ക്ലീവേജ് കാണുന്ന വസ്ത്രം ധരിച്ചാൽ അവൾ അങ്ങനെയാണോ? എന്താണ് സംഭവിച്ചതെന്ന് അവർക്കറിയില്ല: അഷിക അശോകൻ
Mail This Article
സമൂഹമാധ്യമത്തിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് അഷിക അശോകൻ. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് താരം. സ്വന്തം അച്ഛനെ ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹനിശ്ചയം മുടങ്ങിയപ്പോൾ നേരിട്ട സൈബർ ആക്രമണത്തെ കുറിച്ചും അഷിക മനസ്സു തുറന്നു. വസ്ത്രത്തിന്റെ പേരിലും മറ്റും നിരവധി തവണ സൈബർ ബുള്ളിയിങ് നേരിട്ടിട്ടുണ്ടെന്നും അഷിക വ്യക്തമാക്കി.
സൈബർ ബുള്ളിയിങ്ങിന്റെ അങ്ങേയറ്റം നേരിട്ടിട്ടുണ്ടെന്നും ഒരു വിഭാഗം ആളുകളാണ് ഇത്തരം പ്രവൃത്തികൾക്കു പിന്നിലെന്നും അഷിക പറഞ്ഞു. ‘‘കൃത്യമായ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള ധൈര്യം അവർക്കില്ല.മോശം വാക്കുകൾ കൊണ്ട് കമന്റ് ചെയ്യുന്നവരാണ് കൂടുതലും. അവരോട് പുച്ഛം മാത്രം. എന്റെ എൻഗേജ്മെന്റ് ബ്രേക്കായ സമയത്ത് സെലിബ്രിറ്റി ആയതിന്റെ അഹങ്കാരം കൊണ്ടാണ് വേണ്ടെന്നു വച്ചതെന്ന് പറഞ്ഞായിരുന്നു സൈബർ ആക്രമണം. എന്താണ് സംഭവിച്ചതെന്ന് എനിക്കും എന്റെ കുടുംബത്തിനും എന്റെ പേഴ്സണൽ സർക്കിളിനും മാത്രം അറിയുന്ന കാര്യമാണ്. കാര്യങ്ങൾ മൊത്തം അറിഞ്ഞിട്ട് ജഡ്ജ് ചെയ്യുകയാണെങ്കിൽ പോലും കുഴപ്പമില്ല. കുറച്ച് ക്ലീവേജ് കാണുന്ന വസ്ത്രമിട്ടാൽ അവൾ അങ്ങനെയാണെന്ന് പറയും. അതെനിക്ക് ഇതുവരെ മനസിലായില്ല. ഷോർട്ട് സ്കർട്ട് ഇടുന്ന കുട്ടികളൊക്കെ മോശമാണോ?’’–അഷിക ചോദിച്ചു.
‘‘ഞാൻ റോഡിൽ പോയി ഒരു പയ്യനോട് സംസാരിച്ചാൽ അവൻ എന്റെ ബോയ്ഫ്രണ്ടാണ്. ഞാൻ ഏത് ഷോർട്ട് ഫിലിമിൽ വർക്ക് ചെയ്താലും ഹീറോ എന്റെ ബോയ്ഫ്രണ്ടാണ്, എന്റെ കുടുംബാംഗങ്ങളോ സുഹൃത്തോ രണ്ട് മൂന്ന് കമന്റ് അധികം ഇട്ടാൽ അവൻ എന്റെ ബോയ്ഫ്രണ്ടാണെന്ന് പറയും.’’– അഷിക കൂട്ടിച്ചേർത്തു. പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിട്ടും നല്ലൊരു കോളജില്‍ പഠിക്കുന്നത് അച്ഛൻ എതിർത്തതിനെ കുറിച്ചും അഷിക വ്യക്തമാക്കി. ‘‘ചെറുപ്പത്തിൽ തന്നെ എന്റെ അച്ഛനും അമ്മയും വേർപ്പിരിഞ്ഞിരുന്നു. ഞാന്‍ നന്നായി പഠിച്ചിരുന്നു. പ്ലസ് ടുവിന് നല്ല മാര്‍ക്കുണ്ടായിരുന്നു. നല്ലൊരു കോളേജില്‍ പഠിപ്പിക്കണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നു. വലിയൊരു കോളജിൽ അഡ്മിഷനും കിട്ടി. പക്ഷേ അവിടുത്ത ഫീസ് താങ്ങാന്‍ പറ്റുന്നതിലുമായിരുന്നു. അതിനാല്‍ അച്ഛനോട് ഒന്ന് ചോദിച്ചു നോക്കെന്ന് അമ്മ പറഞ്ഞു. അമ്മ തന്നെയാണ് അച്ഛനോട് സംസാരിച്ചത്. അവളെ വല്ല പാരലല്‍ കോളജിലും വിട്ടു പഠിപ്പിക്കൂ എന്നായിരുന്നു അച്ഛന്റെ മറുപടി. അതെനിക്ക് ഭയങ്കര ഷോക്കായിരുന്നു. അച്ഛന്‍ അങ്ങനെ പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സങ്കടമല്ല. എന്തുകൊണ്ട് എന്നോട് ഇങ്ങനെ എന്നായിരുന്നു ചിന്തിച്ചത്.’’– അഷിക പറഞ്ഞു.
‘‘അച്ഛനെ ആദ്യമായി കാണുന്നത് എനിക്ക് ഒന്നര വയസുള്ളപ്പോഴാണ്. എനിക്ക് ഓര്‍മയില്ല. എനിക്ക് പനി പിടിച്ചപ്പോള്‍ എല്ലാവരും പറഞ്ഞ് അച്ഛന്‍ വന്നു. അന്ന് അച്ഛന്‍ എനിക്കൊരു സമ്മാനം തന്നിരുന്നു. അതിപ്പോഴും എന്റെ കയ്യിലുണ്ട്. ഞാനത് കളഞ്ഞിട്ടില്ല. അച്ഛന്‍ ദുബായിലായിരുന്നു. അച്ഛന്‍ വരുമ്പോള്‍ അച്ഛനോട് സംസാരിക്കാനുള്ള കൊതിയും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അച്ഛന് അപ്പോഴും എന്നോട് ഭയങ്കര അകല്‍ച്ചയായിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ വീക്കെന്‍ഡ് എല്ലാവരുടെയും അച്ഛനും അമ്മയും അവരെ കൂട്ടാൻ വരും. അപ്പോള്‍ അച്ഛന്റെ കുറവ് വേദനിപ്പിച്ചിരുന്നു. അന്ന് ഒരു ദിവസത്തെ ലീവുമെടുത്ത് അമ്മ അനിയനെയും കൂട്ടി കൊയമ്പത്തൂര്‍ വരെ വരുമായിരുന്നു. അച്ഛന്‍ കൂടെയില്ലാത്തതിന്റെ വിഷമമുണ്ടായിരുന്നു പക്ഷേ. ഞാന്‍ മാത്രമല്ല, സിംഗിള്‍ പാരന്റ് ആയിട്ടുള്ള കുട്ടികളൊക്കെ അത് അനുഭവിച്ചിട്ടുണ്ടാകും. ഒരു കുട്ടിയുടെ ഇമോഷണല്‍ ഹെല്‍ത്തില്‍ അവരുടെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തിനു കരുതലിനും വലിയ പങ്കുണ്ട്.’’– അഷിക കൂട്ടിച്ചേർത്തു.