പുരുഷന്മാരെ ഇതിലേ ഇതിലേ! തിളങ്ങുന്ന ചർമത്തിന് പറ്റിയ കൊറിയൻ സ്കിൻ കെയർ ടിപ്സ്
Mail This Article
സമീപ വർഷങ്ങളിലായി കൊറിയൻ ചർമസംരക്ഷണ ദിനചര്യകൾ ഏറെ പ്രശസ്തമാണ്. ഇത് മികച്ച ഫലം നൽകുന്നു എന്നതാണ് ഈ വിദ്യയെ ഇത്രയധികം ജനകീയമാക്കിയത്. ലോകമെമ്പാടുമുള്ള സ്ത്രീകൾ വളരെക്കാലമായി ആഘോഷിക്കുന്ന കൊറിയൻ ചർമസംരക്ഷണം ഇപ്പോൾ ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമം നേടാൻ ആഗ്രഹിക്കുന്ന പുരുഷന്മാരുടെ ദിനചര്യകളിലേക്ക് കടന്നുവന്നിരിക്കുന്നു. ഒരു ട്രെൻഡ് എന്നതിൽ നിന്ന് വ്യത്യസ്തമായി ചർമസംരക്ഷണത്തിനു മുൻഗണന നൽകുന്ന ഒരു സമഗ്രമായ സമീപനമാണ് കൊറിയൻ ചർമസംരക്ഷണത്തിൽ ഉൾക്കൊള്ളുന്നത്.
ക്ലൻസിങ്
കൊറിയൻ ചർമസംരക്ഷണത്തിൽ നിന്ന് നിങ്ങൾ എന്തെങ്കിലും പഠിക്കുന്നുണ്ടെങ്കിൽ അത് ക്ലൻസിങ്ങിന്റെ പ്രാധാന്യം ആയിരിക്കണം. കാരണം ഇത് നിങ്ങളുടെ ചർമത്തിലെ അഴുക്ക്, എണ്ണ, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നു. ചർമത്തിൻ്റെ തരത്തിന് അനുയോജ്യമായ ഒരു ഫോം ക്ലെൻസറോ കുറഞ്ഞ പിഎച്ച് ക്ലെൻസറോ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ശരിയായ ക്ലെൻസർ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡെർമറ്റോളജിസ്റ്റുമായി ചർച്ച ചെയ്യുന്നതും നല്ലതാണ്.
ഷീറ്റ് മാസ്ക്
സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരുടെ ചർമത്തിനും ഷീറ്റ് മാസ്ക് ഏറെ മികച്ചതാണ്. കൊറിയൻ ചർമസംരക്ഷണത്തിൽ മുൻപന്തിയിൽ ഉള്ള ഒന്നാണിത്. ചർമത്തിലെ ജലാംശം വർധിപ്പിക്കുന്നതിനും, പ്രത്യേക ചർമ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഷീറ്റ് മാസ്കുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തവണ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക. മാസ്ക് അവയുടെ മാജിക് ചെയ്യുമ്പോൾ ഈ സമയം നിങ്ങൾക്ക് വിശ്രമിക്കാനായും ഉപയോഗിക്കാം. നിങ്ങളുടെ ചർമത്തിന്റെ തരം അടിസ്ഥാനമാക്കി പല തരത്തിലുള്ള സ്കിൻ മാസ്കുകൾ ഉണ്ട്. വിവേകത്തോടെ അവ തിരഞ്ഞെടുക്കുക!
സൺസ്‌ക്രീൻ
കൊറിയൻ എന്നല്ല ഏത് സൗന്ദര്യ സംരക്ഷണ ദിനചര്യയിലും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് സൺസ്‌ക്രീൻ. എസ്പിഎഫ് 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ തിരഞ്ഞെടുത്ത് ഓരോ രണ്ട് മണിക്കൂറിലും വീണ്ടും പ്രയോഗിക്കുക, പ്രത്യേകിച്ചും ദീർഘനേരം പുറത്തു ചെലവഴിക്കുമ്പോൾ. ഇത് ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകായും അകാല വാർധക്യം തടയുകയും മാത്രമല്ല, ചർമ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കണ്ണിനെ അവഗണിക്കരുത്
നിങ്ങളുടെ മുഖത്തിന്റെ മറ്റെല്ലാ ഭാഗങ്ങളെയും പോലെ, നിങ്ങൾ കണ്ണിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഡാർക്ക് സർക്കിളുകൾ അല്ലെങ്കിൽ ഫൈൻ ലൈനുകൾ പോലുള്ള ആശങ്കകൾ പരിഹരിക്കാൻ ഐ ക്രീമോ സെറമോ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക.
രാത്രികാല പരിചരണം
കൊറിയൻ ചർമസംരക്ഷണം രാത്രികാല ചർമസംരക്ഷണത്തിന് വലിയ ഊന്നൽ നൽകുന്ന ഒന്നാണ്. നിങ്ങൾ ഉറങ്ങുമ്പോൾ ചർമം നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള അവസരമാണിത്. സ്ലീപ്പിങ് മാസ്കുകൾ അല്ലെങ്കിൽ ഓവർനൈറ്റ് ക്രീമുകൾ പോലെയുള്ള ഉൽപന്നങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുക. ഈർപ്പം തടഞ്ഞുനിർത്താനും ചർമം പുനരുജ്ജീവിപ്പിക്കുന്നതിനും ഇത് സഹായിക്കും.
സ്ഥിരതയാണ് പ്രധാനം
ചർമസംരക്ഷണത്തിന്റെ കാര്യത്തിൽ സ്ഥിരത പരമപ്രധാനമാണ്. നിങ്ങളുടെ ചർമത്തിന്റെ തരത്തിന് അനുയോജ്യമായ ഒരു ദിനചര്യ ഉണ്ടാക്കുകയും അത് ശ്രദ്ധയോടെ പാലിക്കുകയും ചെയ്യുക. ഫലങ്ങൾ ഉടനടി ലഭിക്കണമെന്നില്ല. എന്നാൽ സ്ഥിരമായ പരിചരണത്തോടെ, ചർമത്തിന്റെ ഘടനയിലും ടോണിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും മെച്ചപ്പെടലുകൾ നിങ്ങൾ ക്രമേണ കാണാൻ സാധിക്കും.