ചിരിക്കുമ്പോൾ കാണുന്ന മഞ്ഞപ്പല്ലും,കറയുമാണോ പ്രശ്നം: പരിഹാരം അടുക്കളയിൽ തന്നെയുണ്ട്
Mail This Article
മുഖം മനസ്സിന്റെ കണ്ണാടി എന്നൊക്കെ പറയുന്നത് പോലെ നമ്മൾ ചിരിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ പല്ലുകളാണ്. അതുകൊണ്ടുതന്നെ പല്ലുകൾ എപ്പോഴും വൃത്തിയാക്കി വയ്‌ക്കേണ്ടതിന്റെ ആവശ്യം പറയേണ്ടതില്ലല്ലോ. എന്നാൽ എത്ര വൃത്തിയാക്കി വച്ചിട്ടും ചിലർക്കു പല്ലിൽ മഞ്ഞനിറം ഉണ്ടാവാറുണ്ട്. മാത്രമല്ല, പല്ലിലെ കറയും വലിയ തലവേദനയാണ്. നമ്മുടെ ആത്മവിശ്വാസം കെടുത്താൻ ഇത് കാരണമാകും. എന്നാൽ ഇനി ഭയപ്പെടേണ്ട, നമ്മുടെ വീട്ടിൽ തന്നെയുണ്ട് ഇവയ്ക്കുള്ള കുറുക്കുവഴികൾ.
ആപ്പിൾ സിഡർ വിനഗർ
പല്ലിലെ മഞ്ഞനിറവും കറയും അകറ്റാൻ ഏറ്റവും മികച്ച വഴിയാണ് വിനഗർ. 1 ടീസ്പൂൺ ബേക്കിങ് സോഡയും 1 ടേബിൾ സ്പൂൺ നാരങ്ങ നീര് ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഇത് പല്ലിൽ തേക്കുക. നിങ്ങൾക്ക് ടൂത്ത് ബ്രഷ് ഉപയോഗിച്ചോ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. ശേഷം ഇത് പല്ലിൽ നന്നായി ഉണങ്ങാൻ അനുവദിക്കുക. അൽപസമയം കഴിഞ്ഞ് സാധാരണ പേസ്റ്റ് ഉപയോഗിച്ച് ബ്രെഷ് ചെയ്യാവുന്നതാണ്.
പഴത്തൊലി
മഞ്ഞപ്പല്ലിന് മഞ്ഞ നിറമുള്ള പഴത്തൊലി പരിഹാരമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇല്ലെങ്കിൽ വിശ്വസിച്ചേ മതിയാവൂ. പല്ലിന്റെ ആരോഗ്യത്തിനും മഞ്ഞ നിറവും കറയും അകറ്റാനും പഴത്തൊലി മികച്ച പരിഹാരമാണ്. പഴത്തൊലി ചെറുതായി മുറിച്ച് പല്ലുകളിൽ മൃദുവായി തടവുക. ശേഷം വാ നന്നായി കഴുകുക. ഇത് ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്താൽ മാറ്റം നിങ്ങൾക്ക് തന്നെ കണ്ടറിയാൻ സാധിക്കും.
വെളിച്ചെണ്ണ
വെളിച്ചെണ്ണയോ എന്ന് കേട്ട് ഞെട്ടണ്ട. നിങ്ങളുടെ പല്ലുകൾ ആരോഗ്യകരവും തിളക്കമുള്ളതുമാക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയും. കുറച്ചു തുള്ളി വെളിച്ചെണ്ണ വിരലുകളിൽ എടുത്ത് 4 മിനിറ്റ് പല്ലിൽ തടവുക. ശേഷം പല്ല് നന്നായി തേച്ച് തണുത്ത വെള്ളത്തിൽ കഴുകുക. വെളിച്ചെണ്ണ കുടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.