ചർമം തിളങ്ങാന് തൈരും പാൽപ്പാടയും തക്കാളിയും; സൗന്ദര്യ സംരക്ഷണം ഇനി വീട്ടിൽ നിന്നു തന്നെ
Mail This Article
സൗന്ദര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുണ്ടാകുക? എത്രയൊക്കൊ ആഗ്രഹിച്ചാലും നിരവധിപ്പേർക്ക് ഇന്നുമതൊരു അസാധ്യ കാര്യമാണ്. സമയം, പണം എന്നിവയാണ് പലർക്കും തടസ്സമാകുക. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം സാധ്യമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കൾ അടുക്കളയിലുണ്ട്. ഇവ ശരിയായി ഉപയോഗിച്ചാൽ സൗന്ദര്യസംരക്ഷണം എളുപ്പം നടക്കും. ഇത്തരത്തിലുള്ള ചില വസ്തുക്കളും അവയുടെ ഉപയോഗവും ഇതാ.
തക്കാളി മോയിസ്ചറൈസർ
ഏത് കാലാവസ്ഥയിലും അനുയോജ്യമായ മോയ്സ്ചറൈസർ ആണ് തക്കാളി. ചർമത്തിലെ എണ്ണമയം നീക്കം ചെയ്യാനും വൃത്തിയും തിളക്കമുള്ളതുമാക്കാനും തക്കാളിയുടെ ഉപയോഗം സഹായിക്കും. ഇതിനായി തക്കാളി മിക്സിയിലടിച്ച് പൾപ്പ് ആക്കിയെടുത്ത് മുഖത്തു പുരട്ടാം. 10–15 മിനിറ്റിന് ശേഷം മുഖം കഴുകാം. ഇടയ്ക്കിടയ്ക്ക് ഇതു ചെയ്യുന്നത് നല്ലതാണ്.
പാലും പാൽപ്പാടയും
ചീത്തയായ പാൽ കളയേണ്ടതില്ല. ചർമത്തിന് മികച്ചൊരു ടോണറും ക്ലെൻസറുമായി ഇത് ഉപയോഗിക്കാം. ഒരു കോട്ടൻ തുണിയിൽ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം. പാൽ തണുക്കുമ്പോൾ ഉണ്ടാകുന്ന പാൽപ്പാടയും മുഖത്ത് പുരട്ടാം. ചർമകാന്തി വർധിക്കാൻ മികച്ചതാണിത്. വരണ്ട ചർമമാണെങ്കിൽ പാൽപ്പാടയ്ക്കൊപ്പം തേനും ചേർത്ത് പുരട്ടുന്നത് നന്നായിരിക്കും.
തൈര്
ഒരു യാത്ര കഴിഞ്ഞ് വാടിത്തളർന്ന് എത്തുമ്പോൾ ചർമത്തിനൊരു ആശ്വാസം വേണമെന്ന് തോന്നിയിട്ടുണ്ടോ? അതിന് ഏറ്റവും ഉചിതമായ വസ്തുവാണ് തൈര്. മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് തൈര് ശരീരത്തിൽ പുരട്ടാം. നല്ല ആശ്വാസം അനുഭവപ്പെടും. അൽപമൊന്ന് ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകാം. കരുവാളിപ്പ് മാറ്റി ചർമകാന്തി തിരിച്ചുപിടിക്കാൻ ഇത് നല്ലതാണ്.
പഴുത്ത നേന്ത്രപ്പഴം
പഴുപ്പ് കൂടിയതിനാൽ ഉപേക്ഷിക്കപ്പെടുന്ന വാഴപ്പഴം എല്ലാ വീട്ടിലും കാണും. അത് കഴിക്കാനല്ലേ മടിയുള്ളൂ, മുഖത്തു പുരട്ടാൻ മടിക്കേണ്ടതില്ലല്ലോ, പ്രത്യേകിച്ചും ചർമത്തിന് ഗുണകരമാണെങ്കിൽ. മിക്സിയിൽ അടിച്ചെടുത്ത് അൽപം തേനും നാരങ്ങാ നീരും ചേർത്ത് മുഖത്തു പുരട്ടാം. ചർമത്തിന് മൃദുത്വവും തിളക്കവും ലഭിക്കാൻ ഇത് ധാരാളം.