മനു ഭാകറിനും ഗുകേഷിനും ഹർമൻപ്രീത് സിങ്ങിനും പ്രവീൺ കുമാറിനും ഖേൽരത്ന; സജൻ പ്രകാശിന് അർജുന പുരസ്കാരം
Mail This Article
ന്യൂഡൽഹി∙ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് നൽകും. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ് നൽകുക. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി താരം ഹർമൻപ്രീത് സിങ്, പാരാലിംപിക്സ് താരം പ്രവീൺ കുമാർ എന്നിവര്‍ക്ക് ഖേൽരത്ന പുരസ്കാരം നൽകുമെന്നും കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. ജനുവരി 17ന് രാഷ്ട്രപതി ഭവനിൽവച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ രണ്ടു മെഡലുകൾ നേടിയ മനു ഭാകറെ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയ്ക്കുള്ള ശുപാർശയിൽ ഉൾപ്പെടുത്താത്തത് നേരത്തേ വിവാദമായിരുന്നു. അപേക്ഷിച്ചതിൽ പ്രശ്നങ്ങളുള്ളതിനാലായിരുന്നു ശുപാർശ ലഭിക്കാത്തത് എന്ന് മനു ഒടുവിൽ പ്രതികരിച്ചു. എന്നാൽ താരത്തിനും പുരസ്കാരം നൽകാൻ കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
അതേസമയം ഒളിംപിക്സിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ വെങ്കലം നേടിയ സ്വപ്നിൽ കുസാലെയ്ക്കും 10 മീറ്റർ എയർ പിസ്റ്റൾ വെങ്കല മെഡൽ ജേതാവ് സരബ്ജോത് സിങ്ങിനും അർജുന അവാർഡാണു നൽകിയിരിക്കുന്നത്. 217ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്ലൈസിൽ വെള്ളി നേടിയ താരമാണ് സജൻ പ്രകാശ്. 2016ൽ ഗുവാഹത്തിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ലൈ, 1500 മീറ്റർ ഫ്രീസ്റ്റൈൽ, 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിൽ സ്വർണം വിജയിച്ചു.
അർജുന പുരസ്കാരം നേടിയ 32 താരങ്ങൾ ഇവർ– സജൻ പ്രകാശ് (നീന്തൽ), ജ്യോതി യാരാജി (അത്‍ലറ്റിക്സ്), അന്നു റാണി (അത്‍ലറ്റിക്സ്), നിതു (ബോക്സിങ്), സവീതി (ബോക്സിങ്), വന്തിക അഗർവാൾ (ചെസ്), സലിമ ടെറ്റെ (ഹോക്കി), അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി), ജർമൻപ്രീത് സിങ് (ഹോക്കി), സുഖ്ജീത് സിങ് (ഹോക്കി), രാകേഷ് കുമാർ (പാര– ആർച്ചറി), പ്രീതിപാൽ (പാര– അത്‍ലറ്റിക്സ്), ജീവൻജി ദീപ്തി (പാര– അത്‍ലറ്റിക്സ്), അജിത് സിങ് (പാര– അത്‍ലറ്റിക്സ്), സച്ചിൻ സർജറാവു (പാര– അത്‍ലറ്റിക്സ്), ധരംബിർ (പാര– അത്‍ലറ്റിക്സ്), പ്രണവ് സൂർമ (പാര– അത്‍ലറ്റിക്സ്), ഹോക്കട്ടോ സെമ (പാര– അത്‍ലറ്റിക്സ്), സിമ്രൻ (പാര– അത്‍ലറ്റിക്സ്), നവ്ദീപ് (പാര– അത്‍ലറ്റിക്സ്), നിതേഷ് കുമാർ (പാര– ബാഡ്മിന്റൻ), തുളസിമതി മുരുകേശൻ (പാര– ബാഡ്മിന്റൻ), നിത്യശ്രീ സുമതി ശിവൻ (പാര– ബാഡ്മിന്റൻ), മനീഷ രാംദാസ് (പാര– ബാഡ്മിന്റൻ), കപിൽ പാർമർ (പാര– ജൂഡോ), മോന അഗർവാൾ (പാര– ഷൂട്ടിങ്), റുബിന ഫ്രാൻസിസ് (പാര– ഷൂട്ടിങ്), സ്വപ്നിൽ കുസാലെ (ഷൂട്ടിങ്), സരബ്ജോത് സിങ് (ഷൂട്ടിങ്), അഭയ് സിങ് (സ്ക്വാഷ്), അമൻ (ഗുസ്തി)