ADVERTISEMENT

തിരുവനന്തപുരം∙ ഏഷ്യന്‍ഗെയിംസിലെ ചരിത്ര മെഡല്‍നേട്ടത്തിനു പിന്നാലെ കേരളത്തിന്റെ പ്രിയപ്പെട്ട ബാഡ്മിന്റന്‍ താരം എച്ച്.എസ്.പ്രണോയ് തമിഴ്‌നാട്ടിലേക്ക് കൂടുമാറിയതിന്റെ വാര്‍ത്ത കേട്ട് കേരളത്തിന്റെ കായികലോകം അമ്പരന്ന് കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ നാഷനല്‍ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി കളിക്കേണ്ട കുട്ടികള്‍ മധ്യപ്രദേശിനു പോകാന്‍ ടിക്കറ്റില്ലാതെ എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്നു. 16ന് പുലർച്ചെ മധ്യപ്രദേശില്‍ എത്തേണ്ട ട്രെയിന്‍ കടന്നുപോകുന്നതും നോക്കി ഇനി യാത്രയ്ക്കായി എന്തു ചെയ്യുമെന്ന് അറിയാതെ അന്തംവിട്ട് റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയാണ് കുട്ടികളും മാതാപിതാക്കളും. 

‘‘ചുമ്മാതാണോ എച്ച്.എസ്.പ്രണോയ് കേരളം വിട്ടത്. ഇതൊക്കെ നമ്മുടെ സംസ്ഥാനത്ത് മാത്രമേ നടക്കൂ’’ എന്ന് കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ പറയുമ്പോള്‍ അതു കേരള കായിക രംഗത്തിന്റെ ഏറ്റവും ദയനീയമായ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. 17-നാണ് മധ്യപ്രദേശില്‍ മത്സരം നടക്കുന്നത്. അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗത്തില്‍ കേരളത്തിനായി കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും ടീം മാനേജരും അടക്കം 24 ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. എമര്‍ജന്‍സി ക്വാട്ടയില്‍ കൊടുത്തിരുന്നെങ്കിലും ടിക്കറ്റുകള്‍ കണ്‍ഫേം ആയില്ല. 

17ന് മധ്യപ്രദേശില്‍ കളി ഉണ്ടെന്ന് ഏറെ മുന്‍പു തന്നെ അറിഞ്ഞിട്ടും അധികൃതര്‍ യാത്രാസൗകര്യം ഒരുക്കാതിരുന്നതോടെ വിവിധ മത്സരങ്ങള്‍ കളിച്ചു യോഗ്യത നേടി നാഷനല്‍സ് സ്വപ്‌നം കണ്ട കുട്ടികളുടെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. അവസാന നിമിഷം വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുകയാണെന്നും വലിയ ടിക്കറ്റ് നിരക്കാണെന്നും മാതാപിതാക്കള്‍ പറയുന്നു. ഇത്രയും കുട്ടികള്‍ക്ക് 17ന് എത്താന്‍ പാകത്തില്‍ ടിക്കറ്റ് കിട്ടുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

വിഷയത്തില്‍ റെയില്‍വേ ഇടപെടല്‍ ആവശ്യപ്പെട്ട് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ രംഗത്തെത്തി. കേരളത്തില്‍ നിന്ന് ദേശീയ മത്സരങ്ങള്‍ക്ക് പോകുന്ന കായിക താരങ്ങള്‍ക്ക് ട്രെയിനുകളില്‍ പ്രത്യേക കോച്ച് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് മന്ത്രി കത്തയച്ചു. നിലവില്‍ ദേശീയ മത്സരങ്ങള്‍ക്ക് പോകുന്ന കായിക താരങ്ങള്‍ ട്രെയിന്‍ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമര്‍ജന്‍സി ക്വാട്ടയില്‍ അപേക്ഷ നല്‍കിയാലും മുഴുവന്‍ പേര്‍ക്കും റിസര്‍വേഷന്‍ ലഭിക്കാത്ത നിലയുണ്ട്. 

ദേശീയ മത്സരങ്ങളുടെ ഷെഡ്യൂള്‍ നേരത്തേ നിശ്ചയിക്കാന്‍ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസര്‍വേഷന്‍ നടത്താന്‍ സാധിക്കുന്നില്ല. അടിയന്തിര സാഹചര്യങ്ങളില്‍ കായികതാരങ്ങള്‍ക്ക് യാത്രയ്ക്ക് പ്രത്യേക കോച്ച് അനുവദിക്കുകയും എമര്‍ജന്‍സി ക്വാട്ടയില്‍ പരമാവധി റിസര്‍വേഷന്‍ ലഭ്യമാക്കുകയും വേണം. ഇക്കാര്യത്തില്‍ റെയില്‍വേ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

English Summary:

Kerala badminton players waiting at the railway station to confirm tickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com