ലിപ്സ്റ്റിക്ക് ഉപയോഗിച്ച് പണി വാങ്ങരുത്! ഇനി ചുണ്ടുകള്‍ക്ക് നാച്വറലായി നിറം നൽകാം
Mail This Article
‘‘ചെന്തൊണ്ടിപ്പഴം പോലെ ചുവന്നു തുടുത്ത അധരങ്ങൾ’’ എന്ന കവി വർണന കേട്ടിട്ടില്ലേ? അതെ മുഖസൗന്ദര്യത്തിൽ ചുണ്ടുകളുടെ ഭംഗി ഏറെ പ്രധാനമാണ്. ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് ചുണ്ടുകള്‍ ചുവപ്പിക്കുന്നവരാണ് ഏറെയും. ഇത്തരം സൗന്ദര്യ വർധക വസ്തുക്കളിലെ രാസപദാർഥങ്ങൾ ചുണ്ടുകളുടെ സ്വാഭാവിക നിറത്തിനു മങ്ങലേൽപ്പിക്കുക മാത്രമല്ല പലർക്കും അലർജി പോലുള്ള പ്രശ്നങ്ങളുണ്ടാകുകയും ചെയ്യുന്നു. നമ്മളെന്തിനാണ് വെറുതേ പണം മുടക്കി പണി വാങ്ങുന്നത്? ചുണ്ടുകൾ മനോഹരമാക്കാൻ ലിപ്സ്റ്റിക്കിനു പിന്നാലെ പോകേണ്ടതില്ല. തികച്ചും പ്രകൃതിദത്തമായ വഴികളിലൂടെ ചുണ്ടുകൾ ആകർഷണീയമാക്കാം.
ഇരുളകറ്റും വെള്ളരിക്ക
ചുണ്ടുകളുെട ഇരുണ്ട നിറം അകറ്റി ആകർഷണീയമാക്കുന്നതിൽ പ്രധാനിയാണ് വെള്ളരിക്ക ജ്യൂസ്. വെള്ളരിക്കയുടെ നീരെടുത്ത് ചുണ്ടുകളിൽ പുരട്ടുക. ഉണങ്ങിയ ശേഷം നനഞ്ഞ തുണികൊണ്ട് മൃദുവായി തുടച്ചുകളയുക. ദിവസേന ഇങ്ങനെചെയ്താൽ ചുണ്ടുകള്‍ക്ക് ആകർഷണീയത വരും.
ബീറ്റ്റൂട്ട് എന്ന നാച്വറൽ ലിപ്സ്റ്റിക്
ചുണ്ടുകളുടെ ചുവപ്പുനിറം എളുപ്പത്തിൽ വർധിപ്പിക്കാൻ ഏറ്റവും മികച്ചത് ബീറ്റ്റൂട്ടാണ്. അതുകൊണ്ടു തന്നെ ‘നാച്വറൽ ലിപ്സ്റ്റിക്’ എന്നാണ് ബീറ്റ്റൂട്ടിനെ ബ്യൂട്ടി വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിക്കുക. തണുത്തുകഴിയുമ്പോൾ ഇതെടുത്ത് ചുണ്ടിൽ മൃദുവായി മസാജ് ചെയ്തു കൊടുക്കുക. അധരങ്ങൾക്ക് ചുവപ്പുനിറം നൽകാനും കൂടുതൽ ആകർഷണീയമാക്കാനും ഇത് സഹായിക്കും.
തേനും നാരങ്ങാനീരും
തേൻ ചുണ്ടുകളെ മൃദുവാക്കുകയും നാരങ്ങാനീര് ചുണ്ടിലെ മൃതകോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. തേനും നാരങ്ങാനീരും തുല്യമായ അളവിൽ ചേർത്ത് തയാറാക്കിയ മിശ്രിതം ചുണ്ടിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുക്കണം. ദിവസേന രണ്ടുനേരം ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകളെ കൂടുതൽ ആകർഷണീയമാക്കും.
വിള്ളലകറ്റും ഗ്ലിസറിൻ
ചുണ്ടുകളിൽ അമിതമായി സൂര്യപ്രകാശമേല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ ചൂടേൽക്കുമ്പോൾ ചൂണ്ടുകൾ വിണ്ടുകീറാൻ സാധ്യത ഏറെയാണ്. വിണ്ടുകീറൽ തടയുന്നതിനു ഗ്ലിസറിൻ നല്ല മരുന്നാണ്. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഒരു കോട്ടൻ തുണിയിൽ ഗ്ലിസറിൻ എടുത്ത് ചുണ്ടുകളിൽ മൃദുവായി തേച്ചുപിടിപ്പിക്കുക. ഇത് ചുണ്ടുകള്‍ വരണ്ടുപോകുന്നത് തടയുന്നു.
ശരീരത്തിലെ ജലാംശം നിലനിർത്തുക
ശരീരത്തിന്റെ ആരോഗ്യത്തിന് എപ്പോഴും ആവശ്യത്തിനു ജലാംശം നിലനിർത്തണം. ജലാംശം കുറയുന്നത് ചുണ്ടുകളെയും ബാധിക്കും. ചുണ്ടുകൾ വരളാതിരിക്കാൻ നന്നായി വെള്ളം കുടിക്കണം.