ടെന്നിസ് കോർട്ടിലെ ഓഫ് റോഡ് ഡ്രൈവ്, കളിമൺ കോര്ട്ടിലെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ
Mail This Article
30 വർഷമായി ജലസ്പർശമേൽക്കാത്ത ഈജിയൻ തൊഴുത്ത് വൃത്തിയാക്കിയത് ഉൾപ്പെടെ താൻ കൽപിച്ച ദുഷ്കരദൗത്യങ്ങളെല്ലാം പൂർത്തീകരിച്ചുവന്ന ഹെർക്കുലീസിനെ ഇനിയെന്തു ജോലിയേൽപ്പിക്കും എന്ന് യുരിസ്തിയൂസ് രാജാവ് ആലോചിച്ചു നിന്നു എന്ന് ഗ്രീക്ക് പുരാണത്തിൽ കഥയുണ്ട്. 21–ാം നൂറ്റാണ്ടിലായിരുന്നെങ്കിൽ യുരിസ്തിയൂസിന് അത്ര ചിന്തിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു. പകരം നിസ്സംശയം ആജ്ഞാപിക്കാം:
‘‘നിങ്ങൾ റൊളാങ് ഗാരോസിൽ പോയി റാഫേൽ നദാലിനെ തോൽപിക്കുക!’’ രണ്ടു പതിറ്റാണ്ടിനിടെ 112 മത്സരങ്ങൾ. 14 ഫൈനലുകൾ, 14 ട്രോഫികൾ. തോൽവിയറിഞ്ഞതു നാലു മത്സരങ്ങളിൽ മാത്രം. ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ടിൽ നദാൽ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി നിന്നു!
സ്പെയിനിലെ മയോർക്കയിലെ മനകോർ പട്ടണത്തിൽ ജനിച്ച നദാൽ പാരമ്പര്യം അനുസരിച്ചായിരുന്നെങ്കിൽ ഫുട്ബോൾ താരമാവേണ്ടതായിരുന്നു. പിതാവിന്റെ സഹോദരൻ മിഗ്വേൽ ഏയ്ഞ്ചൽ സ്പെയിനിന്റെയും ബാർസിലോനയുടെയും താരമായിരുന്നു. എന്നാൽ മറ്റൊരു അങ്കിളായ ടോണി നദാലിന്റെ കൈപിടിച്ച് ടെന്നിസ് കോർട്ടിലേക്കാണു നദാൽ പോയത്. 15–ാം വയസ്സിൽ പ്രഫഷനൽ ടെന്നിസിൽ അരങ്ങേറിയതു മുതൽ മുപ്പത്തിയെട്ടാം വയസ്സിൽ റാക്കറ്റ് താഴെ വയ്ക്കുന്നതു വരെയുള്ള നദാലിന്റെ കരിയർ ഒരിക്കലും സുഗമമായ സൂപ്പർ ഹൈവേ സഞ്ചാരമായിരുന്നില്ല; പരുക്കൻ പ്രതലത്തിലൂടെയുള്ള ഓഫ് റോഡ് ഡ്രൈവ് ആയിരുന്നു!
ശരീരത്തിന്റെയും മനസ്സിന്റെയും സാധ്യതകൾ കളിക്കളത്തിൽ നദാലിനോളം ഉപയോഗപ്പെടുത്തിയ അത്‌ലീറ്റുകൾ അധികമില്ല. ഒരു നാരങ്ങ പിഴിഞ്ഞെടുക്കുന്നതു പോലെ തന്റെ ശരീരത്തിലെ അവസാന തുള്ളി വിയർപ്പും ഊറ്റിയെടുത്ത് നദാൽ ഓരോ പോയിന്റും നേടിയെടുത്തപ്പോൾ ആരാധകരും അതിനൊപ്പം തപിച്ചു. ഫെഡററുടെ കളി കാണുക എന്നത് ഒരു ധ്യാനമായിരുന്നെങ്കിൽ നദാലിന്റെ കളി കാണുന്നത് ഒരു കാർഡിയോ എക്സർസൈസ് പോലെയായിരുന്നു അവർക്ക്.
സ്വന്തം ശരീരത്തെ ഇങ്ങനെ പരമാവധി ‘പീഡിപ്പിച്ചപ്പോഴും’ നദാൽ ഒരിക്കലും ചെയ്യാത്ത ഒരു കാര്യമുണ്ട്. 1307 മത്സരങ്ങൾ നീണ്ട കരിയറിൽ ഒരിക്കൽ പോലും അദ്ദേഹം ഒരു റാക്കറ്റ് തച്ചുടച്ചിട്ടില്ല! അടിമുടി മാന്യനായി വാഴ്ത്തപ്പെട്ട ഫെഡറർ പോലും അതു ചെയ്തിട്ടുണ്ട് എന്നറിയുമ്പോഴാണ് നദാലിന്റെ മഹത്വം മനസ്സിലാവുക. സ്വന്തം വേദനാനുഭവങ്ങൾ മറ്റുള്ളവരോടു മോശമായി പെരുമാറാനുള്ള സ്വാതന്ത്ര്യമായി നദാൽ ഒരിക്കലും കരുതിയില്ല. അപ്രതീക്ഷിതമായി തന്റെ ഷോട്ട് ശരീരത്തിലേൽക്കേണ്ടി വന്ന ബോൾ ഗോളിനോടു മുതൽ മാധ്യമസമ്മേളനത്തിൽ സ്പാനിഷ് ചുവയുള്ള തന്റെ ഇംഗ്ലിഷ് പകർത്തിയെഴുതാൻ കഷ്ടപ്പെട്ട സ്റ്റെനോഗ്രാഫറോടു വരെ നദാൽ കാരുണ്യം കാട്ടി.
പക്ഷേ പരുക്കുകൾ ഒരിക്കലും നദാലിനോടു കാരുണ്യം കാട്ടിയില്ല. ബേസ്‌ലൈനിനു പിന്നിലെ ഓരോ അടി മണ്ണും നദാൽ ഉഴുതുമറിച്ച പോലെ, പരുക്കുകൾ നദാലിന്റെ ശരീരത്തിലെ ഓരോ ഇഞ്ചിലും പ്രഹരമേൽപ്പിച്ചു. കരിയറിൽ 16 ഗ്രാൻസ്‌ലാം ചാംപ്യൻഷിപ്പുകളാണ് പരുക്കുമൂലം നദാലിനു നഷ്ടമായിട്ടുള്ളത്. ഫെഡറർക്ക് ഒൻപതും ജോക്കോവിച്ചിനു നാലും ടൂർണമെന്റുകൾ മാത്രമാണ് (അതിൽ മൂന്നും കോവിഡ് നിയന്ത്രണങ്ങൾ മൂലം!) ഇങ്ങനെ നഷ്ടമായിട്ടുള്ളത്. പരുക്ക് നിരന്തരമായി പിടികൂടിയില്ലായിരുന്നായിരുന്നെങ്കിൽ ഇനിയുമെത്രയോ മേജർ കിരീടങ്ങൾ നേടാമായിരുന്നില്ലേ എന്ന ചോദ്യത്തിനു നദാൽ മറുപടി പറഞ്ഞതിങ്ങനെയാണ്: എങ്കിൽ എന്ന വാക്ക് എന്റെ ജീവിതത്തിലില്ല!