ADVERTISEMENT

ഏറെ ഇഷ്ടമുള്ള ഒരു സ്ലീവ്‌ലെസ് വസ്ത്രം ഇടാമെന്ന് ആലോചിച്ചിരിക്കുമ്പോഴായിരിക്കും കക്ഷത്തിലെ കറുപ്പ് ഓർമ വരുന്നത്. അതോടെ ആ ആഗ്രഹം അങ്ങ് മാറ്റിവയ്ക്കും. പല പെൺകുട്ടികളും നേരിടുന്ന ഒരു പ്രശ്നമാണിത്. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരും ഇതേ കാര്യം അലട്ടാറുണ്ട്. ചർമ പ്രശ്നങ്ങളിൽ തുടങ്ങി ഹോർമോൺ വ്യതിയാനങ്ങൾ വരെ ഈയൊരു പ്രശ്നത്തിന് കാരണമാകുന്നു. എന്നാൽ പല ഉപായങ്ങളും പരീക്ഷിച്ചു നോക്കിയെങ്കിലും പ്രതിവിധി കണ്ടെത്താനായെന്ന് വരില്ല. ബ്യൂട്ടിപാർലറിൽ പോയി അധിക കാശ് ചെലവാക്കുക എന്നതും പലർക്കും താൽപ്പര്യമുണ്ടാകണമെന്നില്ല. മാത്രമല്ല, അമിതമായി രാസവസ്തുക്കൾ ഉപയോഗിക്കുന്നത് കക്ഷത്തിലെ കറുപ്പിനെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന 5 പ്രകൃതിദത്ത ഉപായങ്ങൾ നമുക്കിന്ന് പരിചയപ്പെടാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് പോലെയുള്ള ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈർപ്പമുള്ള പ്രദേശങ്ങളിലെ ബാക്ടീരിയകളെ കുറയ്ക്കാൻ ഇത് സഹായിക്കും. ഇതിലെ വിറ്റാമിൻ ഇ ആണ് കക്ഷത്തിലെ ഇരുണ്ട നിറം നീക്കം ചെയ്യാൻ ഏറെ സഹായിക്കുന്നത്. വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും തോളിന് അടിഭാഗം മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കക്ഷത്തിലെ ഇരുണ്ട നിറം മാറുന്നതും, ചർമം തിളങ്ങുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും.

നാരങ്ങ 

നാരങ്ങാനീരിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ചർമത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്. കൂടാതെ നാരങ്ങ ഒരു സ്വാഭാവിക ബ്ലീച്ചിങ് ഏജന്റായി പ്രവർത്തിക്കുന്നു. കക്ഷത്തിലെ ഇരുണ്ട ഭാഗത്ത് ദിവസവും പകുതി മുറിച്ച നാരങ്ങ തടവുക. കുളിക്കുന്നതിന് മുമ്പ് കുറച്ചുനേരം ഇത് ചെയ്താൽ, നിങ്ങൾക്ക് കാര്യമായ വ്യത്യാസം കാണാനാകും. നല്ല ഗുണം കിട്ടാൻ നാരങ്ങയ്ക്ക് അല്‍പം ഉപ്പും കൂടി ചേർക്കാം.

ഉരുളക്കിഴങ്ങ് ജ്യൂസ്

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ഉരുളക്കിഴങ്ങ് നീര്. ഇത് ഒരു മികച്ച പ്രകൃതിദത്ത ബ്ലീച്ച് കൂടിയാണ്. വെള്ളം ചേർക്കാതെ അൽപം ഉരുളക്കിഴങ്ങ് നീര് പിഴിഞ്ഞെടുക്കുക. ഇത് കക്ഷത്തിൽ തേച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയാം. മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കക്ഷത്തിൽ ഉരസുന്നതും സമാന ഫലം നൽകും. അതല്ലെങ്കിൽ ഉരുളക്കിഴങ്ങ് നീരെടുത്ത് ഒരു ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിച്ച ശേഷം ആവശ്യമുള്ളപ്പോൾ എടുത്ത് കക്ഷത്തിൽ ഉരസാം. ഇതും കക്ഷത്തിലെ ഇരുണ്ട നിറം മാറ്റാൻ സഹായിക്കും. ദിവസവും രണ്ട് തവണ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫലപ്രദമായ മാറ്റം കാണാം. 

കറ്റാർവാഴ 

പ്രകൃതിദത്തമായ ഔഷധമൂല്യങ്ങൾ അടങ്ങിയിട്ടുള്ള കറ്റാർവാഴയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം നന്നായി കുറയ്ക്കും. കൂടാതെ ചർമത്തിന് നിറം നൽകാനും സഹായിക്കും. കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടിയ ശേഷം 15 മിനിറ്റ് വക്കുക. ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

ബേക്കിങ് സോഡ

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ ഏറ്റവും മികച്ച പോംവഴിയാണ് ബേക്കിങ് സോഡ. ഇതിനായി ബേക്കിങ് സോഡ വെള്ളത്തിൽ കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ആഴ്ചയിൽ രണ്ട് തവണ സ്‌ക്രബ്ബ് ആയി കക്ഷങ്ങളിൽ പുരട്ടുക. ഫലം നിങ്ങൾക്ക് തന്നെ കണ്ടറിയാൻ സാധിക്കും.

English Summary:

5 Natural Remedies to Lighten Dark Underarms at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com