ഒന്നാമനു പിന്നിലെ ‘സെക്കൻഡ്സ്’, രണ്ടുപേർ നടത്തുന്ന പോരാട്ടമല്ല ലോകചെസ് ചാംപ്യൻഷിപ്പ്
Mail This Article
1969 ജൂലൈ 21. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ദിനം. മാനവരാശിയുടെ ആ കുതിച്ചുചാട്ടത്തിനു പിന്നിൽ മൂന്നര ലക്ഷത്തോളം പേരുടെ കഠിനാധ്വാനമുണ്ടായിരുന്നു. വർണ വർഗ ലിംഗ ഭേദമില്ലാത്ത ഒരേ മനസ്സോടെ പ്രവർത്തിച്ചവർ. അതിനെക്കാൾ പ്രാധാന്യം അവിടെ നാട്ടിയ നിസ്സാരമായ ഒരു കൊടിക്കായി മാറി, പിൽക്കാലത്ത്. രാജ്യത്തിന്റെ കൊടി പാറിക്കാൻ 2 പേർ നടത്തുന്ന പോരാട്ടം മാത്രമല്ല ലോക ചെസ് ചാംപ്യൻഷിപ്പും. ഏതു രാജ്യക്കാരൻ ജയിച്ചു എന്നതിലപ്പുറം മനുഷ്യന്റെ ചിന്താശക്തിയുടെ കുതിച്ചുചാട്ടമായിരുന്നു ചാംപ്യൻഷിപ് എക്കാലവും.
എതിരാളികളെ തീരുമാനിച്ചു കഴിയുമ്പോൾത്തന്നെ ഇരുഭാഗത്തും ‘സെക്കൻഡ്സ്’ എന്നറിയപ്പെടുന്ന പിന്നണിപ്പരിശീലകരുടെ നിരയൊരുങ്ങും. പല രാജ്യക്കാരും ആ ടീമിലുണ്ടാകും. ഉദാഹരണത്തിന് 2010ൽ ടോപലോവിനെതിരെയുള്ള മത്സര പരിശീലനത്തിന് വിശ്വനാഥൻ ആനന്ദിനെ സഹായിക്കാനെത്തിയവരിൽ മുൻലോകചാംപ്യൻമാരായ ഗാരി കാസ്പറോവും വ്ലാഡിമിർ ക്രാംനിക്കും 3 വർഷത്തിനുശേഷം ആനന്ദിനെ തോൽപിച്ച മാഗ്നസ് കാൾസനും ഉണ്ടായിരുന്നു!
പ്രാരംഭഘട്ടം മുതൽ അന്ത്യഘട്ടം വരെ പുതിയ ആശയങ്ങൾ തേടൽ, എതിരാളിയുടെ മികവും പോരായ്മയും അളക്കൽ, മനഃശാസ്ത്ര വിശകലനത്തിലൂന്നിയ നീക്കങ്ങൾ കണ്ടെത്തൽ– ഈ ടീം നടത്തുന്ന ഗവേഷണഫലങ്ങളുടെ മാറ്റുരയ്ക്കലാണ് ചെസ് പലകയിൽ നടക്കുക. ആവിഷ്കരിക്കുന്ന പല തന്ത്രങ്ങളും ലോകചാപ്യൻഷിപ്പിൽ പുറത്തുവന്നില്ലെങ്കിലും പിന്നീടുള്ള ടൂർണമെന്റുകളിൽ തന്ത്രങ്ങളായി പിറക്കും. ചുരുക്കത്തിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ചെസിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു മുതൽക്കൂട്ടാവുന്ന താത്വിക ചർച്ചയാണ് ലോകചാംപ്യൻഷിപ് വേദി.
