ADVERTISEMENT

സ്വവർഗ വിവാഹം നിയമപരമല്ല എന്ന കാരണത്താൽ പങ്കാളിയുടെ ഭൗതികശരീരം വിട്ടുകിട്ടാതിരുന്ന ജെബിൻ എന്ന യുവാവ് നടത്തിയ നിയമപോരാട്ടം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ നിറഞ്ഞിരുന്നു. പങ്കാളിയുടെ വീട്ടുകാർ മൃതദേഹം ഏറ്റെടുക്കില്ലെന്നു നിലപാടെടുത്തിട്ടും അത് മരണാന്തര കർമങ്ങൾക്കായി ജെബിനു വിട്ടുകൊടുക്കാനാവില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. തുടർന്ന്, ശരീരം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജെബിൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, വീട്ടുകാർ ഏറ്റെടുക്കാമെന്ന് അറിയച്ചതിനെത്തുടർന്ന് ഹൈക്കോടതി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സ്വവർഗ ബന്ധത്തിലേർപ്പെട്ടിരിക്കുന്നവർക്കും സ്വത്വം തുറന്നു പറയാൻ തയാറെടുക്കുന്നവർക്കും ഇതു നൽകുന്ന സന്ദേശം ആശാവഹമല്ലെന്നു പറയുന്നു കേരളത്തിലെ ക്വീർ സമൂഹം. 

വിദ്യ, സിന്ധ്യ: (സ്വവർഗ ദമ്പതിമാർ)
നിയമപരമായി യാതൊരു നടപടികളും ഇല്ലാത്ത പക്ഷം ഞങ്ങൾ നിസ്സഹായരാണ്. ജീവിച്ചിരിക്കുമ്പോൾ യാതൊരു ബന്ധവും പുലർത്താത്ത വീട്ടുകാർ മരണസമയത്ത് ശരീരം വേണമെന്നു വാദിക്കുന്നത് എന്തിനാണ്? ഇവിടെ ഒന്നിച്ചു ജീവിക്കുന്ന രണ്ടുപേർക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ മറ്റേയാൾ ഒറ്റപ്പെടുന്ന സാഹചര്യമാണ്. വിവാഹം എന്നതു തന്നെയാണ് ഇവിടെയുള്ള പ്രധാന പ്രശ്നം. നമ്മൾ എന്തൊക്കെ മറികടന്നുവെന്ന് പറഞ്ഞാലും, നമുക്കെന്തോ ഔദാര്യം തന്നതുപോലെയാണ് പലരും സംസാരിക്കുന്നത്. തുറന്ന് പറഞ്ഞാലും അല്ലെങ്കിലും ഇവിടെ ഹോമോസെക്‌ഷ്വൽ മനുഷ്യർ ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ അവർ അതു തുറന്നു പറയുമ്പോൾ, സുരക്ഷയില്ലാതിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. ഇവിടെ മുഖ്യധാരയിലുള്ള ഒരു വിഭാഗത്തെ മാത്രമേ ആളുകൾ അറിയുന്നുള്ളു. 

vindhya

ഞങ്ങൾ വീട്ടുകാരെ ഭയന്ന് വീടുവിട്ട് ഇറങ്ങുമ്പോൾ, ആദ്യം അഭിമുഖീകരിക്കുന്നത് ആളുകളുടെ കളിയാക്കലുകളാണ്. മറ്റൊന്ന്, ജോലിക്കോ പഠിക്കാനോ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങളാണ്. ഉദാഹരണത്തിന്, വിദ്യ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു കയറിയപ്പോൾ അവിടെ നോമിനിയായി ഒരാൾ വേണമായിരുന്നു. ക്വീർ പങ്കാളിയുടെ പേര് വയ്ക്കാമോ എന്നു ചോദിച്ചപ്പോൾ, അതിനുള്ള നിയമമില്ലെന്നാണ് പറയുന്നത്. അവിടെ ഞങ്ങൾ എന്ത് പറയണം? അതുപോലെ ജോലിക്കോ പഠനത്തിനോ ജാതി സർട്ടിഫിക്കറ്റ് കാണിക്കണം. അതിന് അച്ഛന്റെ സർട്ടിഫിക്കറ്റ് വേണം. പഠിക്കാനാണെന്നു പറയുമ്പോൾ പോലും ഞങ്ങൾക്കൊപ്പം നിൽക്കാതിരിക്കുകയാണ് അവർ. എങ്ങനെയെങ്കിലും രക്ഷപെട്ടോട്ടെ എന്നുപോലും വീട്ടുകാർക്കില്ല. എന്നാൽ ജോലി നേടിക്കഴിയുമ്പോൾ അതിന്റെ ബെനഫിഷ്യറി അവരാണ്. അതുപോലെ, വിദ്യക്ക് കാലിനു സർജറി വേണ്ടിവന്നപ്പോൾ ബന്ധുവിന്റെ ഒപ്പ് വേണം. അവിടെയും പറയുന്നത് ഒപ്പിട്ടു നൽകുന്നത് രക്തബന്ധത്തിലുള്ള ആളായിരിക്കണമെന്നാണ്. ഒപ്പിടാൻ ആരുമില്ലാത്തതുകൊണ്ട് ഇതുവരെ ആ ശസ്ത്രക്രിയ നടന്നിട്ടില്ല. 

