ഇനി കറിവേപ്പില വെറുതെ കളയണ്ട, ഒന്നാന്തരം ഹെയർ ഓയിൽ ഉണ്ടാക്കാം; തലമുടിയുടെ പ്രശ്നങ്ങൾ പമ്പ കടക്കും
Mail This Article
തലമുടി കൊഴിയുക എന്നത് സർവസാധാരണമായ കാര്യമാണ്. എന്നാൽ ആശങ്കപ്പെടുത്തുന്ന രീതിയിൽ മുടി കൊഴിയുകയാണെങ്കിൽ പലരും അതെങ്ങനെ ചെറുക്കാമെന്നു ചിന്തിക്കും. തലമുടിയുടെ ആരോഗ്യത്തിനും മുടി കൊഴിയാതിരിക്കുന്നതിനും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികളുണ്ട്. അതിനു സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. മിക്ക വീടുകളിലും കാണുവാൻ കഴിയുന്ന കറിവേപ്പില ഉപയോഗിച്ച് എങ്ങനെ തലമുടി കൊഴിച്ചിൽ തടയാനുള്ള എണ്ണ തയാറാക്കാമെന്നു നോക്കാം.
ആവശ്യമുള്ളവ
കറിവേപ്പില - ഒരു കപ്പ്
വെളിച്ചെണ്ണ - ഒരു കപ്പ്
* കറിവേപ്പിലയിലെ അഴുക്കുകളും പൊടിയും നീക്കം ചെയ്തതിനു ശേഷം നന്നായി കഴുകി ഉണക്കിയെടുക്കുക. ഒട്ടും തന്നെയും ജലാംശമുണ്ടാകരുത്.
* തലമുടിയ്ക്കു അനുയോജ്യമായ എണ്ണ തെരഞ്ഞെടുക്കുക. വെളിച്ചെണ്ണയ്ക്ക് പകരമായി ഒലിവ് ഓയിലോ ബദാം ഓയിലോ ഉപയോഗിക്കാം.
ഒരു പാനിലേയ്ക്ക് എണ്ണയൊഴിച്ചതിനു ശേഷം ചെറു തീയിൽ ചൂടാക്കുക. തീ കൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം. എണ്ണ നന്നായി ചൂടായതിനു ശേഷം കറിവേപ്പില ചേർത്തുകൊടുക്കാവുന്നതാണ്. ചെറുതീയിൽ പത്തു മുതൽ പതിനഞ്ചു മിനിട്ടു വരെ വെക്കണം. ഇടയ്ക്കിടെ ഇളക്കികൊടുക്കാൻ മറക്കരുത്. ശേഷം, അടുപ്പിൽ നിന്നും മാറ്റി തണുക്കാനായി വെക്കാം. തണുത്തു കഴിയുമ്പോൾ ഒരു അരിപ്പയുപയോഗിച്ച് കറിവേപ്പില എണ്ണയിൽ നിന്നും മാറ്റാവുന്നതാണ്. ജലാംശം ഒട്ടും തന്നെയുമില്ലാത്ത, വായുകടക്കാത്ത കുപ്പിയിലൊഴിച്ചു എണ്ണ സൂക്ഷിക്കാം.
തലയോട്ടിയിലും മുടിയിലും ഈ എണ്ണ തേച്ചുപിടിപ്പിച്ചതിനു ശേഷം നന്നായി മസാജ് ചെയ്യണം. കുറഞ്ഞത് മുപ്പതു മിനിട്ടു നേരമെങ്കിലും എണ്ണ തലയിൽ തേച്ചിരിക്കേണ്ടതാണ്. ഇനി അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ച് മുടിയിൽ നിന്നും എണ്ണ കഴുകി കളയാം. തലമുടി കൊഴിയുന്നത് പൂർണമായും തടയണമെന്നുണ്ടെങ്കിൽ ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ഈ എണ്ണ ഉപയോഗിക്കേണ്ടതാണ്. സ്ഥിരമായി ഉപയോഗിച്ചാൽ തലമുടി കൊഴിയുന്നത് പൂർണമായും നിൽക്കുമെന്ന് മാത്രമല്ല, മുടി കരുത്തോടെ വളരുകയും ചെയ്യും.