പി.ടി. ഉഷ വന്നത് ഫോട്ടോയെടുക്കാൻ, എനിക്ക് തലകറങ്ങുന്നുണ്ടായിരുന്നു: വിമർശിച്ച് വിനേഷ് ഫോഗട്ട്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിംപിക്സിനിടെ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ആശുപത്രിയിൽ കഴിയവെ, ‘ഫോട്ടോയെടുക്കാനുള്ള അവസരം’ ഉപയോഗിക്കാനാണു പി.ടി. ഉഷ ശ്രമിച്ചതെന്ന് വിനേഷ് ഫോഗട്ട് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരിൽ തന്നെ ഒളിംപിക്സിൽനിന്ന് മാറ്റിനിർത്തിയപ്പോൾ രാഷ്ട്രീയക്കാരും ഫെഡറേഷൻ പ്രതിനിധികളും ചില കായികതാരങ്ങളും പിന്തുണച്ചില്ലെന്നും വിനേഷ് ആരോപിച്ചു.
‘‘പി.ടി. ഉഷ ആശുപത്രിയിലേക്കു വരുന്നുണ്ടെന്ന് അറിയിക്കുമ്പോൾ ഞാൻ പൂർണമായ ബോധം വീണ്ടെടുത്തിരുന്നില്ല. ആ സമയത്ത് എനിക്ക് തല കറങ്ങുന്നുണ്ടായിരുന്നു. എനിക്ക് എഴുന്നേറ്റ് ഇരിക്കേണ്ടിവന്നു. ഒരു ഫോട്ടോയെടുക്കാനും വിനേഷിന് കുഴപ്പമൊന്നുമില്ലെന്നു പറയാനുമായിരുന്നു അവർ വന്നത്. പക്ഷേ സത്യത്തിൽ ഞാൻ ഒകെ ആയിരുന്നില്ല. മാധ്യമങ്ങളെ കാണിക്കാനും ഉത്തരവാദിത്തത്തിൽനിന്നു രക്ഷപെടാനും വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.’’
‘‘ഞങ്ങൾ നിന്റെ കൂടെയുണ്ട് എന്നു പറയുക മാത്രമാണ് പി.ടി. ഉഷ ചെയ്ത കാര്യം.’’– വിനേഷ് ഫോഗട്ട് പ്രതികരിച്ചു. ഗുസ്തി താരങ്ങൾ തെരുവിലിറങ്ങിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും മിണ്ടിയിട്ടില്ലെന്നും വിനേഷ് തുറന്നടിച്ചു. ‘‘കായിക മേഖലയെക്കുറിച്ചും താരങ്ങളെക്കുറിച്ചും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നെങ്കിൽ, ഇത്രയും പ്രധാനപ്പെട്ട പ്രതിഷേധം നടക്കുമ്പോൾ അദ്ദേഹത്തിനു മിണ്ടാതിരിക്കാൻ സാധിക്കില്ലായിരുന്നു. ഒളിംപിക്സ് ഗുസ്തിയിൽ ഞാൻ ഫൈനലിലെത്തിയിട്ടും പ്രധാനമന്ത്രി ഒന്നു വിളിക്കുക പോലും ചെയ്തിട്ടില്ല. എല്ലാ അത്‍ലീറ്റുകളെയും അദ്ദേഹം വളരെ പെട്ടെന്ന് ബന്ധപ്പെടുന്നുണ്ട്. എനിക്കു സ്വർണമെഡൽ വിജയിക്കാൻ സാധിക്കുമെന്നാണ് എല്ലാവരും കരുതിയത്.’’
‘‘സ്വർണ മെഡൽ ജേതാവിനു നൽകുന്ന അത്രയും പാരിതോഷികം എനിക്കു ലഭിക്കുമെന്ന് ഹരിയാന സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിൽ, അതു നല്ല കാര്യമാണ്. പക്ഷേ എന്റെ അക്കൗണ്ടിൽ പാരിതോഷികമൊന്നും വന്നിട്ടില്ല. തിരഞ്ഞെടുപ്പുള്ളതുകൊണ്ടാണ് അവർ ഇതൊക്കെ പറയുന്നത്. മറ്റു താരങ്ങൾക്കു ലഭിക്കുന്നതുപോലെ 15 ലക്ഷം രൂപ മാത്രമാണ് എനിക്കും കിട്ടിയത്.’’– വിനേഷ് ഫോഗട്ട് വ്യക്തമാക്കി.