സ്വകാര്യജീവിതത്തിലെ പ്രതിസന്ധികൾ അതിജീവിച്ചു വരുമ്പോൾ, ഞങ്ങളുടെ പങ്കാളിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് സൃഷ്ടിക്കുന്നത് വല്ലാത്ത ഒരു ശൂന്യതയാണ്. ജീവിതത്തിന് അർഥമില്ലാതാവുന്നതു മാത്രമല്ല, സമൂഹത്തിനു മുന്നിൽ പോലും വിലയില്ലാതാവുകയാണ്. ഞങ്ങൾ പങ്കാളികളാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ മുഖ്യധാരയിൽ എത്തുമ്പോൾ, അവിടെ ഞാൻ ആരാണെന്ന ചോദ്യമുണ്ടാവുകയാണ്. 

മനുവിന്റെ കാര്യം തന്നെയെടുക്കാം. ഇതേ അവസ്ഥയെക്കുറിച്ച് ഞങ്ങൾ പലതവണ പറഞ്ഞിട്ടുള്ളതാണ്. പഠിക്കാൻ പോലും അനുവാദം തരാത്ത മാതാപിതാക്കളാണ് ഇവിടെയുള്ളത്. കൂടെ ജീവിച്ച ഒരാൾ മരിക്കുമ്പോൾ അന്ത്യകർമങ്ങൾ ചെയ്യാനാവില്ല എന്നു പറയുന്നത് വേദനാജനകമാണ്. പക്ഷേ അത് പുറത്ത് നിൽക്കുന്നവർക്ക് അറിയാൻ സാധിക്കില്ല. മരിച്ചയാളെന്ന പരിഗണന പോലും ഇല്ലാതെയാണ് ആളുകൾ പ്രതികരിക്കുന്നത്. കൂടെയുള്ള ആളും കൂടി മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്ന തരത്തിലാണത്. 

vindhya1
വിദ്യ, സിന്ധ്യ

ഞങ്ങൾ ഇപ്പോൾ ഒരു കുരുക്കിലാണുള്ളത്. LGBTQIA+ എന്നതൊരു ‘അംബ്രലാ വാക്യ’മാണ്. അവിടെ തുല്യതയല്ല വേണ്ടത്, സമത്വമാണ്. ഇവിടെ എത്ര പുരോഗമനം പറഞ്ഞായാലും അതൊരു ഔദാര്യം പോലെയാണ്. ഞങ്ങൾ ഇത്രയും തന്നിട്ടുണ്ട്, അപ്പോൾ അത്രയ്ക്കൊക്കെ ചെയ്‌താൽ മതി, നിങ്ങളിലുള്ള ചിലർക്കു വേണ്ടി ഞങ്ങൾ ചെയ്യുന്നുണ്ടല്ലോ എന്നൊക്കെയാണ് വാദം. സ്വവർഗവിവാഹം നിയമപരമാക്കുന്നതിൽ, വിധി വരുന്നതിന് തൊട്ട് മുൻപ് വരെയും പ്രതീക്ഷ ഉണ്ടായിരുന്നതാണ്. പക്ഷേ അത് നഷ്ടമായി. ആ വിധി വന്നപ്പോഴും സുഹൃത്തുക്കളോട് പറയുമായിരുന്നു, നമ്മൾ കേരളത്തിൽ ആയതുകൊണ്ട് കുഴപ്പമില്ല, പരിഹരിക്കാൻ സാധിക്കും, സ്വന്തമായി സെല്ലുകളും പദ്ധതികളും ഒക്കെയുണ്ടല്ലോ, അപ്പോൾ സർക്കാർ അനുകൂലിക്കുമെന്നൊക്കെ. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഇവർക്ക് ഇത്രയൊക്കെ മതി എന്ന നിലപാടാണ്. ഇതൊക്കെ ഒരു വ്യക്തിയോട് ചെയ്യുന്നത് ന്യായമാണോ?