ചെസിൽ ഏറെ പ്രചാരമുള്ള ക്വീൻസ് ഗാംബിറ്റ്, റുയ്‌ലോപസ് പ്രാരംഭനീക്കങ്ങളിൽ പുതുവഴികൾ തുറക്കുന്നതിൽ ആദ്യലോക ചാംപ്യനായ വില്യം സ്റ്റീനിറ്റ്സ് പങ്കെടുത്ത 5 ലോക ചാംപ്യൻഷിപ്പുകൾക്കു പങ്കുണ്ട്. സിസിലിയൻ പ്രതിരോധത്തിലെ നജ്ഡോർഫ് വേരിയേഷനും കിങ്സ് ഇന്ത്യൻ ഡിഫൻസിനും പ്രചാരം നൽകുന്നതിൽ ചെസ് ഇതിഹാസം ബോബി ഫിഷറുടെ പങ്ക് വലുതായിരുന്നു. റുയ്‌ലോപസ്, ക്വീൻസ് ഗാംബിറ്റ്, നിംസോ ഇന്ത്യൻ പ്രതിരോധം എന്നീ പ്രാരംഭങ്ങൾ കാലഭേദമില്ലാതെ ചെസ് പ്രേമികൾക്കു പ്രിയങ്കരമാക്കുന്നതിൽ വിവിധ ലോക ചാംപ്യൻഷിപ്പുകൾക്കുള്ള പങ്ക് ചെറുതല്ല.
2023ലെ ലോക ചാംപ്യൻഷിപ്പിൽ നീപോംനീഷിക്കെതിരെ പടയൊരുക്കാൻ ഡിങ് ലിറനു പിന്നിലുമുണ്ടായിരുന്നു സെക്കൻഡ്സിന്റെ ഒരു പട. എന്നാൽ, സമ്മർദഘട്ടങ്ങൾ തരണം ചെയ്യാൻ തന്നെ സഹായിച്ചത് ഇവരാരുമല്ല, രണ്ടു നൊബേൽ സമ്മാന ജേതാക്കളാണെന്ന് ഡിങ് പറഞ്ഞു. 2020ൽ സാഹിത്യ നോബൽ നേടിയ അമേരിക്കൻ കവി ലൂയീസ് ഗ്ലൂക്കും 1957ലെ ജേതാവ് ഫ്രാൻസുകാരനായ അൽബേർ കമ്യുവും. രണ്ടാം ഗെയിം തോറ്റശേഷം ഗ്ലൂക്കിന്റെ ‘‘അൺടിൽ ദ് വേൾഡ് റിഫ്ലക്റ്റ്സ് ദ് ഡീപസ്റ്റ് നീഡ്സ് ഓഫ് ദ് സോൾ’’ എന്ന പുസ്തക തലക്കെട്ടിന്റെ ആശയം തന്നെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നുവെന്ന് ഡിങ് എഴുതി.
മറ്റൊരു ഗെയിമിൽ തോൽവിക്കരികെ നിൽക്കുമ്പോൾ അൽബേർ കമ്യുവിന്റെ പ്രതിരോധം എന്ന ആശയം ഡിങ്ങിന്റെ മനസ്സിലെത്തി: ‘‘ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങളുടെ എല്ലാ കഴിവുമെടുത്തു പ്രതിരോധിക്കുക’’. ‘‘അതു വായിച്ചതിന്റെ ഓർമ കളിയിൽ പിടിച്ചുനിൽക്കാൻ എനിക്ക് ആത്മധൈര്യം നൽകി’’–ഡിങ് പറഞ്ഞു. സമപ്രായക്കാർക്കിടയിൽ ‘തത്വചിന്തകൻ’ എന്ന കളിപ്പേരുള്ള ഗുകേഷും തത്വചിന്ത ഏറെ ഇഷ്ടപ്പെടുന്ന ഡിങ് ലിറനും ബോർഡിനു മുന്നിൽ അണിനിരക്കുമ്പോൾ നീക്കങ്ങളുടെ തീപ്പൊരി ചിതറുക മാത്രമാവില്ല നടക്കുക, ആശയങ്ങളുടെ കുടമാറ്റവുമാകും.