എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ലേ? ജീവിതത്തിന്റെ ഭാഗമാക്കാം ഇവയെല്ലാം
Mail This Article
പ്രായമായവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും കാണുന്ന ഒന്നാണ് മുടി കൊഴിച്ചിൽ. എല്ലാ ദിവസവും കുറച്ചു മുടി കൊഴിയുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും മുടി കൂടുതൽ കൊഴിയുന്നത് ഭൂരിപക്ഷം പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
സമീകൃതാഹാരം
തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച വഴിയെന്നത് ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതാണ്. കൂടുതൽ ഭക്ഷണം കഴിക്കുക എന്നല്ല അതുകൊണ്ടു ഉദ്ദേശിക്കുന്നത്. പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. പോഷകങ്ങളുടെ അപര്യാപ്തത, പ്രധാനമായും സിങ്ക്, ഇരുമ്പ്, വിറ്റാമിൻ എ, ഡി എന്നിവ മൂലം മുടി കൊഴിച്ചിലുണ്ടാകും. വ്യത്യസ്തതരം പഴങ്ങൾ, പച്ചക്കറികൾ, മാംസ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇലക്കറികൾ പ്രധാനമായും ചീര, മുട്ട, നട്സ്, മൽസ്യം എന്നിവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനു അത്യുത്തമമാണ്.
എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം
തലമുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഒന്നാണ് എണ്ണ. ഇവ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്ത ചംക്രമണം വർധിപ്പിക്കുകയും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. വെളിച്ചെണ്ണ, ബദാം ഓയിൽ, ഒലിവ് ഓയിൽ എന്നിവയിലേക്ക് കുറച്ച് എസ്സെൻഷ്യൽ ഓയിലുകളിൽ ഏതെങ്കിലും ( ലാവെൻഡർ, പെപ്പെർമിൻറ്, റോസ്മേരി തുടങ്ങിയവ) കൂടി ചേർക്കാം. ചെറുതായി ചൂടാക്കിയതിനു ശേഷം സാവധാനത്തിൽ തലയോട്ടിയിൽ മസാജ് ചെയ്യാവുന്നതാണ്. മുപ്പതു മിനിട്ടിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം.
വീര്യമേറിയ ഷാംപൂ ഒഴിവാക്കാം
കെമിക്കലുകൾ കൂടുതലായി അടങ്ങിയ ഷാംപൂ, കണ്ടീഷണറുകൾ തുടങ്ങിയവ തലമുടിയെ ദോഷകരമായി ബാധിച്ചേക്കാം. വീര്യം കുറഞ്ഞതും സൾഫേറ്റ് ഇല്ലാത്തതുമായവ തെരഞ്ഞെടുക്കാനും മുടിയിലും തലയോട്ടിയിലും പുരട്ടാനും ശ്രദ്ധിക്കണം. മാത്രമല്ല, സ്ട്രൈറ്റ്നർ, കേളിങ്ങ്, അയൺ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പുറത്തുവരുന്ന അമിതമായ ചൂട് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നത് കൊണ്ടുതന്നെ കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
കറ്റാർവാഴ ജെൽ
തലമുടി കൊഴിയുന്നതിനെ ചെറുക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയ സസ്യമാണ് കറ്റാർവാഴ. ഇതിന്റെ ജെൽ തലമുടിയിൽ പുരട്ടി 45 മിനിട്ട് വെച്ചതിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. തലയോട്ടിയിലെ പി എച്ചിനെ ബാലൻസ് ചെയ്തു നിർത്താൻ കറ്റാർവാഴ സഹായിക്കും. കൂടാതെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ആരോഗ്യത്തോടെ മുടി വളരാനും സഹായിക്കും.
ദിനചര്യയുടെ ഭാഗമാക്കാം
തലമുടിയുടെ അകാരണമായ കൊഴിച്ചിൽ തടയണമെന്നുണ്ടെങ്കിൽ കൃത്യമായും ചിട്ടയോടെയും മുടിയുടെ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. തലമുടിയ്ക്ക് അനുയോജ്യമായ ഷാംപൂ ഉപയോഗിക്കുക. മുടി ഹൈഡ്രേറ്റ് ചെയ്യുന്നതിനായി കണ്ടീഷനിംഗ് ചെയ്യാം, മുടിയ്ക്കു നനവുണ്ടെങ്കിൽ പല്ലുകൾ അകന്ന ചീപ്പ് ഉപയോഗിക്കണം, മൃദുലമായ ടവൽ കൊണ്ട് വെള്ളം തുടച്ചു മാറ്റാനും ശ്രദ്ധിക്കണം.