ഞങ്ങൾക്ക് വിവാഹ സർട്ടിഫിക്കറ്റോ നിയമത്തിന്റെ സംരക്ഷണമോ ഇല്ലാത്തിടത്തോളം ഇത് തുടരും. ഞങ്ങൾ വീടുകളിൽനിന്ന് ഇറങ്ങി വരുമ്പോൾ ആകെ കിട്ടുന്നത്, ഇന്നയാളുടെ കൂടെ പോകാൻ അനുവദിക്കുന്ന, കോടതിയിൽ നിന്നുള്ള ഒരൊറ്റ പേപ്പർ ആണ്. ആ ജഡ്ജ്മെന്റ് മാത്രമാണ് കയ്യിലുള്ളത്. അതിനും അത്രയധികം മൂല്യമൊന്നും ഇല്ല. ഇത്രയൊക്കെ മതി എന്ന രീതിയിൽ ആരെയോ ബോധിപ്പിക്കാൻ ചെയ്യും പോലെയാണ് ഇവർ പ്രവർത്തിക്കുന്നത്. 

നികേഷ് , സോനു, (സ്വവർഗ ദമ്പതിമാർ)
നമ്മുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ് എന്നു മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് കോടതിയെ സമീപിച്ചത്. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന് പറയുന്നത്, അതിൽ വിവാഹത്തിനൊപ്പം വരുന്ന മറ്റ് അവകാശങ്ങളും കിട്ടണമെന്നുള്ളതുകൊണ്ടാണ്. അല്ലാതെ വെറുതെ കല്യാണം കഴിക്കുക എന്നതിനു വേണ്ടി മാത്രമല്ല സുപ്രീംകോടതിയെ സമീപിച്ചത്. ഞാനും സോനുവും ആറു വർഷമായി ഇതു പോലെ ജീവിക്കുന്നു. നമ്മുടെ നാട്ടിൽ ഹെറ്ററോ സെക്‌ഷ്വൽ ദമ്പതിമാർക്കു കിട്ടുന്ന ഒരവകാശങ്ങളും ഞങ്ങൾക്കില്ല. സർക്കാർ സ്ഥാപനങ്ങളിൽ പോകുമ്പോഴും ലോണിന് അപേക്ഷിക്കുമ്പോഴും ഇൻഷുറൻസ് എടുക്കുമ്പോഴും എല്ലായിടത്തും അതു വരുന്നുണ്ട്. അത് നമുക്ക് ശരിക്കും മനസ്സിലാക്കാനായവും. നമ്മുടെ നാട്ടിൽ ഭൂരിപക്ഷം വരുന്ന ഹെറ്ററോ സെക്‌ഷ്വൽസിനും അത് പറയുമ്പോൾ മനസ്സിലാകില്ല. .

sonu
നികേഷ്, സോനു, Image Credits: Instagram/sonu_nikesh

ഞങ്ങളുടെ വിവാഹം നിയമപരമല്ലാത്തതു കൊണ്ട് അവകാശങ്ങളൊന്നും ഇല്ലാതാക്കപ്പെടുന്നതുകൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. മനുവിന്റെ വീട്ടുകാർ, ഭൗതികശരീരം വേണ്ട എന്നു പറഞ്ഞപ്പോൾതേതന്നെ അത് ജെബിനു വിട്ടുകൊടുക്കണമായിരുന്നു. പക്ഷേ അവകാശങ്ങൾ ഒന്നും ഇല്ലാെത ജീവിക്കാൻ വിട്ട ആളുകളായാണ് ഞങ്ങളെ കാണുന്നത്. ഞങ്ങൾ നീതിക്കു വേണ്ടി എവിടെയൊക്കെ സംസാരിച്ചു, ശബ്ദം ഉയർത്തി. പക്ഷേ എവിടുന്നും നീതി കിട്ടിയില്ല.

