ADVERTISEMENT

സൗന്ദര്യ സംരക്ഷണം എന്നാൽ സ്ത്രീകളുടെ മാത്രം ഏരിയ ആണെന്നാണ് വിശ്വാസം. എന്നാൽ ഇന്നത്തെ കാലത്ത് അതൊക്കെ മാറിയിരിക്കുന്നു. പുരുഷന്മാരും അവരുടെ സൗന്ദര്യമൊക്കെ വളരെ നന്നായി പരിപാലിക്കുന്ന കാലമാണിത്. പുറത്തുപോയി ജോലി ചെയ്യുന്ന പുരുഷന്മാർ പ്രേത്യേകിച്ചും അവരുടെ ചർമത്തിനു മികച്ച സംരക്ഷണം നൽകണം. കൂടാതെ സ്ഥിരം ടൂവീലറുകളിൽ യാത്ര ചെയ്യുന്നവർക്കും വെയിലത്തു ജോലിചെയ്യുന്നവർക്കുമെല്ലാം ചർമപ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടു വരാറുണ്ട്. അതുകൊണ്ടു തന്നെ ചർമത്തിന്റെ പ്രശ്നങ്ങൾ മാറാനും തിളക്കം നൽകാനും പറ്റിയ ചില എളുപ്പവഴികൾ നമുക്ക് ഒന്ന് നോക്കാം.

മുഖം കഴുകാം

പുരുഷന്മാരായാലും സ്ത്രീകളായാലും ദിവസവും ചെയ്യേണ്ട ഒരു കാര്യം രണ്ട് തവണ മുഖം കഴുകുക എന്നതാണ്. വീര്യം കുറഞ്ഞ, ചർമത്തിനനുയോജ്യമായ ഫേസ്‌വാഷ് ഇതിനായി ഉപയോഗിക്കാം. ചർമത്തിലെ അഴുക്കിനെയും മറ്റും പുറന്തള്ളാനുള്ള നല്ലൊരു മാർഗമാണിത്. പുറത്തു നിന്നുള്ള അഴുക്കും മറ്റും കളയാനും ഇത് സഹായിക്കും. നിങ്ങളുടേത് ഏതുതരം ചർമമാണെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള ഫേസ്‌വാഷ് ഉപയോഗിക്കണം.

സണ്‍സ്‌ക്രീൻ മുഖ്യം

പുരുഷന്മാർ കൂടുതലും ടു വീലറിൽ യാത്ര ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ സണ്‍സ്‌ക്രീന്‍ നിർബന്ധമായും ഉപയോഗിക്കണം. മുഖത്തും കൈകളിലും പുരട്ടാൻ മറക്കരുത്. പുറത്തു പോകുന്നതിന് ഏകദേശം 20 മിനിറ്റ് മുൻപെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടിയാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. കുറഞ്ഞത് SPF 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക. സണ്‍സ്‌ക്രീൻ ഉപയോഗിക്കുന്നതിനു മുമ്പ് മുഖവും ശരീരവും വൃത്തിയാണെന്ന് ഉറപ്പ് വരുത്തണം.

ഷേവ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം

പുരുഷന്മാരെ സംബന്ധിച്ച് അവരുടെ ദിനചര്യയുടെ ഭാഗമാണ് ഷേവിങ്. എന്നാൽ ഇത് കാരണം പല പ്രശ്നങ്ങളും അവർ നേരിടേണ്ടി വരാറുണ്ട്. ചർമം പരുപരുക്കൻ ആകുന്നത് മുതൽ, നിറം മാറ്റം വരെ ഉണ്ടാകും. ഇതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം തന്നെ മുഖം നന്നായി വൃത്തിയാക്കണം. ഷേവിങ് ക്രീം തിരഞ്ഞെടുക്കുമ്പോഴും മികച്ചതു മാത്രം തിരഞ്ഞെടുക്കുക. കൂടാതെ ആഫ്റ്റർ ഷേവ് ലോഷൻ ഉപയോഗിക്കാൻ മറക്കരുത്. മുഖത്തിന്‍റെ നിറം വര്‍ധിക്കാന്‍ ഷേവ് ചെയ്ത ശേഷം മുഖത്ത് ആവിപിടിക്കാം. താടി വളർത്തുന്നവരാണെങ്കിൽ താടി വൃത്തിയായി കഴുകിയ ശേഷം ബ്രഷ് ചെയ്ത് സൂക്ഷിക്കുക. താടി വൃത്തിയായി സൂക്ഷിക്കാത്തവരിൽ താരൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വെള്ളം കുടിക്കണം

വെള്ളം കുടിക്കുന്നതിൽ പൊതുവെ മടിയുള്ളവരാണ് പുരുഷന്മാർ. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കിൽ അത് നിർജലീകരണത്തിനു കാരണമാകും. ഇത് കാരണം ചർമം വരണ്ടതാകും. അതുകൊണ്ട് ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കേണ്ടത് വളരെ ആവശ്യമാണ്. കുറഞ്ഞത് ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങുകയും വേണം.

ചുണ്ടുകളും കാലുകളും

കാലുകളുടെ സൗന്ദര്യം വർധിപ്പിക്കാൻ രാത്രി അരമണിക്കൂർ ശുദ്ധമായ വെള്ളത്തിൽ കാലുകൾ മുക്കി വെക്കാം. വേണമെങ്കിൽ ഈ വെള്ളത്തിൽ അൽപം ഉപ്പും ചേർക്കാം. ചൂടുവെള്ളം ആണെങ്കിൽ അത്രയും നല്ലത്. ചുണ്ടുകൾ വരളുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിനു മുൽപം അൽപം വെണ്ണ പുരട്ടുന്നത് നല്ലതാണ്

English Summary:

Unlocking the Secrets to Effortless Men's Skincare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com