പഠനകാലത്തെ ബോക്സിങ് ഓർമകളുമായി നടി ചിന്നു ചാന്ദ്നി; ലേറ്റാ വന്താലും ലേറ്റസ്റ്റ് പഞ്ച്!
Mail This Article
സംസ്ഥാന സ്കൂൾ കായികമേളയിലെ ബോക്സിങ് മത്സരങ്ങൾ ടെലിവിഷനിൽ കണ്ടപ്പോൾ എന്റെ ബോക്സിങ് കാലം ഓർത്തുപോയി. തിരുവനന്തപുരത്ത് ഓൾ സെയ്ന്റ്സ് കോളജിൽ പിജിക്കു പഠിക്കുമ്പോഴാണു ഞാൻ ബോക്സിങ് പഠിച്ചത്. ശരിക്കും ലേറ്റ് എൻട്രി. പ്രേംനാഥ് സാറായിരുന്നു കോച്ച്. ഫുട്‌വർക്ക് ഒക്കെ മെച്ചപ്പെടുത്താൻ ഞാനന്നു ആയോധനകലയായ ‘ക്രാവ് മഗ’ പഠിക്കുകയാണ്. പ്രേംനാഥ് സാറാണു ബോക്സിങ് പരിചയപ്പെടുത്തിയത്.
വൈകാതെ ഞാൻ എന്റെ ഭാരവിഭാഗത്തിൽ സംസ്ഥാന ചാംപ്യനായി. ദേശീയ ഗെയിംസിനുള്ള കേരള ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എന്റെ ഭാരവിഭാഗത്തിൽ മത്സരമില്ലാത്തതുകൊണ്ടു പങ്കെടുക്കാനായില്ല.
ബോക്സിങ് ഇപ്പോഴും ഹൃദയത്തോടു ചേർന്നു നിൽക്കുകയാണ്. പണ്ടു ദേശീയ ഗെയിംസ് ക്യാംപിൽ വച്ചു സായി കുട്ടികളുമായി മത്സരിക്കുമ്പോൾ കുട്ടികളല്ലേ അവർക്കിടി കൊള്ളരുതല്ലോ എന്ന മട്ടിൽ ഞാനൽപം ഡിഫൻസീവാകും. അപ്പോൾ അവർ കയറി ചറപറ ഇടിക്കും. അതിന്റെ വേദനയുടെ ഒരു രസമാണ് ഇപ്പോഴും ബാക്കി. ഫിസിക്കൽ മാത്രമല്ല മാനസികാരോഗ്യത്തിനും നല്ലതാണു ബോക്സിങ്.
സ്പോർട്സിൽ തുടരാനുള്ള കണ്ടിഷൻ എപ്പോഴും ഉണ്ടാകണമെന്നില്ല എന്നതാണു കായികമേഖലയുടെ പ്രശ്നം. അതിനുള്ള സാഹചര്യം ലഭ്യമാക്കണം. കായികമേളകൾ കണ്ടെത്തുന്ന സ്വർണത്തളിരുകൾ ആ രംഗത്തു പൂത്തുലയണമെങ്കിൽ ആ സാഹചര്യം അവർക്കു ലഭിക്കണം. റിങ്ങിലെ പോരാളികൾക്ക് ആശംസകൾ.