ഇപ്പോഴും നീതി കിട്ടാതെ അലയേണ്ട ഒരു വിഭാഗമായി ഞങ്ങളെ ഇരുത്തിയിരിക്കുകയാണ്. സ്വത്തിൽ അടക്കം ഒരവകാശവും ഉന്നയിക്കാൻ പറ്റുന്നില്ല. ഒരുമിച്ചു ജീവിക്കാം എന്നതു മാത്രമാണ് സെക്‌ഷൻ 377 റദ്ദ് ചെയ്തതുകൊണ്ട് ഉണ്ടായത്. ദമ്പതിമാർ എന്ന നിലയ്ക്ക് ഞങ്ങൾ മുൻപും അങ്ങനെ തന്നെയാണ് ജീവിച്ചത്. ഇപ്പോൾ അതൊരു ക്രിമിനൽ കുറ്റമല്ല എന്നല്ലാതെ വേറൊന്നും മാറിയിട്ടില്ല. ഇത്തരമൊരു കേസ് പാർലമെന്റിൽ വന്നാൽ പാസായി വരണമെങ്കിൽ എത്രയോ വർഷമെടുക്കും. ഞങ്ങളുടെ പ്രായത്തിലുള്ളവരൊക്കെ അതിനകം മണ്ണിനടിയിൽ പോയിട്ടുണ്ടായിരിക്കും. വേദനാജനകമാണ് ഇത്. 

ഈ കേസ് വന്നപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ അനുഭവിക്കുന്ന വിഷമങ്ങൾ പുറത്തു വരുന്നത്. പങ്കാളിക്ക് അത്യാഹിതം സംഭവിച്ച സാഹചര്യത്തിൽ പോലും സർജറിക്ക് ഒപ്പിടാനുള്ള അധികാരം ഞങ്ങൾക്കില്ല. വീട്ടുകാർ ‍ഞങ്ങളെ അംഗീകരിച്ചതു കൊണ്ട് ഇത്രയും പ്രശ്നം വരുന്നില്ല എന്ന് മാത്രം. പക്ഷേ ഭൂരിപക്ഷം വരുന്ന ആൾക്കാരെയും ഈ സമൂഹം അംഗീകരിക്കുന്നില്ല. ഒരുപാട് വേദനകൾ അനുഭവിച്ചാണ് ഞങ്ങളെപ്പോലുള്ളവർ ഈ സമൂഹത്തിൽ ജീവിച്ചു വരുന്നത്. അതിന്റെ കൂടെ ഇതുപോലുള്ള സംഭവങ്ങൾ കൂടി വരുമ്പോൾ താങ്ങാൻ പറ്റുന്നില്ല.  

manu-jebin4
മനുവും ജെബിനും, Image Credits: Instagram/ manujebin

സ്വത്വം വെളിപ്പെടുത്താൻ ലെസ്ബിയൻ, ഗേ മനുഷ്യർ ഭയപ്പെടുന്ന സാഹചര്യമായി ഇത് മാറിയിരിക്കുന്നു. അപ്പോൾ പലർക്കും മറ്റു നിവൃത്തിയില്ലാതെ ഹെറ്ററോസെക്‌ഷ്വൽ ആളുകളെ വിവാഹം കഴിക്കേണ്ടിയും വരും. അത് വേറെ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടക്കും. 

ഞങ്ങളായിരുന്നു ഇന്ത്യയിൽ ആദ്യമായി സ്വവർഗ വിവാഹത്തിനു വേണ്ടി പെറ്റീഷൻ ഫയൽ ചെയ്തത്. ഞങ്ങൾ അതിനു തയാറായതു തന്നെ ഇതു മുഴുവൻ മുന്നിൽ കണ്ടിട്ടാണ്. ഞങ്ങൾ ഒന്നിച്ച് ജീവിച്ചു കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ ഈ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പൊതുവിടങ്ങളിലും മറ്റും ചെല്ലുമ്പോൾ ചിലർ ‘നിങ്ങളുടെ ബന്ധം എന്താ? നിങ്ങൾ കുണ്ടനല്ലേ, ചാന്ത്പൊട്ടല്ലേ?’ എന്നൊക്കെ ചോദിക്കും ഇങ്ങനെ കളിയാക്കപ്പെടുമ്പോൾ, നിയമ പരിരക്ഷ കൂടി ഇല്ലെങ്കിൽ പലരും സമൂഹത്തിൽനിന്നും ഉൾവലിയാൻ തുടങ്ങും, ഒറ്റപ്പെട്ടു പോകും. അത് വിഷമകരമാണ്. 

