മുഖത്ത് കുഴികൾ നിറഞ്ഞ് ആത്മവിശ്വാസം പോയോ? ടെൻഷൻ വേണ്ട പരിഹാരം വീട്ടിൽ തന്നെ
Mail This Article
കൊറിയൻ സ്കിൻ ആണ് നമ്മളിൽ പലരും ആഗ്രഹിക്കുന്നതെങ്കിലും ഒരു സാമാന്യം കുഴപ്പമില്ലാത്ത ചർമമാണ് നമ്മുടെ സ്വപ്നം. എങ്കിലും സൗന്ദര്യത്തിന്റെ പര്യായമായ ചന്ദ്രനിൽ പോലും കുഴി ഉള്ളത് പോലെ ചിലരുടെ മുഖത്തും കുഴികൾ കാണാം. മൃദുലമായ പൂവു പോലെയുളള ചർമത്തിലും ആയിരക്കണക്കിന് സുഷിരങ്ങളുണ്ടെന്നതാണ് വസ്‌തുത. സെബേഷ്യസ് ഗ്ലാൻഡ്‌സ് എന്ന എണ്ണ ഗ്രന്ഥികൾ പ്രവർത്തിക്കുന്നത് ഈ സുഷിരങ്ങൾ വഴിയാണ്. ചർമം ശ്വസിക്കുന്നത് ഈ സുഷിരങ്ങളിലൂടെയാണെന്നു പറയാം. ആരോഗ്യമുളള ചർമത്തിൽ സുഷിരങ്ങൾ ദൃഷ്‌ടിയിൽപ്പെടാത്ത വിധം സൂക്ഷ്‌മമായിരിക്കും. സുഷിരങ്ങൾക്കുളളിൽ അഴുക്ക്, മൃതകോശങ്ങൾ, മേക്കപ്പ് വസ്‌തുക്കളുടെ അംശങ്ങൾ എന്നിവ അടിയുമ്പോഴാണ് സുഷിരങ്ങൾ കാഴ്‌ചയ്‌ക്കു ഭംഗിയല്ലാത്ത വിധം വലുതാവുന്നത്.
പരിഹാരത്തിനായി അടുക്കളയിൽ പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനുണ്ട്. ഭക്ഷണക്രമത്തിൽ കൃത്യമായ ശ്രദ്ധ വേണം. ആഹാരത്തിലെ കാർബോഹൈഡ്രേറ്റുകളുടെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കാൻ ശ്രമിക്കണം. കാരണം ഇവ എണ്ണ ഉൽപാദനത്തിന് കാരണമാകും. പകരം ഭക്ഷണത്തിൽ വെളുത്തുള്ളി, ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയവ ഉൾപ്പെടുത്താം. കാരണം ഇവ ചർമത്തിന്റെ ഇലാസ്തികത നിലനിർത്തുന്നു. ഗ്രീൻ ടീയും പച്ചക്കറികളും മത്സ്യവും വലിയ സുഷിരങ്ങളും മുഖക്കുരുവും നിയന്ത്രണവിധേയമാക്കും. കൂടാതെ മേക്കപ്പ് അവശിഷ്ടങ്ങൾ, അഴുക്ക് എന്നിവ സുഷിരങ്ങൾ വലുതാക്കാൻ കാരണമായേക്കും. അതിനാൽ, ചർമത്തെ നന്നായി വൃത്തിയാക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും വേണം.
വെള്ളരിക്ക
മുഖത്തെ കുഴികൾ അകറ്റാൻ വെള്ളരിക്ക വളരെ നല്ലതാണ്. ഇതിനായി വെള്ളരിക്ക നന്നായി അരച്ച് അതിലേയ്ക്ക് ഒരു പകുതി നാരങ്ങാനീര് ചേർക്കുക. ശേഷം ഒരു കോട്ടൺ തുണിയെടുത്ത് അതിലേയ്ക്ക് ഈ മിശ്രിതം ഇട്ട് കിഴി കെട്ടുക. ഇത് ഫ്രീസറിൽ വച്ച് തണുപ്പിച്ചതിന് ശേഷം ഈ കിഴി മുഖത്തെ കുഴികളിൽ കുറച്ചു സമയത്തേയ്ക്ക് വയ്ക്കാം. ദിവസവും രണ്ടുനേരം വീതം രണ്ടാഴ്ച ഇത് തുടരുക. മാറ്റം നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും.
തേനും മുട്ടയുടെ മഞ്ഞയും
ഒരു മുട്ടയുടെ മഞ്ഞക്കരുവും ഒരു ടീസ്പൂണ്‍ തേനും വേണമെങ്കിൽ ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേർത്ത് നല്ല മിശ്രിതമാക്കാം. ശേഷം ഇത് മുഖത്ത് പുരട്ടാം. ഒരു പതിനഞ്ച് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. മുഖത്തെ കുഴികൾ മാറാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വരെ ഈ മിശ്രിതം പുരട്ടാം. അല്ലെങ്കിൽ മുട്ടയുടെ വെള്ളയും ഓട്സും ചേർത്ത് അരച്ച് മുഖത്ത് തേക്കാവുന്നതാണ്. ഒരു അരമണിക്കൂറിന് ശേഷം ഇത് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.
അവോക്കാഡോ
ചർമത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി അവക്കാഡോ പ്രവര്‍ത്തിക്കും. ഇത് മുഖത്തെ കുഴികൾ മാറാനും സഹായിക്കും. ഇതിനായി അവക്കാഡോ പഴം ഉടച്ച് പൾപ്പ് ആക്കാം. ശേഷം ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മാറ്റം ആഴ്ചകൾ കൊണ്ട് തന്നെ അറിയാൻ പറ്റും.ഇതൊന്നും ഇല്ലെങ്കിൽ തക്കാളി നീരിൽ പഞ്ചസാര ഇട്ട് മുഖത്ത് തേച്ചാലും മതി.