ADVERTISEMENT

കണ്ണും ചുണ്ടുമൊക്കെ ശ്രദ്ധിക്കുന്നതു പോലെ ആളുകൾ ആദ്യം ശ്രദ്ധിക്കുന്ന ഒന്നാണ് കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകൾ. അത് നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കിയേക്കാം. ഈ പാടുകൾ മറയ്ക്കാൻ എപ്പോഴും മുടി അഴിച്ചിട്ടു നടക്കുന്നവരാവും കൂടുതൽ പേരും. പുരുഷന്മാരാവട്ടെ കോളറുള്ള ഷർട്ടും മറ്റും ധരിച്ച് അവ മറയ്ക്കാൻ ശ്രമിക്കും. എന്നാൽ എത്ര നാൾ നമുക്ക് ഇങ്ങനെ ചെയ്യാൻ പറ്റും. ഒരു ശ്വാശ്വത പരിഹാരം നമ്മൾ കണ്ടേ പറ്റു അല്ലേ? കഴുത്തിനു ചുറ്റുമുള്ള കറുത്തപാടുകൾ മാറ്റാൻ എന്തെല്ലാം ചെയ്യണം എന്നു നോക്കാം

കാരണം

കഴുത്തിലെ കറുപ്പ് നിറത്തിനു പല കാരണങ്ങളും ഉണ്ടാവാം. സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്‌കിന്‍കെയര്‍ പ്രൊഡക്ട്‌സിന്റെ കെമിക്കലുമെല്ലാം ഇത്തരം കറുപ്പു നിറത്തിനു കാരണമാകാം. കൂടാതെ അമിത വണ്ണക്കാരിലും പ്രമേഹ രോഗികളിലും ഫംഗസ് ഇന്‍ഫെക്ഷന്‍, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരിലും കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഇനി നമുക്ക് പരിഹാരം എന്തൊക്കെയാണെന്ന് നോക്കാം.

തൈര്

കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റാന്‍ മികച്ച വഴിയാണ് തൈര്. തൈരിനൊപ്പം നാരങ്ങാ നീരോ, തേനോ ഉപയോഗിക്കാം. ഇതിനായി രണ്ട്​ ടേബിൾ സ്​പൂൺ തൈര് ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ശേഷം ഈ മിശ്രിതം 20 മിനിറ്റ്​ കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് കൂടാതെ തൈരും അരിപ്പൊടിയും ചേർത്ത് മിശ്രിതമാക്കി തേച്ചാലും നല്ല മാറ്റം ഉണ്ടാവും.

ഉരുളക്കിഴങ്ങ്

ചർമത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കുന്നവയിൽ ഉരുളക്കിഴങ്ങിന്റെ സ്ഥാനം വളരെ വലുതാണ്​. ഇരുണ്ട പാടുകൾ നീക്കി ചർമത്തിനു സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ ശേഷം ജ്യൂസ് തയാറാക്കുക. ശേഷം ഈ നീര് കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങുമ്പോള്‍ ഇളംചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് ദിവസവും ചെയ്താൽ നല്ല മാറ്റം നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും.

മഞ്ഞൾ

നിറത്തിന്റെ കാര്യത്തിൽ വലിയ ഗുണം നൽകുന്ന ഒന്നാണ് മഞ്ഞൾ. കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നൽകാനും ഇത് സഹായിക്കും. ഇതിനായി രണ്ട് ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീസ്പൂൺ ചെറുനാരങ്ങാ നീരും ചേർത്ത് മിശ്രിതം തയാറാക്കാം. ശേഷം ഈ മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട​ തവണ വരെ ഉപയോഗിക്കാം.

ബദാം

ബദാമിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ ചർമത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഒരു ടീസ്പൂൺ ബദാം പൊടിച്ചതും തേനും പാലും കൂടി ചേർത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിൽ ആക്കുക. ഇത് കഴുത്തിന്റെ വശങ്ങളിലും പുറകിലുമായി തേച്ചുപിടിപ്പിക്കാം. അര മണിക്കൂർ വച്ചതിനുശേഷം കഴുകിക്കളയാം. കൂടാതെ, ബദാം ഓയിൽ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മസാജ് ചെയ്യുന്നതും നല്ല ഗുണം നൽകും.

English Summary:

Dark Neck No More: Natural Ways to Lighten & Brighten Your Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com