മനുവും ജെബിനും∙ Photo credit: Facebook\ Manu jebin
മനുവും ജെബിനും∙ Photo credit: Facebook\ Manu jebin

മനുവിന് നീതി ലഭിക്കട്ടെ എന്നാണ് ആത്മാർഥമായ ആഗ്രഹം. ദൈനംദിനം ഞങ്ങളും അനുഭവിക്കുന്നതാണിത്. 

പൊന്നു ഇമ, (ക്വീർ വ്യക്തി)
കുറെ നിയമങ്ങൾ വച്ചിട്ട്, നമ്മുടെ മരണവും ജീവിതവുമൊക്കെ ഒട്ടും ബഹുമാനം അർഹിക്കുന്നതല്ലാതെ പോകുന്നത് എങ്ങനെയാണ്. നോൺ നോർമാലിറ്റി ലൈഫിൽ പോകുന്ന ആൾക്കാരാണ് ഞങ്ങൾ. ഞങ്ങൾക്ക് അങ്ങനെയേ പറ്റൂ. അത് ഭൂരിപക്ഷത്തിനും മനസ്സിലാവുന്നില്ല എന്നതുകൊണ്ട് ഞങ്ങളുടെ ജീവിതം നിഷേധിക്കപ്പെടുകയാണ്.

ഏഴ് വർഷമായി മനുവും ജെബിനും ഒന്നിച്ച് ജീവിക്കുകയായിരുന്നു. കല്യാണം കഴിച്ചിട്ട് ഒരു വർഷമായി. എന്നിട്ടും അതിലൊരാൾ മരിച്ചപ്പോൾ ബോഡി വിട്ടു കിട്ടാൻ ഹൈക്കോടതി വരെ പോകേണ്ടി വരുന്നു എന്നത് പേടിയുണ്ടാക്കുന്നു. ഇങ്ങനെ ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് ഇവിടെ. വീട്ടുകാരൊക്കെ പ്രശ്നമായത് കൊണ്ട്, അവസാന അത്താണിയായി നമ്മുടെ കമ്യൂണിറ്റി, എന്റെ പാർട്ണർ, സുഹൃത്തുക്കൾ‌ തുടങ്ങിയവരുടെ പിന്തുണയുണ്ട് എന്ന സമാധാനത്തിൽ ജീവിക്കുന്നവർ. ഞങ്ങളുടെ മൊത്തം സമാധാനമാണ് ഇപ്പോൾ പോയത്. 

ponnu
പൊന്നു ഇമ, Image Credits: Instagram/ponnu_ima

ഞാൻ വളരെ പ്രിവിലേജ്ഡ് ആണ്. എനിക്ക് കുടുംബത്തിന്റെ പിന്കുണയുണ്ട്. പക്ഷേ, എനിക്കു പോലും പേടിയാവുകയാണ്. അങ്ങനെ അല്ലാതെ ജീവിക്കുന്ന, തുറന്നു പറഞ്ഞവരും അല്ലാത്തവരുമായ ഒരുപാട് മനുഷ്യരുണ്ട്. ജെബിന്റെയും മനുവിന്റെയും കാര്യമെടുത്താൽ, അവർ  വിവാഹത്തിലൂടെ ഒക്കെ അത്യാവശ്യം മുഖ്യധാരയിലേക്ക് എത്തിയിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത് കുറച്ചാളുകളെങ്കിലും അറിഞ്ഞതും അവർക്ക് കേസിന് പോകാൻ കഴിഞ്ഞതുമൊക്കെ. പക്ഷേ എത്ര ശരീരങ്ങൾ ഇതുപോലെ അൺക്ലെയിംഡ് ആയി പോയിട്ടുണ്ടാകും. മക്കൾ സ്വത്വം തുറന്നു പറഞ്ഞപ്പോൾത്തന്നെ, ‘ഞങ്ങളെ സംബന്ധിച്ച് അവർ മരിച്ചു കഴിഞ്ഞു’ എന്നുപറഞ്ഞ് തള്ളിക്കളഞ്ഞ ഒരുപാട് പാരന്റ്സിനെ കണ്ടിട്ടുണ്ട്. അതേസമയം പങ്കാളികൾക്ക് അവകാശവുമില്ല. ഇനിയും ഇനി എത്ര പേരുടെ കാര്യത്തിൽ ഇങ്ങനെയുണ്ടാകും എന്ന ആശങ്കയുണ്ട്.

