനായി. 10.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആൽഫ്രഡ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത് നിലവിലെ ലോക ചാംപ്യൻ യുഎസിന്റെ ഷാകെറി റിച്ചഡ്സനെ (10.87 സെക്കൻഡ്). മറ്റൊരു യുഎസ് താരം മെലിസ ജെഫേഴ്സനാണ് വെങ്കലം (10.92 സെക്കൻഡ്). കരീബിയൻ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയുടെ ആദ്യ ഒളിംപിക്സ് മെഡൽ കൂടിയാണ് ജൂലിയൻ ആൽഫ്രഡിലൂടെ ഇന്നലെ യാഥാർഥ്യമായത്.
യുഎസ് താരം ഷാകെറിയും ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസറും തമ്മിലുള്ള സൂപ്പർ പോരാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു ഇന്നലെ ഇരുപത്തിമൂന്നുകാരി ജൂലിയൻ ആൽഫ്രഡിന്റെ കുതിച്ചോട്ടം. 2 തവണ ഒളിംപിക്സ് ചാംപ്യനായ ഷെല്ലി ആൻ ഫ്രേസർ സെമിഫൈനൽ മത്സരത്തിനു മുൻപേ പിൻമാറിയതോടെ എല്ലാവരുടെയും കണ്ണുകൾ ഷാകെറിയിലേക്കു മാത്രമായി. എന്നാൽ ആദ്യ സെമിഫൈനലിൽ ഷാകെറിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തിയ ജൂലിയൻ വരാനിരിക്കുന്ന വലിയ അട്ടിമറിയുടെ സൂചന നൽകി. 10.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആൽഫ്രഡ് സെമിയിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഫൈനലിലേക്കു മുന്നറിയത്.
3 യുഎസ് താരങ്ങളും ഒരു ജമൈക്കൻ താരവും അണിനിരന്ന ഫൈനലിൽ തുടക്കം മുതൽ വ്യക്തമായ ലീഡെടുത്തു കുതിച്ചാണ് ജൂലിയൻ ആൽഫ്രഡ് സ്വർണവര തൊട്ടത്. സ്റ്റാർട്ടിങ്ങിൽ പാളിച്ച നേരിട്ട ഷാകെറി തുടർന്ന് അതിവേഗം ഓടിക്കയറിയെങ്കിലും ജൂലിയനൊപ്പമെത്താനായില്ല. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ജൂലിയൻ ആദ്യ ഒളിംപിക്സ് സ്വർണം കഴുത്തിലണിഞ്ഞത്.
ഷെല്ലിയുടെ പിൻമാറ്റം?
37–ാം വയസ്സിൽ കരിയറിലെ അവസാന ഒളിംപിക്സിനെത്തിയ ജമൈക്കൻ സൂപ്പർതാരം ഷെല്ലി ആൻ ഫ്രേസറുടെ അപ്രതീക്ഷിത പിൻമാറ്റത്തെച്ചൊല്ലിയുള്ള നാടകീയതകളോടെയാണ് ഇന്നലെ മത്സരം തുടങ്ങിയത്. മികച്ച രണ്ടാമത്തെ സമയത്തോടെ ഹീറ്റ്സിൽ നിന്നു മുന്നേറിയ ഷെല്ലി സെമിയിൽ മത്സരിച്ചില്ല. ഷെല്ലി മത്സരിക്കേണ്ട അഞ്ചാം നമ്പർ ട്രാക്ക് സെമിപോരാട്ടത്തിൽ ഒഴിഞ്ഞുകിടന്നു. മത്സരത്തിന് മുൻപ് വാംഅപ്പിനായി സ്വകാര്യ വാഹനത്തിൽ ഗ്രൗണ്ടിലേക്ക് എത്തിയ ഷെല്ലിക്ക് സംഘാടകർ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് താരത്തിന്റെ പിൻമാറ്റമെന്നുമാണ് റിപ്പോർട്ടുകൾ.