ADVERTISEMENT

ന്യൂഡൽഹി∙ വ‍ഞ്ചന കാട്ടിയ വിനേഷ് ഫോഗട്ടിന് ദൈവം നൽകിയ ശിക്ഷയാണ് ഒളിംപിക്സ് വേദിയിലെ അയോഗ്യതാ വിവാദമെന്ന് ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ചതിയും വഞ്ചനയും കാട്ടിയാണ് വിനേഷ് ഫോഗട്ട് ഒളിംപിക്സിൽ മത്സരിച്ചതെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. ബജ്‌രംഗ് പൂനിയ ട്രയൽസ് കൂടാതെയാണ് ഏഷ്യൻ ഗെയിംസിനു പോയതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു.

ഇരുവരും കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് ആരോപണ ശരങ്ങളും ശാപവാക്കുകളുമായി ബ്രിജ് ഭൂഷണിന്റെ രംഗപ്രവേശം. ദൈവം ശിക്ഷിച്ചതുകൊണ്ടാണ് വിനേഷ് ഫോഗട്ടിന് ഒളിംപിക്സിൽ മെഡൽ ലഭിക്കാത്തതെന്നും ബ്രിജ് ഭൂഷൺ പരിഹസിച്ചു.

‘‘എനിക്ക് വിനേഷ് ഫോഗട്ടിനോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. ഒരു താരത്തിന് രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കുമോ? ഭാരപരിശോധന നടത്തിയ ശേഷം ട്രയൽസ് അഞ്ച് മണിക്കൂർ നേരത്തേക്ക് നിർത്തിവയ്ക്കാൻ പറ്റുമോ? നിങ്ങൾ ഒളിംപിക്സിൽ മത്സരിച്ചത് വഞ്ചനയിലൂടെയാണ്, അല്ലാതെ നേരാംവണ്ണം യോഗ്യത നേടിയിട്ടല്ല. അതിന് ദൈവം നൽകിയ ശിക്ഷയാണ് എല്ലാം’– ബ്രിജ് ഭൂഷൺ പറഞ്ഞു.

‘സത്യത്തിൽ വിനേഷ് ഫോഗട്ട് ഒളിംപിക്സിൽ മത്സരിക്കാൻ യോഗ്യത നേടിയിരുന്നില്ല. യോഗ്യതയുള്ള മറ്റൊരു താരത്തിന്റെ അവസരം അവർ കവർന്നെടുക്കുകയായിരുന്നു. ട്രയൽസിൽ തന്നെ തോൽപ്പിച്ച താരത്തിന്റെ അവസരമാണ് വിനേഷ് കവർന്നെടുത്തത്. അതുകൊണ്ട് ഒളിംപിക്സിൽ സംഭവിച്ചതെല്ലാം അവർ അർഹിച്ചിരുന്നതാണ് എന്നാണ് എന്റെ അഭിപ്രായം’ – ബ്രിജ് ഭൂഷൺ പറഞ്ഞു.

ട്രയൽസിൽ മത്സരിക്കാതെ ബജ്‌രംഗ് പൂനിയ ഏഷ്യൻ ഗെയിംസിനു പോയതായും ബ്രിജ് ഭൂഷൺ ആരോപിച്ചു.

‘‘കായിക രംഗത്ത് ഇന്ത്യയുടെ മകുടമാണ് ഹരിയാന. എന്നിട്ടും ഒന്നര വർഷത്തോളം അവർ ഗുസ്തി രംഗത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്പ്പിച്ചു. ട്രയൽസ് കൂടാതെയാണ് ബജ്‌രംഗ് പൂനിയ ഏഷ്യൻ ഗെയിംസിനു പോയതെന്ന് വ്യക്തമല്ലേ? ഈ രംഗത്തെ വിദഗ്ധരോടാണ് എന്റെ ചോദ്യം’ – ബ്രിജ് ഭൂഷൺ പറഞ്ഞു.

English Summary:

God punished you: Brij Bhushan's Olympic 'cheating' dig at Vinesh Phogat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com