മുടി തഴച്ചു വളരും; പക്ഷേ, റോസ്മേരി വാട്ടർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം!
Mail This Article
കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമത്തിലാകെ റോസ്മേരി വാട്ടറിനെ കുറിച്ചുള്ള ചർച്ചകളാണ്. മുടി കൊഴിഞ്ഞു പോകുന്നവർക്ക് ഒരു പരിഹാരം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഇത് ട്രെൻഡ് ആയതോടെ പല കമ്പനികളും ഇതേ പ്രൊഡക്ടുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ റോസ്മേരി വാട്ടർ യാതൊരു കെമിക്കലുകളും ഇല്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെ തയാറാക്കാൻ പറ്റും. റോസ്മേരി വാട്ടറിന്റെ ഗുണങ്ങളെ കുറിച്ചറിയാം.
കഷണ്ടി വരെ മാറാൻ
സത്യത്തിൽ പണ്ടുകാലത്ത് ആഹാരത്തിന് നല്ല സ്വാദും മണവും ലഭിക്കുന്നതിനായി ചേർത്തിരുന്ന ഒരു ഇലയാണ് റോസ്മേരി. എന്നാൽ, 2015-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ റോസ്മേരി മുടിയുടെ വളർച്ചയ്ക്ക് നല്ലതാണെന്നും ആൻഡ്രോജീനിക് അലോപേഷ്യ മൂലം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കഷണ്ടിയും മുടി കൊഴിച്ചിലും കുറയ്ക്കാൻ നല്ലതാണെന്നും കണ്ടെത്തുകയുണ്ടായി.
എണ്ണയും വെള്ളവും ഒരുപോലെ ഗുണം
മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ മികച്ച പ്രകൃതിദത്ത ചേരുവയാണ് റോസ്മേരി. റോസ്മേരി വാട്ടറിന്റെയും അതുപോലെതന്നെ എണ്ണയുടെയും ഉപയോഗം മുടി ഉള്ളോടെ വളരാൻ സഹായിക്കും. കൂടാതെ തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും. റോസ്മേരിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയിൽ, ആന്റി ഫംഗൽ ഗുണങ്ങൾ മുടിക്ക് ഏറെ നല്ലതാണ്. കൂടാതെ റോസ്മേരി വാട്ടർ തലയിൽ ഉപയോഗിക്കുന്നതു വഴി, തലയിലേക്കുള്ള രക്തചംക്രമണം വർധിക്കുന്നു. ഇത് മുടി കൊഴിച്ചിൽ അകറ്റാനും മുടി നല്ലപോലെ വളരുന്നതിനും സഹായിക്കും.
തയാറാക്കുന്നത് എങ്ങനെ
ആദ്യം കുറച്ചു വെള്ളം ചൂടാക്കി 1 ടീസ്പൂൺ റോസ്മേരി അതിൽ ചേർത്ത് തിളപ്പിക്കണം. ഓൺലൈൻ സൈറ്റുകളിൽ നിങ്ങൾക്ക് റോസ്മേരി വാങ്ങാൻ സാധിക്കും. ഇതിനൊപ്പം കറിവേപ്പില, കരിഞ്ജീരകം, ഉലുവ എന്നിവയൊക്കെ വേണമെങ്കിൽ ഇടാവുന്നതാണ്. ഇതൊന്നുമില്ലെങ്കിലും റോസ്മേരി മാത്രം ആയാലും മതി. ശേഷം ഈ വെള്ളം തണുക്കാൻ വയ്ക്കണം. നന്നായി തണിഞ്ഞതിന് ശേഷം ഒരു സ്പ്രേ ബോട്ടിലിലോ മറ്റോ ഇത് സ്റ്റോർ ചെയ്ത് വയ്ക്കാം. ആദ്യ രണ്ട് ദിവസം കഴിഞ്ഞാൽ ഫ്രിഡ്ജിൽ വച്ച് വേണം സൂക്ഷിക്കാൻ. ഈ മിശ്രിതം ദിവസവും ഒന്നോ രണ്ടോ തവണ മുടി കൊഴിയുന്ന ഭാഗങ്ങളിൽ തേച്ചു കൊടുക്കുക.
സൂക്ഷിക്കേണ്ടത്
മുടിയുടെ ആരോഗ്യത്തിനായി റോസ്മേരി ഉപയോഗിക്കുന്നവരാണെങ്കിൽ ഇതിന്റെ ഉപയോഗം കുറയ്ക്കുമ്പോൾ വീണ്ടും മുടികൊഴിച്ചിൽ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കിളിർത്തുവന്ന മുടികൾ വീണ്ടും നഷ്ടമാകുന്നതിനും, കഷണ്ടി പോലെയുള്ള പ്രശ്നങ്ങൾ വീണ്ടും വരുന്നതിനും ഇത് കാരണമായേക്കും. അതുകൊണ്ട് പെട്ടെന്ന് ഇതിന്റെ ഉപയോഗം നിർത്താൻ പാടില്ല.