യുവത്വം നഷ്ടപ്പെടുമെന്ന പേടിയുണ്ടോ? തലയിണക്കവർ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം
Mail This Article
ചെറുപ്പം നില നിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പ്രായം മുന്നോട്ടു പോകുന്തോറും സൗന്ദര്യം കുറഞ്ഞുതുടങ്ങിയോ എന്ന ടെന്‍ഷനിലാണ് എല്ലാവരും. എന്നാല്‍ അത്യാവശ്യം ചില മാർഗങ്ങളൊക്കെ പരീക്ഷിച്ചാല്‍ ആര്‍ക്കും യുവത്വം നിലനിര്‍ത്താവുന്നതേയുള്ളൂ. ഉറക്കവും ഭക്ഷണവും ആരോഗ്യവുമൊക്കെ ശ്രദ്ധിച്ചാല്‍ തന്നെ പ്രായത്തിന്റെ കാര്യത്തില്‍ പകുതി തീരുമാനമാകും.
രാത്രിയില്‍ നന്നായി ഉറങ്ങാം, പകലുറക്കം വേണ്ട
ചര്‍മത്തെ നല്ല ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ ഉറക്കം പ്രധാന പങ്കുവഹിക്കുന്നു. ഉറങ്ങുമ്പോള്‍, ശരീരം വളര്‍ച്ചാ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. അതിനാല്‍ ആരോഗ്യകരമായ ഉറക്കം അത്യാവശ്യമാണ്. പകല്‍ ഒരു കാരണവശാലും ഉറങ്ങരുത്. രാത്രി നേരത്തേ ഉറങ്ങി രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്ന രീതി ശീലമാക്കണം.
കണ്ണിന് ചുറ്റുമുള്ള ചര്‍മത്തിന് നല്‍കാം സംരക്ഷണം
പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഏറ്റവുമാദ്യം പ്രകടമാകുന്നത് കണ്ണിനു ചുറ്റുമുള്ള ചര്‍മത്തിലാണ്. ഈ ചര്‍മത്തില്‍ നേര്‍ത്ത വരകളും ചുളിവുകളും കാണുമ്പോള്‍ തന്നെ പ്രായമായിത്തുടങ്ങിയെന്ന തോന്നലുണ്ടാകും. അതിനാല്‍ യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണുകള്‍ക്കും കണ്ണിന് ചുറ്റുമുള്ള ചര്‍മത്തിനും പ്രഥമ സംരക്ഷണം നല്‍കണം. കണ്ണുകള്‍ക്ക് താഴെയുള്ള വീക്കവും കറുപ്പ് നിറവും മാറ്റുന്നതിന് കോട്ടന്‍ പഞ്ഞിയില്‍ മുക്കി പാല്‍, പനീനീര് എന്നിവയെല്ലാം കണ്ണിനു മുകളില്‍ പുരട്ടുന്നതും ഐസ് വെളളത്തില്‍ മുക്കി പഞ്ഞി വെക്കുന്നതുമെല്ലാം ഗുണം ചെയ്യും.
മേക്കപ് റിമൂവ് ചെയ്യാന്‍ മറക്കണ്ട
രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകി വൃത്തിയാക്കാന്‍ ഒരിക്കലും മറക്കരുത്. ക്ഷീണത്താലോ, മടി കാരണമോ മേക്കപ് നീക്കം ചെയ്യാതെ കിടന്നാല്‍ അതുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചെറുതായിരിക്കില്ല. ചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നതിനും വിവിധ ചര്‍മപ്രശ്‌നങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനും ഈ മറവി കാരണമാകും. പകല്‍ മേക്കപ്പിട്ടാലും ഇല്ലെങ്കിലും രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കുന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
തലയിണക്കവറിലും ശ്രദ്ധിക്കാനുണ്ട്
തലയിണക്കവറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇത്ര ശ്രദ്ധിക്കാനെന്തിരിക്കുന്നു എന്ന് ചിന്തിക്കരുത്. ചര്‍മത്തിനും മുടിയ്ക്കും ആരോഗ്യകരമായ രീതിയില്‍ വേണം തലയിണക്കവറിന്റെ ഉപയോഗവും. കട്ടിയുള്ളതും പരുപരുത്തതുമായ തലയിണക്കവര്‍ ഉപയോഗിച്ചാല്‍ മുടി പൊട്ടിപ്പോകുന്നതിനും മുഖ ചര്‍മത്തില്‍ പാടുകള്‍ വീഴുന്നതിനുമെല്ലാം കാരണമാകും. കോട്ടണ്‍ തലയിണക്കവറുകളെക്കാള്‍ സില്‍ക് തലയിണക്കവര്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കാരണം സില്‍ക് തലയിണക്കവര്‍ കൂടുതല്‍ മുദൃലമായതിനാല്‍ ഇത് ചര്‍മത്തിനും മുടിയ്ക്കും ആരോഗ്യകരമാണ്.