അടുക്കളയിൽ ഓറഞ്ചുണ്ടോ? തിളങ്ങുന്നതും പാടുകളുമില്ലാത്ത ചർമത്തിന് മറ്റൊന്നും വേണ്ട
Mail This Article
യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ചർമം എപ്പോഴും തിളക്കമുള്ളതാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ, എങ്ങനെ ചർമത്തിന് തിളക്കം നൽകാം എന്നതാണ് പലരെയും കുഴപ്പിക്കുന്ന കാര്യം. എങ്ങനെ സംരക്ഷിച്ചാൽ അത് ചർമത്തിന് ഗുണപ്രദമാകുമെന്ന് അറിയാതെ, കിട്ടുന്ന വഴികളെല്ലാം പരീക്ഷിക്കാറുണ്ട് ചിലർ. എന്നാൽ കൃത്യമായ ഇടവേളകളിൽ സംരക്ഷണം നൽകിയാല്‍ കൂടുതൽ മൃദുവായി നമുക്ക് ചർമത്തെ പിടിച്ചു നിർത്താം. കഴിക്കാനായി എപ്പോഴും വാങ്ങുന്ന ഓറഞ്ച് ചർമത്തിന് അത്യുത്തമമാണ്. ചർമത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങളും ഇല്ലാതാക്കാൻ ചൊറിയൊരു ഓറഞ്ച് മതി.
∙ മുഖത്തിന് ഫ്രഷ്നസ് ലഭിക്കാൻ ഓറഞ്ച് പതിവായി മുഖത്ത് മസാജ് ചെയ്താൽ മതി. ഓറഞ്ച് നീരും ഒരു ടീസ്‌പൂൺ തൈരും ചേർത്തു മുഖത്തിട്ടാലും ഇതേ ഫലം ലഭിക്കും.
∙ ഓറഞ്ചിന്റെ തൊലി വെയിലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. വെള്ളത്തിലോ പാലിലോ ചേർത്തു മുഖത്തിട്ടാൽ നല്ലതാണ്.
∙ രണ്ടു ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടേബിൾ സ്‌പൂൺ നാരങ്ങാനീരും യോജിപ്പിച്ചതിന് ശേഷം അതിലേക്ക് കടലമാവ് ചേർത്ത് കുഴച്ച് മുഖത്തിട്ടാൽ അഴുക്കുകൾ അകന്നു മുഖം സുന്ദരമാകും.
∙ ഒരു ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടീസ്‌പൂൺ നാരങ്ങാനീരും ഒരു ടീസ്‌പൂൺ തേനും ചേർത്തു മുഖത്തിട്ട് 15 മിനിറ്റിനുശേഷം കഴുകിക്കളയാം. മുഖത്തെ പാടുകളും വിളർച്ചയും മാറി മുഖം കൂടുതൽ സുന്ദരമാകും. ഓറഞ്ച് നീരിനു പകരം ഓറഞ്ച് തൊലി പൊടിച്ചതും ഉപയോഗിക്കാം.
∙ രണ്ടു ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടേബിൾസ്‌പൂൺ മുൾട്ടാണിമിട്ടിയും ഒരു ടീസ്‌പൂൺ പാലും ചേർത്തു മുഖത്തിട്ട് 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. എണ്ണമയമുള്ള ചർമക്കാർക്ക് മികച്ച ഫലം നൽകുന്ന ഫെയ്സ് പാക്കാണിത്.
∙ ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടേബിൾസ്‌പൂണും ഒരു ടേബിൾസ്‌പൂൺ തൈരും ചേർത്തു മുഖത്തിട്ടാൽ മുഖത്തെ മൃതകോശങ്ങളകന്നു ചർമം സുന്ദരമാകും.
∙ തേനും മഞ്ഞൾപ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചതും ചേർത്തു മുഖത്തിട്ടാൽ നിറം വർധിക്കുകയും ചർമം മൃദുലമാവുകയും ചെയ്യും.