കുട്ടികൾക്ക് ചർമ സംരക്ഷണം ആവശ്യമാണോ? ഗുണത്തേക്കാൾ ദോഷങ്ങളേറെ
Beauty Tips
Mail This Article
ഒരു പൊട്ടും കുറച്ച് പൗഡറുമിട്ടാൽ സ്കൂളിൽ പോകാൻ തയാറായ ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ജെൻ–സി കുട്ടികളുടെ കാര്യം അങ്ങനെയല്ല. ഇൻസ്റ്റഗ്രാമിലും യൂട്യുബിലുമൊക്കെയായി നിരവധി ബ്യൂട്ടി ഇൻഫ്ലുവെൻസേഴ്സിനെയും മറ്റും കണ്ട് കുട്ടികളെല്ലാം ഇക്കാര്യത്തിൽ പ്രൊ ആയിരിക്കുകയാണ്. മേക്കപ്പിൽ മാത്രമല്ല ചർമ സംരക്ഷണത്തിലും ഇവർ മിടുക്കരാണ്. എന്നാൽ ഈ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ഇക്കാര്യങ്ങൾ ചെയ്യേണ്ട ആവശ്യമുണ്ടോ?
കുട്ടികളുടെ ചർമം നല്ല പ്രതിരോധശേഷിയുള്ളതും ദിവസേന വളർന്നു കൊണ്ടിരിക്കുന്നതും ആണ്. ഇവരുടെ ചർമത്തിൽ സ്വാഭാവികമായ ഒരു സംരക്ഷണ വലയമുണ്ട്. ചർമ സംരക്ഷണ ഉൽപന്നങ്ങളുടെ അമിതമായ ഉപയോഗം ഈ സ്വാഭാവിക സംരക്ഷണത്തെ ദുർബലപ്പെടുത്തും. ഇത് വരൾച്ച, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഇളംചർമത്തിൽ ശക്തമായ ക്ലെൻസറുകൾ ഉപയോഗിക്കുന്നത് ചർമത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന എണ്ണകളെ ഇല്ലാതാക്കും. ചില ഉത്പന്നങ്ങളിലുള്ള ആൽക്കഹോൾ കണ്ടന്റ് ചർമത്തെ വരണ്ടതാക്കുകയും സ്വാഭാവിക സംരക്ഷണത്തെ തടയുകയും ചെയ്യും.
ആന്റി ഏജിങ് ക്രീമുകൾ വരെ ഇപ്പോൾ ചെറിയ കുട്ടികൾ ഉപയോഗിക്കുന്നുണ്ട്. മുൻകരുതൽ എന്ന നിലയിലാണ് കുട്ടികൾ ഇക്കാര്യങ്ങൾ ഉപയോഗിക്കുന്നത്. റെറ്റിനോയിഡുകൾ അല്ലെങ്കിൽ ചില ആസിഡുകൾ പോലുള്ള ചേരുവകൾ ഇത്തരത്തിലുള്ള ക്രീമുകളിൽ ഉണ്ട്. ചെറുപ്രായത്തിൽ ഇതൊക്കെ ഉപയോഗിക്കുന്നത് യഥാർഥത്തിൽ ചർമത്തിനു മോശമാണ്. കൊളാജനും ഇലാസ്തികതയും നഷ്ടപ്പെട്ട് തുടങ്ങിയ മുതിർന്നവരുടെ ചർമത്തിനു വേണ്ടിയാണ് ഇത്തരം ചേരുവകൾ തയാറാക്കിയിരിക്കുന്നത്. ഇളംചർമകാർക്ക് ഇത്ര ഉയർന്ന പ്രോട്ടീനുകളുടെ അളവ് ആവശ്യമില്ല.
കുട്ടികൾ ചർമ സംരക്ഷണം ലളിതമായി നിലനിർത്തുന്നതിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. കുട്ടികളുടെ ചർമം കാലക്രമേണ പ്രതിരോധശേഷിയുള്ളതും ആരോഗ്യമുള്ളതുമായി വളരാൻ ഇത് അനുവദിക്കും.