മറ്റൊരു സംഗതി, ഈ കേസിലെ സർക്കാരിന്റെ നിലപാട് ആയിരുന്നു. ഒരു പ്രോ-ക്വീർ അല്ലെങ്കിൽ ട്രാൻസ്-റൈറ്റ് നിലപാടാണ് നമ്മുടെ സർക്കാരിന്റേതെന്നാണ് പൊതുവേ പറയുന്നത്. അത് നല്ല രീതിയിൽ ആഘോഷിക്കാറുമുണ്ട്. കൊച്ചി മെട്രോയുടെ കാര്യത്തിലും ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴുമൊക്കെ ഞങ്ങളുടെ കമ്യൂണിറ്റിക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുവെന്ന തോന്നലാണ് ഉണ്ടാകുന്നത്. പക്ഷേ മനുവിന്റെ കേസിൽ സർക്കാർ ഒരു നിലപാടെടുത്ത് അതു വ്യക്തമായി പറയേണ്ട സാഹചര്യമായിരുന്നു. അപ്പോൾ ഗവൺമെന്റ് പ്ലീഡർ പറഞ്ഞത്, കുടുംബത്തെ സമീപിക്കണം, അല്ലെങ്കിൽ നിയമപരമായി നിലനിൽക്കാത്ത പ്രശ്നങ്ങൾ ഉണ്ട് എന്നാണ്. 

manu-jebin1
മനുവും ജെബിനും, Image Credits: Instagram/ manujebin

ഞങ്ങളെ പിന്താങ്ങുന്നുവെന്നു പ്രഖ്യാപിച്ച് ആഗോളതലത്തിൽ പോലും ശ്രദ്ധ നേടിയ സംസ്ഥാനമാണ് കേരളം. ആ പിന്തുണ സത്യമാണോ അതോ ഒരു പിആർ സംഗതിയാണോ, അല്ലെങ്കിൽ വെറുതേ കാണിക്കാൻ വേണ്ടിയുള്ളതാണോ എന്നു സംശയിച്ചുപോകുകയാണ്. എല്ലാ കാലത്തും ഞങ്ങൾ ബുദ്ധിമുട്ടുന്നവരും നിങ്ങൾ സംരക്ഷകരായും തന്നെ നിൽക്കുന്ന സംവിധാനം തുടരാനാണോ ശ്രമം? കോടതിയിൽ നിർണായകമായ അഭിപ്രായം പറയേണ്ടപ്പോൾ ഇങ്ങനെ കമ്യൂണിറ്റിയെ സഹായിക്കാതിരിക്കുന്നത് ആദ്യമായിട്ടല്ല. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് അഭിപ്രായം ചോദിച്ചപ്പോൾ ഒന്നും മിണ്ടാതിരുന്ന സംസ്ഥാനമാണ് കേരളം. 

ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഒരു നിയമ പരിഗണനയുമില്ല. ജെൻഡർ ന്യൂനപക്ഷത്തിനാണ് ഇപ്പോൾ കുറച്ചെങ്കിലും ഇതുള്ളത്. ആർക്കെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ചെയ്താൽ മതി, അതുവഴി എല്ലാം പരിഹരിക്കപ്പെട്ടുകൊള്ളും എന്ന രീതി. ക്വീർ എന്ന് പറയുന്നതിനുള്ള വൈവിധ്യം അഭിമുഖീകരിക്കയാതെ ഇതൊന്നും ശരിയാകില്ല.

English Summary:

The Ongoing Battle for Queer Rights and Government Accountability in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com