പെര്ത്തിലെ പിച്ചിൽ പേസ് ബോളർമാർക്ക് സമ്പൂർണ ആധിപത്യം, ഫിറ്റ്നസ് ഉറപ്പിച്ചാൽ ഗില്ലിന് അവസരം; കോലി തിളങ്ങുമോ?
Mail This Article
പെർത്ത്∙ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളുടെ പോരാട്ടം; ബോർഡർ– ഗാവസ്കർ ടെസ്റ്റ് പരമ്പരയെ ഒറ്റ വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇരു ടീമുകളുടെയും സമീപകാല പ്രകടനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ലെങ്കിലും നേർക്കുനേർ വരുമ്പോഴെല്ലാം ഏറ്റവും മികച്ച പോരാട്ടം തന്നെയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഓരോ തവണയും നടത്താറുള്ളത്. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ബെർത്ത് എന്ന ലക്ഷ്യം കൂടി മുന്നിലിരിക്കെ, ഈ പോരാട്ടവീര്യം കൂടുതൽ കരുത്താർജിക്കും. 5 മത്സര പരമ്പരയിൽ ആദ്യത്തേത് നാളെ ഇന്ത്യൻ സമയം രാവിലെ 7.50ന് പെർത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.
ഗിൽ വന്നേക്കും
ഇടതു തള്ളവിരലിനു പരുക്കേറ്റ ബാറ്റർ ശുഭ്മൻ ഗിൽ ഒന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യം മത്സരദിവസം രാവിലെ മാത്രമേ തീരുമാനിക്കൂവെന്ന് ഇന്ത്യൻ ബോളിങ് പരിശീലകൻ മോർണി മോർക്കൽ അറിയിച്ചു. പരിശീലനത്തിനിടെ പരുക്കേറ്റ ഗില്ലിന് ഒന്നാം ടെസ്റ്റ് നഷ്ടമാകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഗില്ലിന്റെ പരുക്കു ഭേദമാകുന്നുണ്ടെന്നും മത്സര ദിവസം രാവിലെ വരെ ഫിറ്റ്നസ് ഉറപ്പിക്കാൻ ഗില്ലിന് അവസരമുണ്ടെന്നും മോർക്കൽ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ടെസ്റ്റിൽ ഉണ്ടാകില്ല.
ഖലീലിനു പകരം യഷ് ദയാൽ
പരിശീലനത്തിനിടെ പരുക്കേറ്റ ഇടംകൈ പേസർ ഖലീൽ അഹമ്മദിനു പകരം യഷ് ദയാലിനെ ഇന്ത്യൻ ടീമിന്റെ റിസർവ് സംഘത്തിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ബംഗ്ലദേശ് പരമ്പരയിലൂടെ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച ദയാലിനു പക്ഷേ, ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ട്വന്റി20 പരമ്പരയിലും ദയാൽ സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും ഇറങ്ങാൻ സാധിച്ചില്ല.
സൂപ്പർ ഫോർ
സമീപകാല ഫോം ദയനീയമാണെങ്കിലും ബോർഡർ– ഗാവസ്കർ പരമ്പരയിലെ ഫോക്കസ് പോയിന്റ് ഇരുടീമിലെയും നാലാം നമ്പർ ബാറ്റർമാരാണ്– വിരാട് കോലിയും സ്റ്റീവ് സ്മിത്തും. ഒരുകാലത്ത് ക്രിക്കറ്റിലെ ഫാബ് ഫോർ സംഘത്തിൽ വാഴ്ത്തപ്പെട്ടിരുന്ന ഇരുവരുടെയും സമീപകാല പ്രകടനങ്ങൾ മോശമാണ്. ട്വന്റി20 ക്രിക്കറ്റിൽ നിന്ന് ഇതിനോടകം വിരമിച്ച മുപ്പത്തിയാറുകാരനായ കോലിയുടെ അവസാന ബോർഡർ– ഗാവസ്കർ പരമ്പരയാകും ഇതെന്നു സൂചനയുണ്ട്. മുപ്പത്തിയഞ്ചുകാരൻ സ്മിത്തും ഇനിയൊരു ഇന്ത്യൻ പരമ്പരയ്ക്കു തയാറാകുമോ എന്നുറപ്പില്ല.
പിച്ച് റിപ്പോർട്ട്
പേസ് ബോളർമാർക്ക് ആധിപത്യം നൽകുന്ന പിച്ചാണ് പെർത്തിലേത്. ആവശ്യത്തിലേറെ പേസും ബൗൺസും ലഭിക്കും. മൂന്നാം ദിവസം മുതൽ സ്പിന്നർമാർ കളം പിടിക്കും. എന്നാൽ പേസർമാർക്ക് അപ്പോഴും പിച്ചിൽനിന്നു സഹായം ലഭിക്കും.
പാരമ്പര്യത്തിന്റെ പിച്ചിൽ ബോർഡർ – ഗാവസ്കർ ട്രോഫി
ആഷസ് പരമ്പരയോളം തന്നെ പ്രധാന്യത്തോടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ബോർഡർ– ഗാവസ്കർ ട്രോഫി. 2010 മുതലാണ് ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾ ബോർഡർ– ഗാവസ്കർ എന്നറിയപ്പെടാൻ തുടങ്ങിയത്. 1932ൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ചെങ്കിലും 1971ൽ വെസ്റ്റിൻഡീസിൽ വച്ച്, ഗാരി സോബേഴ്സ് നയിച്ച വിൻഡീസ് ടീമിനെതിരെ നേടിയ പരമ്പര വിജയത്തോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ അറിയപ്പെടുന്ന ടീമായി ഇന്ത്യ മാറിയത്. സുനിൽ ഗാവസ്കറുടെ അരങ്ങേറ്റ പരമ്പരയായിരുന്നു അത്. 4 ഇന്നിങ്സുകളിൽ നിന്ന് 154 ശരാശരിയിൽ 774 റൺസാണ് ഗാവസ്കർ പരമ്പരയിൽ നേടിയത്. പിന്നീടങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ മേൽവിലാസമായി മാറി ഗാവസ്കർ.
150ൽ അധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും 50നു മുകളിൽ ശരാശരിയോടെ 11000ൽ അധികം റൺസ് നേടിയ അലൻ ബോർഡർ, നിശ്ചിത ഓവർ മത്സരങ്ങളിലും ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. തങ്ങളുടെ ടീമുകൾക്കായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇന്ത്യ– ഓസ്ട്രേലിയ പരമ്പരയ്ക്ക് ബോർഡറുടെയും ഗാവസ്കറുടെയും പേരു നൽകാൻ തീരുമാനിച്ചത്.