ADVERTISEMENT

ന്യൂഡൽഹി∙ രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ ഗൗതം ഗംഭീർ, തൽസ്ഥാനത്ത് അധികകാലം തുടരുമെന്ന് തോന്നുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ജൊഗീന്ദർ ശർമ. എല്ലാക്കാര്യങ്ങളിലും കൃത്യമായ നിലപാടുള്ള വ്യക്തിയെന്ന നിലയിൽ, ഇന്ത്യൻ ടീമംഗങ്ങളിൽ ചിലരെങ്കിലുമായി യോജിച്ചുപോകുന്നത് ഗംഭീറിനെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന് ജൊഗീന്ദർ ശർമ അഭിപ്രായപ്പെട്ടു. എന്നാൽ, വിരാട് കോലിയേയല്ല താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

‘‘ടീമിനെ കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്തി തന്നെയാണ് ഗൗതം ഗംഭീർ. പക്ഷേ,  ടീമിനൊപ്പം അധികകാലം തുടരാൻ ഗംഭീറിനു കഴിയുമെന്ന് ഞാൻ കരുതുന്നില്ല’ – ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ ജൊഗീന്ദർ ശർമ പറഞ്ഞു.

‘സ്വന്തമായി തീരുമാനങ്ങളും അഭിപ്രായങ്ങളുമുള്ളയാളാണ് ഗംഭീർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ടീമിലെ ഏതെങ്കിലുമൊക്കെ താരങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഞാൻ വിരാട് കോലിയേക്കുറിച്ചല്ല പറയുന്നത്. ഗംഭീറിന്റെ തീരുമാനങ്ങളും നിലപാടുകളും മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്നത് മുൻപും നാം കണ്ടിട്ടുണ്ട്’ – ജൊഗീന്ദർ വിശദീകരിച്ചു.

‘‘പറയാനുള്ളത് മുഖത്തുനോക്കി നേരിട്ടു പറയുന്നതാണ് ഗംഭീറിനു ശീലം. അദ്ദേഹം അനാവശ്യമായി ആരെയും പുകഴ്ത്താറില്ല. പുകഴ്ത്തൽ കേൾക്കാൻ താൽപര്യപ്പെടുന്നയാളുമല്ല. നമ്മളാണ് അദ്ദേഹത്തിന് ഓരോ വിശേഷണങ്ങൾ ചാർത്തിക്കൊടുക്കുന്നത്. ഗംഭീർ അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു. അത് സത്യസന്ധമായിത്തന്നെ ചെയ്യുന്നു’ – ജൊഗീന്ദർ ശർമ പറഞ്ഞു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ, പാക്കിസ്ഥാനെതിരായ കലാശപ്പോരിലെ നിർണായകമായ അവസാന ഓവർ എറിഞ്ഞ് ശ്രദ്ധ നേടിയ വ്യക്തിയാണ് ജൊഗീന്ദർ. സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ച ജൊഗീന്ദർ നിലവിൽ ഹരിയാന പൊലീസിൽ എസിപിയാണ്.

English Summary:

Joginder Sharma Doubts Gautam Gambhir's Long-Term Coaching Tenure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com