ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വർണം നഷ്ടമായത് ഒരു സെന്റീമീറ്റർ വ്യത്യാസത്തിൽ– വിഡിയോ
Mail This Article
ബ്രസൽസ് (ബൽജിയം) ∙ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ഒരു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. 87.86 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡൽ നേടിയത്. 87.87 മീറ്റർ ദൂരം ഏറിഞ്ഞ മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് സ്വർണം. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97 മീറ്ററുമായി മൂന്നാമതെത്തി. ഒരിക്കൽക്കൂടി 90 മീറ്റർ ദൂരം നീരജിനു മുന്നിൽ സ്വപ്നദൂരമായി അവശേഷിക്കുന്നു.
30,000 യുഎസ് ഡോളറാണ് (ഏകദേശം 25 ലക്ഷം രൂപ) ഡയമണ്ട് ലീഗ് ചാംപ്യൻമാർക്കുള്ള സമ്മാനത്തുക. 2022-ൽ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടർച്ചയായി രണ്ടാം വർഷമാണ് ഫൈനലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.
മൂന്നാം ശ്രമത്തിലാണ് നീരജ് 87.86 മീറ്റർ ദൂരം പിന്നിട്ടത്. 86.82, 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു നീരജിന്റെ 6 ത്രോകൾ. അതേസമയം, ആദ്യ ശ്രമത്തിൽ തന്നെ ആൻഡേഴ്സൻ പീറ്റേഴ്സ് 87.87 മീറ്റർ ദൂരം ഏറിഞ്ഞു. 87.87, 86.96, 85.40, 85.85, 84.11, 87.86 എന്നിങ്ങനെയായിരുന്നു പീറ്റേഴ്സിന്റെ ത്രോകൾ.
തുടർച്ചയായ മൂന്നാം ഡയമണ്ട് ലീഗ് ഫൈനലിനിറങ്ങിയ നീരജ് ചോപ്ര, ജാവലിൻത്രോയിലെ ഡയമണ്ട് ലീഗ് സീസൺ റാങ്കിങ്ങിൽ നാലാമതാണ്. 2022 സീസണിൽ സൂറിക്കിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ 88.44 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം 84.24 മീറ്റർ ഏറിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ് ഒന്നാമതെത്തിയപ്പോൾ 83.80 മീറ്റർ ദൂരം എറിഞ്ഞ നീരജ് രണ്ടാമതായി.