അവർ പുരുഷൻമാരാണ്: ഇമാനെയും ലിൻ യുടിങ്ങിനെയും വിടാതെ ബോക്സിങ് അസോസിയേഷൻ
Mail This Article
പാരിസ്∙ അൽജീരിയൻ ബോക്സിങ് താരം ഇമാൻ ഖലീഫിനെയും, തയ്‍വാന്റെ ലിൻ യുടിങ്ങിനെയും ‘പുരുഷനെന്ന്’ വിളിച്ച് രാജ്യാന്തര ബോക്സിങ് അസോസിയേഷൻ. ഒളിംപിക്സിൽ വനിതാ ബോക്സിങ്ങിൽ അൽജീരിയൻ താരം ഇമാനെയും തയ്‍വാന്റെ ലിൻ യുടിങ്ങിനെയും മത്സരിപ്പിച്ചതിൽ വിവാദം തുടരുന്നതിനിടെയാണ് ഐബിഎ പ്രതിനിധികൾ വാർത്താ സമ്മേളനം വിളിച്ച് താരങ്ങൾക്കെതിരെ രംഗത്തെത്തിയത്. ഇരുവരും പുരുഷൻമാരാണെന്ന നിലപാട് ബോക്സിങ് അസോസിയേഷന്‍ ആവർത്തിച്ചു. രണ്ടു താരങ്ങളും പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം നടന്ന ലോകചാംപ്യൻഷിപ്പിൽനിന്നു വിലക്കിയിരുന്നതായി ഐബിഎ പ്രതിനിധികൾ അറിയിച്ചു.
ലിൻ യുടിങ്ങും ഇമാൻ ഖലീഫും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി)യുടെ അനുമതിയിലൂടെയാണ് ഒളിംപിക്സിൽ മത്സരിക്കാനെത്തിയത്. വനിതാ ബോക്സിങ്ങിൽ സെമി ഫൈനലിൽ കടന്ന രണ്ടു താരങ്ങളും മെഡൽ ഉറപ്പിച്ചു കഴിഞ്ഞു. പാരിസിൽ വാർത്താ സമ്മേളനം നടത്തിയ ഐബിഎ പ്രതിനിധികൾ കഴിഞ്ഞ വർഷം രണ്ടു താരങ്ങളും നടത്തിയ പരിശോധനകളുടെ ഫലങ്ങളും ഇവിടെ പരസ്യമാക്കി. രണ്ടു താരങ്ങളുടേയും രക്ത പരിശോധന നടത്തിയപ്പോൾ ക്രമക്കേടുകൾ കണ്ടെത്തിയതായി ഐബിഎ മെഡിക്കൽ കമ്മിറ്റി മുൻ ചെയർമാൻ ലൊവാനിസ് ഫിലിപ്പറ്റോസ് ആരോപിച്ചു.
2023 ൽ വീണ്ടും പരിശോധന നടത്തിയ ശേഷമാണ് ഇരുവരേയും അസോസിയേഷൻ വിലക്കിയതെന്നും ഐബിഎ പ്രതിനിധികൾ വ്യക്തമാക്കി.‘‘മെഡിക്കൽ ഫലങ്ങൾ, രക്ത പരിശോധനാ ഫലങ്ങൾ എല്ലാം പരിശോധിച്ചു. ഇരുവരും പുരുഷൻമാരാണെന്നാണ് ഇതു കാണിക്കുന്നത്. ലബോറട്ടറിയിൽനിന്നാണ് ഇങ്ങനെയൊരു ഫലം ലഭിച്ചത്.’’–ഫിലിപ്പറ്റോസ് പ്രതികരിച്ചു. ലിൻ യുടിങ്ങും ഇമാൻ ഖലീഫും ടോക്കിയോ ഒളിംപിക്സിൽ മത്സരിച്ചിരുന്നെങ്കിലും മെഡലൊന്നും ലഭിച്ചിരുന്നില്ല.
രണ്ടു താരങ്ങളെയും പിന്തുണയ്ക്കുന്നതായി ഐഒസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇമാൻ ഖലീഫിനെതിരായ ഒളിംപിക് പോരാട്ടത്തിനിടെ ഇറ്റാലിയൻ താരം ആൻജല കരീനി പിൻവാങ്ങിയതോടെയാണു വിവാദങ്ങളുടെ തുടക്കം. ഐബിഎയെ അംഗീകരിക്കാത്ത ഐഒസി സ്വന്തം നിലയ്ക്കാണ് ഒളിംപിക്സിൽ ബോക്സിങ് മത്സരങ്ങൾ നടത്തുന്നത്. ക്വാർട്ടർ ഫൈനലിൽ ഹംഗറിയുടെ ലൂക്ക അന്ന ഹമോറിയെ തോൽപിച്ചാണ് ഇമാൻ ഖലീഫ് സെമി ഫൈനലിലേക്കു യോഗ്യത നേടിയത്.