ഇന്ത്യ ഡി തോറ്റു, പിന്നാലെ സഞ്ജുവിന്റെ പരിശീലന വിഡിയോ വൈറൽ; ഗില്ലിന്റെ ഇന്ത്യ എയ്ക്കെതിരെ കളിക്കുമോ?– വിഡിയോ
Mail This Article
അനന്തപുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സിയ്‌ക്കെതിരെ ഇന്ത്യ ഡി മൂന്നാം ദിനം തന്നെ തോൽവി വഴങ്ങിയതിനു പിന്നാലെ, ആദ്യ മത്സരത്തിൽ പുറത്തിരുന്ന ഇന്ത്യ ഡിയുടെ മലയാളി താരം സഞ്ജു സാംസൺ നെറ്റ്സിൽ പരിശീലനം നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘സഞ്ജു സാംസൺ ഫാൻസ് പേജി’ലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായിരുന്ന കെ.എസ്. ഭരതുമായി സഞ്ജു സംസാരിക്കുന്ന ചിത്രവും വൈറലാണ്.
ഇടംകൈ സ്പിന്നർ മാനവ് സുതർ രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റുമായി മിന്നിത്തിളങ്ങിയതോടെയാണ് ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ഇന്ത്യ സി അനായാസ വിജയം നേടിയത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡിയെ, നാലു വിക്കറ്റിനാണ് ഗെയ്ക്‌വാദും സംഘവും തോൽപ്പിച്ചത്.
രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ മികച്ച സ്കോറിലേക്കു കുതിക്കുകയായിരുന്ന ഇന്ത്യ ബി ടീമിനെ തകർത്തത് രാജസ്ഥാൻ സ്വദേശി മാനവ് സുതറിന്റെ മിന്നും പ്രകടനമാണ്. 70 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യ ഡിയുടെ അവസാന 7 വിക്കറ്റുകളും മാനവ് വീഴ്ത്തി. 233 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ സി ടീം മറികടക്കുകയും ചെയ്തു.
പരുക്കേറ്റ ഇഷാൻ കിഷനു പകരം ടീമിൽ ഉൾപ്പെടുത്തിയത് അവസാന നിമിഷമായതിനാൽ സഞ്ജു ഈ മത്സരത്തിൽ കളിച്ചിരുന്നില്ല. ഇന്ത്യ ഡിയ്ക്കായി വിക്കറ്റ് കീപ്പറായെത്തിയ കെ.എസ്. ഭരത് നിരാശപ്പെടുത്തുകയും ചെയ്തു. ഒന്നാം ഇന്നിങ്സിൽ 42 പന്തിൽ രണ്ടു ഫോറുകളോടെ 13 റൺസെടുത്ത ഭരത്, രണ്ടാം ഇന്നിങ്സിൽ 20 പന്തിൽ മൂന്നു ഫോറുകൾ സഹിതം 16 റൺസെടുത്തും പുറത്തായി.
രണ്ട് ഇന്നിങ്സിലുമായി ഇന്ത്യ ഡി താരങ്ങൾക്ക് നേടാനായത് മൂന്ന് അർധസെഞ്ചറികൾ മാത്രമാണ്. ഒന്നാം ഇന്നിങ്സിൽ അക്ഷർ പട്ടേൽ പൊരുതി നേടിയ അർധസെഞ്ചറി (118 പന്തിൽ 86) ഇന്ത്യ ഡിയെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചപ്പോൾ, രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (44 പന്തിൽ 54), ദേവ്ദത്ത് പടിക്കൽ (70 പന്തിൽ 56) എന്നിവരുടെ അർധസെഞ്ചറികൾ ടീമിനെ നാണക്കേടിൽനിന്ന് രക്ഷിച്ചു.
ഇനി സെപ്റ്റംബർ 12 മുതൽ അനന്തപുർ റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ് സ്റ്റേഡിയത്തിൽ ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യ എയ്‌ക്കെതിരെയാണ് ഇന്ത്യ ഡിയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.